ADVERTISEMENT

1982ൽ മധ്യപ്രദേശിലെ സെഹോർ ജില്ലയിൽ നർമദാ നദീതീരത്തു സ്ഥിതി ചെയ്യുന്ന ഗ്രാമമായ ഫത്‌നോറയിൽ തിരച്ചിൽ നടത്തിയ ഡോ.അരുൺ സോനാകിയ എന്ന ജിയോളജിസ്റ്റിനും സംഘത്തിനും ഒരു തലയോട്ടി കിട്ടി. പൂർണമായ ഒരു തലയോട്ടിയായിരുന്നില്ല അത്. താടിഭാഗവും മറ്റും പൊടിഞ്ഞു നശിച്ചിരുന്നു. ചരിത്രാതീത കാലത്തെ ചില പണിയായുധങ്ങളും മറ്റും ഇതോടൊപ്പം കണ്ടുകിട്ടിയിരുന്നു. ഈ തലയോട്ടി ഫോസിലിൽ തുടർ പരിശോധനകൾ നടത്തിയ സോനാകിയ ഹോമോ ഇറക്ടസ് എന്ന ആദിമനരവിഭാഗത്തിൽപെട്ട ഒരു വ്യക്തിയുടേതാണു ഫോസിലെന്നു കണക്കാക്കി. 5 മുതൽ 6 ലക്ഷം വർഷം വരെയാണ് ഇതിന്റെ പഴക്കമമെന്നായിരുന്നു സോനാകിയയുടെ അനുമാനം. 

മരിക്കുമ്പോൾ 25 നും 30 നും ഇടയിൽ പ്രായമുള്ളയാളായിരുന്നു ആ മനുഷ്യൻ എന്ന് അദ്ദേഹം കുറിച്ചു. താമസിയാതെ ജിയോളജിക്കൽ സർവേയുടെ ഏറ്റവും ശ്രദ്ധേയമായ ഫോസിൽ കണ്ടെത്തലായി ഇതു മാറി. സോനാകിയ ‘നർമദാ മാൻ’ എന്ന പേര് ആ തലയോട്ടിക്കു നൽകി.വെറുമൊരു തലയോട്ടിയായിരുന്നില്ല അത്. ഒരു രാജ്യത്തിന്റെ ലക്ഷക്കണക്കിനു വർഷങ്ങളുടെ ചരിത്രത്തിനു മൗനസാക്ഷിയായി നിലകൊണ്ട ആ തലയോട്ടി ഇന്ത്യയിൽ കണ്ടെടുത്തിട്ടുള്ള ഏറ്റവും മൂല്യമുള്ള ഫോസിലുകളിലൊന്നാണ്. രാജ്യത്തു കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴക്കമുള്ള മനുഷ്യഫോസിൽ എന്നുള്ള ഇതിന്റെ സവിശേഷതയാണ് ആ മൂല്യത്തിനു കാരണം.

ഹോമോ ഇറക്ടസ് എന്ന പ്രാചീന നരവംശത്തിൽ ഉൾപ്പെട്ടതാകാം ഈ ഫോസിലെന്നുതന്നെയാണ് എല്ലാ ഗവേഷകരും ഇതെപ്പറ്റി അനുമാനിച്ചത്. ഒരു ലക്ഷം  മുതൽ 18 ലക്ഷം  വരെ വർഷം മുൻപുള്ള കാലയളവിലാണു ഹോമോ ഇറക്ടസ് ഭൂമിയിലുണ്ടായിരുന്നത്. ഈ വിഭാഗത്തിൽ നിന്ന് ഇന്ത്യയിൽ ആ കാലഘട്ടത്തിലെ ശിലാഉപകരണങ്ങൾ കണ്ടുകിട്ടിയതൊഴിച്ച് ഫോസിലുകളൊന്നും അതുവരെ കണ്ടെത്തിയിരുന്നില്ല. നരവംശത്തിന്റെ പരിണാമം ശാസ്ത്രത്തിലെ ഏറ്റവും സജീവവും ചർച്ചനടക്കുന്നതുമായ ഒരു മേഖലയാണ്. ഓസ്ട്രലോപിക്കസ് എന്ന ആദിമജീവിക്കു ശേഷമാണ് മനുഷ്യർ ഉൾപ്പെടുന്ന ഹോമോ ജീവികുടുംബത്തിന്റെ ആവിർഭാവം. ഹോമോ ഹാബിലിസ് എന്ന ജീവിവർഗമാണ് ഈ കുടുംബത്തിലെ ആദ്യ അംഗങ്ങൾ. പിന്നെയും തുടർന്ന പരിണാമപ്രക്രിയയിലാണ് ഹോമോ ഇറക്ടസ് ലോകത്തെത്തുന്നത്. 

1891ൽ ഇന്തൊനീഷ്യയിലെ ജാവയിൽ നിന്നാണ് ഹോമോ ഇറക്ടസ് വിഭാഗത്തിലെ ആദ്യ ഫോസിൽ കിട്ടുന്നത്. ഡച്ച് സർജനായ യൂജീൻ ഡുബോയിസാണ് ഇതു കണ്ടെടുത്തതും പരിശോധിച്ചതും. ഒരു തലയോട്ടിയുടെ മുകൾഭാഗവും തുടയെല്ലും വിരലുകളുടെ അവശേഷിപ്പുകളും അടങ്ങിയതായിരുന്നു അത്. പിത്തേകാന്ത്രോപ്പസ് ഇറക്ടസ് എന്നാണ് ഡുബോയിസ് ഇതിനെ വിളിച്ചതെങ്കിലും ജാവാമാൻ എന്ന പേരിലാണ് ഈ ഫോസിൽ പ്രശസ്തമായത്. പിന്നീട് ഇന്തൊനീഷ്യയിൽ നിന്ന് പല സമയങ്ങളിലായി ഹോമോ ഇറക്ടസ് ഫോസിലുകൾ കണ്ടെത്തി.

1920ൽ ചൈനയിൽ നിന്ന് ഇരുന്നൂറോളം ഹോമോ ഇറക്ടസ് ഫോസിലുകൾ കണ്ടെത്തി. നാൽപതിലധികം വ്യക്തികളുടെ അസ്ഥികളും തലയോട്ടികളുമായിരുന്നു ഇവ. ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിനു സമീപമുള്ള സൂകോഡിയൻ എന്ന പ്രാചീനമേഖലയിൽ നിന്നായിരുന്നു ഇവ കണ്ടെത്തിയത്.ഹോമോ ഇറക്ടസ് പല കാര്യങ്ങളിലും ആദിമ മനുഷ്യനുമായി സാമ്യം പുലർത്തിയിരുന്നു. ആഫ്രിക്കയിൽ നിന്നു പുറത്തു കടന്ന് ലോകം മുഴുവൻ വ്യാപിച്ച ആദ്യ നരവംശമായി ശാസ്ത്രജ്ഞർ ഹോമോ ഇറക്ടസിനെ കണക്കാക്കുന്നു. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വൻകരകളിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഉയരമുള്ള ശരീരവും മുൻഗാമികളിൽ നിന്നു വ്യത്യസ്തമായി വലുപ്പമേറിയ തലച്ചോറും ഇവയ്ക്കുണ്ടായിരുന്നു, എന്നാൽ ആധുനിക മനുഷ്യനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയുടെ തലച്ചോറിന്റെ വലുപ്പം കുറവുമാണ്. 

ഇടക്കാലത്ത് ശിലകൾ ഉപയോഗിച്ച് ആയുധങ്ങൾ നിർമിക്കുന്നതിലും ഈ വംശം വിജയം നേടി. ഹോമോ ഇറക്ടസ് മനുഷ്യർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ശിലായുധങ്ങളെ അക്യൂലിയൻ ടൂൾസ് എന്നാണു വിളിക്കുന്നത്. കല്ലുകെട്ടിയുണ്ടാക്കിയ കൈക്കോടാലികളും മറ്റുമടങ്ങിയതാണ് ഇവ. മാംസമായിരുന്നു ഇവരുടെ പ്രധാന ആഹാരം. ചത്തുവീഴുന്ന മൃഗങ്ങളെയും പക്ഷികളെയും ശേഖരിച്ചു ഭക്ഷണമാക്കിയിരുന്ന ഇവർ പിന്നീട് വേട്ടയാടാനും സിദ്ധി നേടി. തീ ഉപയോഗിക്കാനും ഇവർക്ക് കഴിഞ്ഞുവെന്നാണ് ഒരു വിഭാഗം നരവംശ ശാസ്ത്രജ്ഞർ പറയുന്നത്. തീയെ നിയന്ത്രിക്കാനും ഉപയോഗിക്കാനും ശേഷി നേടിയ ആദ്യ നരവംശമാകും ഒരു പക്ഷേ ഇവർ.

ഇന്ത്യയുടെ ചരിത്രാതീത കാലത്തെക്കുറിച്ച് വലിയ ചർച്ചകൾക്കും മാറ്റിയെഴുതലുകൾക്കും വഴിവച്ച ഒരു ഫോസിലാണു നർമദാ മാൻ. രാജ്യത്ത് ആധുനിക നരവംശം പ്രബലമാകുന്നതിനു മുൻപുള്ള കാലത്തെ ഏക നരശേഷിപ്പ് എന്ന സവിശേഷത ഇതു പേറുന്നു. നർമദാമാന്റെ വംശവും പഴക്കവും സംബന്ധിച്ച് വലിയ തർക്കങ്ങളുണ്ട്. അരുൺ സോനാകിയ 5 മുതൽ 6 ലക്ഷം വർഷങ്ങൾ ഇതിനു പഴക്കം നിർണയിച്ചപ്പോഴും എല്ലാ നരവംശ ശാസ്ത്രജ്ഞ‌ർക്കും ഇതേ അഭിപ്രായമല്ല. രണ്ടര മുതൽ ഒന്നര ലക്ഷം വർഷം വരെയാണ് ഇതിന്റെ പഴക്കമെന്നാണ് അഹമ്മദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറിയുടെ വാദം.

കലിഫോർണിയ സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞനായ കെന്നത്ത് എആർ കെന്നഡിയുടെ നേതൃത്വത്തിൽ നർമദാ മാനിൽ പഠനങ്ങൾ നടത്തിയിരുന്നു. ഇത് ഹോമോ ഇറക്ടസ് അല്ലെന്നും മറിച്ച് ആധുനിക നരവംശത്തിലെ ആദ്യകാല അംഗങ്ങളിൽ ഒരാളുടേതാണെന്നും കെന്നത്ത് പറഞ്ഞു. നർമദാ മാൻ പേര് സൂചിപ്പിക്കുന്നതു പോലെ ഒരു പുരുഷനല്ലെന്നും മറിച്ച് ഒരു സ്ത്രീയാണെന്നും ശക്തമായ വാദങ്ങളുണ്ട്. ഇതു കണ്ടെത്തിയ ഡോ. അരുൺ സോനാകിയയുടെ സംഘങ്ങളും ഈ വാദം ഉയർത്തിയിരുന്നു.ഈ തലയോട്ടിയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്കും തർക്കങ്ങൾക്കും വിരാമമില്ല. ഏതായാലും നർമദാ മാൻ സുഖസുഷുപ്തിയിലാണ്. ഇന്ത്യയുടെ ആദിമ ചരിത്രവും പേറി. 

English Summary:

Ancient Fossil Unveiled: Discover the Secrets of Narmada Man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com