ADVERTISEMENT

ആലപ്പുഴ∙ പൂങ്കാവിൽ വീട്ടമ്മയെ സഹോദരൻ കൊന്നു കുഴിച്ചുമൂടിയ സംഭവം തെളിഞ്ഞത് ഇവരുടെ ബന്ധു കൂടിയായ മുൻ പഞ്ചായത്തംഗം സുജ അനിലിന്റെ ഇടപെടലിൽ. റോസമ്മയുടെ കൂട്ടുകാരി എലിസബത്തിനു തോന്നിയ സംശയം സുജയോടു പങ്കുവച്ചിരുന്നു. തുടർന്ന് സുജ നടത്തിയ അന്വേഷണത്തിലാണു ‘കയ്യബദ്ധം’ പറ്റിയെന്നു പ്രതി ബെന്നി സമ്മതിച്ചത്.വീട്ടുജോലിക്കും രോഗി ശുശ്രൂഷയ്ക്കും പോയിരുന്ന റോസമ്മ തുമ്പോളി സ്വദേശി എലിസബത്തിന്റെ വീട്ടിൽ ആറു വർഷം മുൻപ് ജോലി ചെയ്തിരുന്നു. ഇരുവരും തമ്മിൽ അതിനു ശേഷവും നല്ല ബന്ധം ഉണ്ടായിരുന്നു.

ആലപ്പുഴ പൂങ്കാവിൽ കൊലചെയ്യപ്പെട്ട റോസമ്മയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ സന്ദർശിച്ചപ്പോൾ.
ആലപ്പുഴ പൂങ്കാവിൽ കൊലചെയ്യപ്പെട്ട റോസമ്മയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ സന്ദർശിച്ചപ്പോൾ.

35 വർഷം മുൻപ് റോസമ്മയുടെ ഭർത്താവ് നാടുവിട്ടു പോയതാണ്. വിവാഹിതരായ മക്കളുമായി അത്ര അടുപ്പമില്ലെന്നും പ്രായമാകുമ്പോൾ താൻ തനിച്ചാകുമെന്നുമെല്ലാം ഇവർ എലിസബത്തിനോടു പറഞ്ഞിരുന്നു.  ബ്രോക്കർമാർ വഴി ആലോചിച്ചു കുട്ടനാട് സ്വദേശിയുമായി വിവാഹം ഉറപ്പിച്ച കാര്യവും രഹസ്യമായി ഇവരെ അറിയിച്ചു. എന്നാൽ, കഴിഞ്ഞ വ്യാഴാഴ്ച മുതൽ റോസമ്മയുടെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയി. ഞായറാഴ്ച പള്ളിയിലും കണ്ടില്ല. പള്ളിയിൽ നിന്നു മടങ്ങുംവഴി ബെന്നിയുടെ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ, ‘അർത്തുങ്കലിലെ ഒരു വീട്ടിൽ ജോലിക്കു പോയെ’ന്നു ബെന്നി പറഞ്ഞു. സംശയം തോന്നിയ എലിസബത്ത്, റോസമ്മയുടെ മറ്റൊരു സഹോദരന്റെ മകൾ സുജ അനിലിനെ വിവരമറിയിച്ചു.

സുജ
സുജ

പൊലീസിൽ പറയുമെന്ന ഭീഷണിയിൽ കുറ്റസമ്മതം
ഞായറാഴ്ച വൈകിട്ടു തന്നെ ബെന്നിയുടെ വീട്ടിലെത്തിയ സുജ, റോസമ്മ എവിടെയെന്ന് അന്വേഷിച്ചപ്പോൾ അർത്തുങ്കലിൽ ജോലിക്കു പോയെന്നു ബെന്നി ആവർത്തിച്ചു. തൊട്ടപ്പുറത്തു താമസിക്കുന്ന മകനോട് ചോദിച്ചപ്പോഴും ‘അമ്മ എവിടെയങ്കിലും ജോലിക്കു പോയതാകു’മെന്നായിരുന്നു മറുപടി. അമ്മ തങ്ങളോടു പറയാതെ ഇങ്ങനെ ഇടയ്ക്കിടെ പോകാറുണ്ടെന്നും മകൻ പറഞ്ഞു. റോസമ്മയെ കാണാനില്ലെന്നു പൊലീസിൽ പരാതി നൽകണമെന്നു സുജ ആവശ്യപ്പെട്ടു.

മക്കൾ പരാതി നൽകിയില്ലെങ്കിൽ പിറ്റേന്നു താൻ തന്നെ പരാതി നൽകുമെന്നും സുജ പറഞ്ഞു. ഇന്നലെ രാവിലെ ബെന്നി സുജയുടെ വീട്ടിലെത്തി. ‘എന്നെ രക്ഷിക്കണം, കയ്യബദ്ധം പറ്റി’ എന്നു പറഞ്ഞു. വിശദമായി ചോദിച്ചെങ്കിലും ബെന്നി അവ്യക്തമായി എന്തൊക്കെയൊ പിറുപിറുക്കുകയായിരുന്നുവെന്നു സുജ പറയുന്നു. ഉടൻ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. ചെട്ടികാടുള്ള ചായക്കടയിൽ നിന്നു പൊലീസ് ബെന്നിയെ കസ്റ്റഡിയിലെടുത്തു. കുറ്റം സമ്മതിച്ച ബെന്നി സഹോദരിയുടെ ശരീരം കുഴിച്ചുമൂടിയ സ്ഥലം പൊലീസിനു കാണിച്ചുകൊടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com