ADVERTISEMENT

കൊച്ചി ∙ കേരളത്തിലെ തിയറ്ററുകളിൽ ആരവങ്ങളും സാമ്പത്തിക ഉണർവും നിറച്ച തമിഴ് ചിത്രം ‘മാസ്റ്റർ’ 100 കോടി കലക്‌ഷനിലേക്കു കുതിക്കുമ്പോൾ, കൊട്ടക പിടിക്കാൻ മലയാള ചലച്ചിത്ര ലോകവും ഒരുങ്ങിക്കഴിഞ്ഞു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ റിലീസിനൊരുങ്ങുന്നത് ഏകദേശം 20 ചിത്രങ്ങൾ. മമ്മൂട്ടിയുടെ ‘ദ് പ്രീസ്റ്റ്’ ഉൾപ്പെടെ 19 ചിത്രങ്ങളുടെ പട്ടികയാണു റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്ന തീയതികൾ സഹിതം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിയറ്ററുകൾക്കു നൽകിയിട്ടുള്ളത്.

മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ബിഗ് ബജറ്റ് പീരിയഡ് ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ഈ പട്ടികയിൽ ഇല്ലെങ്കിലും മാർച്ച് 26 നു റിലീസ് ചെയ്യുമെന്ന് അണിയറക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തീയതി മാറ്റം സംബന്ധിച്ചു നിലവിൽ സൂചനകളില്ല താനും. മുൻഗണനാ ക്രമത്തിൽ തയാറാക്കിയ പട്ടികയാണെങ്കിലും അതതു സമയത്തു തിയറ്ററുകളിലുള്ള ചിത്രങ്ങളുടെ വിജയ പരാജയങ്ങൾ കൂടി കണക്കിലെടുത്തു റിലീസ് തീയതികളിൽ മാറ്റമുണ്ടാകാൻ സാധ്യതയേറെ. ആദ്യം റിലീസ് ചെയ്ത ചിത്രങ്ങൾ മികച്ച കലക്‌ഷൻ നേടുകയാണെങ്കിൽ സ്വാഭാവികമായും പിന്നാലെയെത്തുന്ന ചിത്രങ്ങളുടെ റിലീസ് തീയതികളിൽ മാറ്റമുണ്ടായേക്കാം.

തിയറ്ററുകളിൽ, വൻ പ്രതികരണം ദൃശ്യമാകുകയും കോവിഡ് വാക്സീൻ വിതരണം ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കൂടുതൽ ചിത്രങ്ങൾ റിലീസിനു സന്നദമാകുമെന്നാണു സൂചന. പ്രത്യേകിച്ചും, മധ്യവേനൽ അവധിക്കാലമാകുമ്പോൾ കുടുംബ പ്രേക്ഷകരും തിയറ്ററുകളിൽ സജീവമാകുമെന്ന പ്രതീക്ഷയിലാണു ചലച്ചിത്ര വ്യവസായം. തിയറ്ററുകൾ 13 നു തുറന്നെങ്കിലും, ആദ്യ മലയാളം സിനിമയുടെ റിലീസിന് 22 വരെ കാക്കണം.

ജയസൂര്യ നായകനായ ‘വെള്ളം’ എത്തുന്നതോടെ മലയാള സിനിമകളുടെ പ്രവാഹത്തിനും തുടക്കമാകും. അതേസമയം, വിജയ് – വിജയ് സേതുപതിമാർ നിറഞ്ഞാടുന്ന ‘മാസ്റ്റർ’ ആഗോളതലത്തിൽ 100 കോടിയോളം രൂപയുടെ കലക്‌ഷൻ നേടിക്കഴിഞ്ഞുവെന്നാണ് അനൗദ്യോഗിക കണക്കുകൾ. തമിഴ്നാട്, കേരളം, ആന്ധ്ര, തെലങ്കാന കർണാടക സംസ്ഥാനങ്ങളിൽ വൻ വിജയം നേടിയ ചിത്രം തമിഴ് സിനിമയ്ക്കു പ്രിയമുള്ള വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണു നേടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com