ADVERTISEMENT

അഗ്നിപർവതം എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് വരുന്ന ചിത്രം ചുവന്ന നിറത്തിൽ ആവിയും തീയും തുപ്പിക്കൊണ്ട് ഭൂമിയുടെ ഉപരിതലത്തിലേക്ക് പതഞ്ഞൊഴുകുന്ന ലാവയുടേതാണ്. നിമിഷനേരം കൊണ്ട് സമീപത്തുള്ള സസ്യലതാദികളെയും പക്ഷിമൃഗാദികളെയും എരിച്ചെടുക്കാൻ ശക്തിയുള്ള ലാവ. ഭൂമിക്കുള്ളിൽ ആയിരിക്കുമ്പോൾ ഈ ലാവ മാഗ്മ എന്നാണ് അറിയപ്പെടുന്നത്. ദ്രവരൂപത്തിലോ, ബാഷ്പമായോ, രണ്ടും ചേർന്നോ ഇത് ഭൂമിയുടെ പുറത്തേക്ക് ഒഴുകുന്നു. ഇത്തരത്തിൽ ഭീതി ജനിപ്പിക്കുന്ന അഗ്നിപർവ്വതങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വിനാശകാരിയാണ് മൗണ്ട് എറ്റ്ന.'ഞാൻ എരിയുന്നു' എന്ന് അർത്ഥം വരുന്ന എയ്റ്റ്നേ എന്ന ഗ്രീക്കുപദത്തിൽ നിന്നാണ് എറ്റ്നയുടെ ഉത്ഭവം.

ഇറ്റലിയിലെ സിസിലി പ്രവിശ്യയുടെ  കിഴക്കേതീരത്തുള്ള ഒരു സജീവ അഗ്നിപർവതമാണ് എറ്റ്ന. ഏത് നിമിഷവും പൊട്ടാൻ സാധ്യതയുള്ള ഈ അഗ്നിപർവ്വതത്തെ അല്പം ഭീതിയോടെയാണ് ഏവരും നോക്കിക്കാണുന്നത്. 3,263 മീറ്റർ ആണ്  മൗണ്ട് എറ്റ്നയുടെ ഉയരം. എന്നാൽ സജീവ അഗ്നിപർവതമായതിനാൽ തന്നെ തുടരെത്തുടരെയുള്ള സ്ഫോടനങ്ങളെ തുടർന്ന് എറ്റ്നയുടെ ഉയരം  കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും യൂറോപ്പിലെ സജീവ അഗ്നിപർ‌‌വതങ്ങളിൽ ഏറ്റവും ഉയരം കൂടിയ അഗ്നിപർവതമാണ് എറ്റ്ന. സിസിലിയിലെ ജനങ്ങൾ ഈ പർ‌‌വതത്തെ മോങ്ഗിബെലോ എന്നാണ് വിളിക്കുന്നത്. ബി. സി. 1500 മുതൽ എ. ഡി. 1971 വരെയുള്ള കാലത്തിനിടയിൽ 109 സ്പോടനങ്ങൾ ഉണ്ടായതായി രേഖപ്പേടുത്തിയിട്ടുണ്ട്.

ഏകദേശം 600  വർഷത്തിനടുത്ത് പഴക്കമുള്ള ഇയോസീൻ മണൽക്കല്ലുകളും ചുണ്ണാമ്പുകല്ലുകളും ആണ് ഈ പർ‌‌വതത്തിന്റെ അടിത്തട്ടിലുള്ളത്. 5 ലക്ഷം വർഷത്തോളം പഴക്കം ഈ അഗ്നിപർവ്വതത്തിനു ഉണ്ടെന്നാണ് കണക്കാക്കുന്നത്. 2700 വർഷങ്ങളായി മൗണ്ട് എറ്റ്നയുടെ സ്ഫോടനങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മറ്റ് അഗ്നിപർവ്വതങ്ങളിൽ നിന്നും വ്യത്യസ്തമായി രണ്ട് മുഖങ്ങൾ മൗണ്ട് എറ്റ്നക്ക് ഉണ്ട്.1669 ലെ സ്പോടനത്തിൽ പ്രധാനപർ‌‌വതത്തിന്റെ ശീർഷം ഇടിഞ്ഞുതാണതിന്റെ ഫലമായി 2,440 മീറ്റർ വ്യാസമുള്ള ഒരു ക്രേറ്റർ തടാകം രൂപപ്പെട്ടിട്ടുണ്ട്.

മൗണ്ട് എറ്റ്നയെ സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങളും കഥകളും സിസിലിയിൽ നിലനിൽക്കുന്നു. പർ‌‌വതത്തിനടിയിൽ ശയിക്കുന്ന ടൈഫോൺ എന്ന രാക്ഷസൻ അനങ്ങുന്നതിന് അനുസൃതമായാണ് അഗ്നിപർവതം പൊട്ടുന്നത് എന്നാണ് ഒരു വിശ്വാസം. പർ‌‌വതത്തിന്റെ അന്തർഭാഗം സൈക്ലോപ്സ് എന്നറിയപ്പെട്ടിരുന്ന ഒറ്റക്കണ്ണുള്ള രക്ഷസുകളുടെ താവളമാണെന്നാണ് മറ്റൊരു വിശ്വാസം. 1669-ലാണ് അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വിനാശകരമായ സ്ഫോടനം നടന്നത്. ഒട്ടേറെ ഗ്രാമങ്ങളും അതിലെ ജീവജാലങ്ങളും സ്‌ഫോടനത്തിൽ ഇല്ലാതായി. 20000  ആളുകളാണ് അന്ന്  കൊല്ലപ്പെട്ടത്. 

എന്നാൽ അഗ്നിപർവത സ്ഫോടന ഫലമായുണ്ടാകുന്ന ലാവ പൊടിഞ്ഞുണ്ടാകുന്ന മണ്ണ് കൃഷിക്ക് ഏറെ ഗുണകരമാണ്. അതിനാൽ തന്നെ എറ്റ്നയുടെ സമീപപ്രദേശങ്ങളിൽ ആണ്ടിൽ അഞ്ചു തവണയോളം വിളവിറക്കാം എന്നപ്രത്യേകത ഇവിടത്തെ നിലങ്ങൾക്കുണ്ട്. മുന്തിരി, ഒലീവ്, നാരകം, ആപ്പിൾ, ചെറി, പിസ്റ്റാഷ്യോ, ഹേസെൽനട്ട്  എന്നിവയെല്ലാം പ്രധാന വിളകളാണ്. അതിനാൽ തന്നെഅടിക്കടി ഉണ്ടാകുന്ന ഭീകര സ്ഫോടനങ്ങൾ തലവേദനയാണ് എങ്കിലും രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് എറ്റ്ന ഒരു മുതൽ കൂട്ടാണ്. 

English Summary:

Mount Etna's Fiery Wrath: A History of Europe's Tallest Active Volcano

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com