ADVERTISEMENT

അടുത്തിടെ പുറത്തിറങ്ങിയൊരു മലയാളചിത്രത്തിൽ എറണാകുളം മഞ്ഞുമ്മൽ ഗ്രാമത്തിൽ നിന്നുള്ള യുവാക്കളിലൊരാൾ കൊടൈക്കനാലിലെ ഗുണക്കേവ്സിൽ കുടുങ്ങിയതും പിന്നീട് നടത്തിയ രക്ഷാപ്രവർത്തനവുമൊക്കെ വിഷയമാക്കിയിരുന്നു. മരണത്തോട് മുഖാമുഖം കണ്ട് അദ്ഭുതകരമായി രക്ഷപ്പെട്ട പല സംഭവങ്ങളും ലോകത്തു പലയിടത്തുമുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറെ പ്രശസ്തമാണ് ആരൺ റാൽസ്റ്റണിന്റെ രക്ഷപ്പെടൽ.

പർവതാരോഹകനായ ആരൺ റാൽസ്റ്റൻ  യുഎസിലെ ഉട്ടായിലുള്ള ബ്ലൂ ജോൺ എന്ന മലയിടുക്കിൽ കുടുങ്ങിയിരുന്നു. ഒരു വലിയ പാറക്കഷ്ണം അദ്ദേഹത്തിന്റെ കൈയിൽ വീണു. കൈ പുറത്തെടുക്കാൻ റാൽസ്റ്റനു കഴിയാത്തതിനാൽ 127 മണിക്കൂറുകളോളം (5 ദിവസം) അദ്ദേഹം മരണത്തെ പ്രതീക്ഷിച്ച് അവിടെ കഴിഞ്ഞു കൂടി. പിന്നീട് പാറയിൽ കുടുങ്ങിയ കൈ അറുത്തുമാറ്റിയാണ് അദ്ദേഹം രക്ഷ നേടിയത്. ലോകമെങ്ങും ശ്രദ്ധ നേടുകയും ചർച്ചയ്ക്കു വഴിയൊരുക്കുകയും ചെയ്ത സംഭവമാണ് ഇത്.

മറ്റൊരു സംഭവത്തിൽ വളരെ വിസ്മയകരമായ രക്ഷപ്പെടലാണ് ഓസ്‌ട്രേലിയക്കാരിയായ ഈവ വിസ്‌നീർസ്‌കയ്ക്കു സംഭവിച്ചത്. പാരഷൂട്ട് ഗ്ലൈഡറായ ഈവ അടുത്തിടെ നടക്കാൻ പോകുന്ന ലോക പാരഗ്ലൈഡിങ് ചാംപ്യൻഷിപ്പിനായി തയാറെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ഈവ പരിശീലനപ്പറക്കൽ നടത്തി. എന്നാൽ ഈവയെ കാത്ത് ഒരു ദുരന്തം കൊടുങ്കാറ്റിന്റെ രൂപത്തിൽ വരാനുണ്ടായിരുന്നു.

അതിതീവ്ര വേഗത്തിൽ വീശിയടിച്ച കാറ്റിൽപെട്ട് ഈവ പാരഷൂട്ടോടെ പറന്നു പൊങ്ങി. തറനിരപ്പിൽ നിന്നു പത്തു കിലോമീറ്ററോളം പൊക്കത്തിൽ അവർ ചെന്നുപെട്ടു. ഏകദേശം എവറസ്റ്റ് കൊടുമുടിയേക്കാൾ ഉയരത്തിൽ.

ഉയരങ്ങളിലേക്കു പോകുന്തോറും ഓക്‌സിജൻ കുറയും. ശരീരത്തിൽ ഓക്‌സിജൻ കുറഞ്ഞതോടെ ഈവ ബോധരഹിതയായി. അവരുടെ ശരീരം മുഴുവൻ മഞ്ഞുമൂടാൻ തുടങ്ങി. ഫ്രോസ്റ്റ് ബൈറ്റ് എന്നറിയപ്പെടുന്ന മഞ്ഞുകടി അവരുടെ ശരീരത്തിൽ പലഭാഗത്തും സംഭവിച്ചു. 

ഓറഞ്ചിന്റെ വലുപ്പമുള്ള മഞ്ഞുകട്ടകൾ അവരുടെ ദേഹത്തേക്കു തെറിച്ചു കുത്തിനോവിച്ചു. എന്നാൽ ഒരു മണിക്കൂറിനു ശേഷം ബോധം വന്നപ്പോൾ അവർ സുരക്ഷിതയായി പുറപ്പെട്ടിടത്തു നിന്നു 60 കിലോമീറ്ററോളം അകലെ തിരിച്ചെത്തി. ഇതേ കൊടുങ്കാറ്റിൽ ഷോങ്പിൻ എന്ന മറ്റൊരു പാരഷൂട്ട് പറക്കലുകാരനും ഇത്രയും ഉയരത്തിലെത്തിയിരുന്നു. എന്നാൽ ഷോങ്പിൻ മരിച്ചു.

tsutomu-yamaguchi
Tsutomu Yamaguchi. Photo credit: : High on History/X

രക്ഷപ്പെടലുകളിൽ ഏറെ പ്രശസ്തമായ കഥയാണ് ജപ്പാൻകാരനായ സുതോമു യമഗൂച്ചിയുടേത്. 2010ൽ തന്റെ 94ാം വയസ്സിൽ അന്തരിച്ച യമഗൂച്ചി രക്ഷപ്പെട്ടത് ചില്ലറ ദുരന്തത്തിൽ നിന്നൊന്നുമല്ല, ആണവ ബോംബ് സ്‌ഫോടനത്തിൽ നിന്നായിരുന്നു യമഗൂച്ചിയുടെ രക്ഷപ്പെടൽ. അതും ഒന്നല്ല, രണ്ടു തവണ. യുഎസ് ജപ്പാനിൽ ആണവസ്‌ഫോടനം നടത്താൻ പദ്ധതിയിടുമ്പോൾ 29 വയസ്സുള്ള യുവാവായിരുന്നു യമഗൂച്ചി. 1945 ഓഗസ്റ്റ് ആറിന് യുഎസ് ഹിരോഷിമയിൽ ആദ്യ ബോംബിട്ടു. അന്ന് യമഗൂച്ചി മരിച്ചില്ലെങ്കിലും പരുക്കുകൾ പറ്റി. ഇതു ചികിത്സിക്കാനായി അദ്ദേഹം തൊട്ടടുത്ത ദിവസം നാഗസാക്കി നഗരത്തിൽ എത്തി. എന്നാൽ ഒരു ദിവസം കൂടി കഴിഞ്ഞപ്പോൾ യുഎസ് നാഗസാക്കിയിലും ആറ്റംബോംബിട്ടു. യമഗൂച്ചി ഇത്തവണയും അദ്ഭുതകരമായി രക്ഷപ്പെട്ടു.

1978ൽ അനറ്റോളി ബുഗോർസ്‌കി എന്ന റഷ്യൻ ശാസ്ത്രജ്ഞൻ, വമ്പൻ സോവിയറ്റ് ആണവപരീക്ഷണ ശാലയായ യു70 സിങ്ക്രോട്ടണിൽ പരീക്ഷണങ്ങളിൽ ഏർപെട്ടു നിൽക്കുകയായിരുന്നു. എന്നാൽ ഇടയ്ക്ക് എന്തോ തകരാർ സംഭവിച്ചതിനാൽ ആണവ പരീക്ഷണശാലയിൽ തടസ്സം നേരിട്ടു. ഇതെന്തു കൊണ്ടാണെന്നു നോക്കാൻ പോയ ബുഗോർസ്‌കിയുടെ തലയിലേക്ക് അതീവ ഊർജമുള്ള ഒരു കണികാബീം പതിച്ചു. നൊടിയിടയിൽ മരണം സംഭവിക്കേണ്ട ഒരു അപകടമായിരുന്നെങ്കിലും ബുഗോർസ്‌കി രക്ഷപ്പെട്ടു.

ക്രൊയേഷ്യക്കാരനായ ഫ്രേൻ സെലക് തന്റെ ജീവിത കാലയളവിനിടയിൽ ഏഴ് തവണയാണു മരണത്തിന്റെ പിടിയിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇതെല്ലാം അതിജീവിച്ച് 87 വയസ്സുവരെ അദ്ദേഹം ജീവിച്ചു.

ക്രൊയേഷ്യയിൽ 1929 ജൂൺ 14നു ജനിച്ച സെലക് ഒരു സംഗീത അധ്യാപകനായിരുന്നു. 1962ൽ 32 വയസ്സുള്ളപ്പോൾ ബോസ്‌നിയയിലെ സാരായെവോ നഗരത്തിൽ നിന്നു ക്രൊയേഷ്യയിലെ ഡുബ്രോവ്‌നിക് നഗരത്തിലേക്കു തീവണ്ടിയിൽ പോകുകയായിരുന്നു സെലക്. എന്നാൽ തീവണ്ടി വഴിമധ്യേ പാളം തെറ്റി. 17 പേർ അപകടത്തിൽ മരിച്ചു. പുഴയിലേക്കു വീണെങ്കിലും ആരോ അദ്ഭുതകരമായി സെലകിനെ രക്ഷിച്ചു. പിന്നീട് 6 തവണ കൂടി അദ്ദേഹം അപകടങ്ങളിൽ പെട്ടു. 2003ൽ പത്തുകോടിയോളം തുക വരുന്ന ഒരു ലോട്ടറി സെലകിന് അടിച്ചു. 2010ൽ ഈ സമ്പാദ്യം മുഴുവൻ തന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വീതിച്ചു നൽകിയ ശേഷം സെലക് ലളിതജീവിതം തുടങ്ങി. 2016ൽ അദ്ദേഹം അന്തരിച്ചു.

English Summary:

Trapped in the canyon for 5 days; Finally, he amputated his hand to escape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com