ADVERTISEMENT

മാവേലിക്കര ∙ ഒരു വർഷം മുൻപ് ചെട്ടികുളങ്ങര കൈതവടക്ക് കുന്നേൽ വിനോദ്(34) അച്ചൻകോവിലാറ്റിൽ വലിയ പെരുമ്പുഴ പാലത്തിനു സമീപം മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുമായി പൊലീസ് തെളിവെടുപ്പു ന‌ടത്തി. ചെട്ടികുളങ്ങര പേള ഷിബു ഭവനം കെ.ഷിബു (32), പേള കൊച്ചുകളീക്കൽ ആർ.അനിൽകുമാർ (45) എന്നിവരെയാണു പൊലീസ് കസ്റ്റഡിയിൽ വാങ്ങി കഴിഞ്ഞ ദിവസം രാത്രി വൈകി തെളിവെടുപ്പിന് എത്തിച്ചത്. 

സിഐ ജി.പ്രൈജുവിന്റെ നേതൃത്വത്തിലായിരുന്നു വലിയപെരുമ്പുഴ പാലത്തിനു സമീപം തെളിവെടുപ്പ്. അച്ചൻകോവിലാറ്റിൽ മുങ്ങിമരിച്ച സമയത്തു വിനോദ് ധരിച്ചിരുന്ന കൈലി, ചെരിപ്പ് എന്നിവ കടവിനോടു ചേർന്നു കുഴിച്ചിട്ടിരുന്നതു പൊലീസ് കണ്ടെത്തി. പൊലീസ് അറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ വിനോദിന്റെ ബന്ധുക്കൾ ഇവ തിരിച്ചറിഞ്ഞു.

2020 മാർച്ച് ഒന്നിനു കണ്ട മൃതദേഹം കൈതവടക്ക് കുന്നേൽ വിനോദിന്റേത് (34) ആണെന്നു ഡിഎൻഎ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു വർഷത്തിനു ശേഷം തിരിച്ചറിഞ്ഞ്. ജീർണാവസ്ഥയിൽ കണ്ട മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലാതിരുന്നതിനാൽ അന്ന് മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല. 

2020 ഫെബ്രുവരി 28ന് ആണു വിനോദിനെ കാണാതായത്. പോസ്റ്റ്മോർട്ടം വേളയിൽ ശേഖരിച്ച സാംപിളുകളും വിനോദിന്റെ പിതൃസഹോദരന്റെ സാംപിളുകളും തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ ഡിഎൻഎ പരിശോധന നടത്തി. കഴിഞ്ഞ ജനുവരിയിൽ ലഭിച്ച ഡിഎൻഎ പരിശോധന ഫലം അനുസരിച്ചു മരിച്ചതു വിനോദ് ആണെന്നു പൊലീസ് ഉറപ്പാക്കി. പോസ്റ്റ്മോർട്ടം രാസപരിശോധന റിപ്പോർട്ടിൽ മുങ്ങിമരണം എന്നും തെളിഞ്ഞു. 

സംഭവ ദിവസം വൈകിട്ട് വിനോദിനെ ഇരുവരും ബൈക്കിൽ കയറ്റി വലിയ പെരുമ്പുഴ കടവിലെത്തിച്ചു. നീന്തലറിയാത്ത വിനോദിനെ വസ്ത്രങ്ങൾ ഊരി മാറ്റിയ ശേഷം ആറ്റിലിറക്കിയപ്പോൾ മുങ്ങിത്താഴ്ന്നെന്നും വിനോദിന്റെ വസ്ത്രങ്ങൾ സമീപത്തുതന്നെ കുഴിച്ചുമൂടിയെന്നുമാണു പ്രതികൾ മൊഴി നൽകിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com