ADVERTISEMENT

ചെങ്ങന്നൂർ ∙ കാരയ്ക്കാട് പണിക്കേഴ്സ് ഗ്രാനൈറ്റ്സ് ആക്രമിച്ച ശേഷം വിഗ്രഹം കവർച്ച ചെയ്തെന്ന കേസിൽ വഴിത്തിരിവ്. ആക്രമണമുണ്ടായതോടെ കേസ് ബലപ്പെടുത്താൻ ഉടമകളുടെ നിർദേശപ്രകാരമാണ് വിഗ്രഹം കവർച്ച ചെയ്യപ്പെട്ടെന്നു മൊഴി നൽകിയതെന്ന്, ആക്രമണത്തിൽ പരുക്കേറ്റ ജീവനക്കാരൻ പൊലീസിനു മൊഴി നൽകി.പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു കേസ് അന്വേഷണത്തെ വഴിതെറ്റിക്കുന്നവിധം മൊഴി നൽകിയതിന് സ്ഥാപന ഉടമകളായ മഹേഷ്പണിക്കർ, പ്രകാശ് പണിക്കർ എന്നിവർക്കെതിരെ കേസെടുത്തതായി ഡിവൈഎസ്പി പി.വി.ബേബി പറഞ്ഞു.

ജീവനക്കാരനായ രാജീവിന്റെ മൊഴി പ്രകാരമാണു കേസെടുത്തത്. സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരന്റെ നേതൃത്വത്തിൽ എത്തിയ സംഘം തൊഴിലാളികളെ മാരകമായി പരുക്കേൽപിച്ച് വിഗ്രഹം കവർന്നു എന്നാണ് ഉടമകൾ അറിയിച്ചത്. ഈ വിഗ്രഹം അടുത്ത ദിവസം സ്ഥാപനത്തിനു മുന്നിലെ കനാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ആക്രമണം നടത്തിയവർ സ്ഥലം വിട്ട ശേഷമാണു വിഗ്രഹം ഓഫിസ് മുറിയിൽ നിന്നു മാറ്റിയതെന്നു ഡിവൈഎസ്പി പറഞ്ഞു.

പിന്നീട്, സ്ഥാപന ഉടമകൾ തന്നെയാണ് വിഗ്രഹം കനാലിൽ ഉപേക്ഷിച്ചതെന്നാണു പൊലീസ് കരുതുന്നത്. വിഗ്രഹത്തിനു കേടുപാടുകൾ ഇല്ലാതിരുന്നത് , അത് സുരക്ഷിതമായി കനാലിൽ ഇറക്കിവച്ചതാകാമെന്ന നിഗമനത്തിൽ പൊലീസ് എത്താനിടയാക്കി. വിഗ്രഹത്തിന് 2 കോടി രൂപ വിലമതിക്കുമെന്ന ഉടമകളുടെ വാദവും പൊലീസ് തള്ളിയിരുന്നു. വിരലടയാളങ്ങൾ ശേഖരിച്ച ശേഷം വിഗ്രഹം  ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.

പ്രതികളെ കിട്ടിയില്ല

പണിക്കേഴ്സ് ഗ്രാനൈറ്റ്സിൽ 27 ന് രാത്രി ഒൻപതരയോടെ അതിക്രമിച്ചു കയറുകയും തൊഴിലാളികളെയും ഉടമകളെയും മർദിക്കുകയും ചെയ്ത കേസിൽ കണ്ടാലറിയാവുന്ന 16 പേർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ഒരാളെപ്പോലും ഇതുവരെ പിടികൂടിയിട്ടില്ല. സ്ഥാപനത്തിൽ താൽക്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്ന മുളക്കുഴ സ്വദേശി ഉൾപ്പെടെയുള്ളവരാണ് പ്രതികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com