ADVERTISEMENT

ആലങ്ങാട് ∙ പെരിയാറിലെ കൂടു മത്സ്യക്കൃഷിയിൽ നീർനായ് ആക്രമണം. കഴിഞ്ഞദിവസം രാത്രിയുണ്ടായ ആക്രമണത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു.യുവാക്കളുടെ കൂട്ടായ്മയായ കിസാൻ കർഷക ഗ്രൂപ്പിന്റെ നേതൃത്വത്തിലാണു മാഞ്ഞാലി മാട്ടുപുറത്തു പെരിയാറിൽ കൂടു മത്സ്യക്കൃഷി നടത്തി വരുന്നത്. 4 മീറ്റർ നീളത്തിലും വീതിയിലും സ്ഥാപിച്ച 6 കൂടുകളിലായി ഏകദേശം 3000 കാളാഞ്ചി, 6000 കരിമീൻ, 1000 തിലോപ്പിയ, 500 വറ്റ എന്നിങ്ങനെയാണു മത്സ്യങ്ങളെ നിക്ഷേപിച്ചിരുന്നത്. 

ഈ കൂട്ടിലാണു കഴിഞ്ഞദിവസം രാത്രി നീർനായ കൂട്ടത്തോടെ ആക്രമണം നടത്തിയത്. വലകൾക്കിടയിലൂടെ അകത്തു കടന്നു മത്സ്യക്കുഞ്ഞുങ്ങളെ തിന്നു തീർക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്. മൂന്നു മാസം വളർച്ചയെത്തിയ മത്സ്യങ്ങളെയാണു കൊന്നിരിക്കുന്നത്. ഇനി പകുതിയിൽ താഴെ മത്സ്യക്കുഞ്ഞുങ്ങൾ മാത്രമാണ് അവശേഷിക്കുന്നതെന്നു കർഷകർ പറഞ്ഞു. രാവിലെ മത്സ്യങ്ങൾക്കു തീറ്റ കൊടുക്കാനായി എത്തിയ കർഷകരാണു കൂടിനുള്ളിൽ കൂട്ടത്തോടെ നീർനായയെ കണ്ടത്. 

കഴിഞ്ഞ 4 വർഷങ്ങളായി യുവ കർഷകർ മാട്ടുപുറം ഭാഗത്തു തുടർച്ചയായി മത്സ്യക്കൃഷി ചെയ്തു വരുന്നു. രണ്ടുതവണ പ്രളയം വന്നപ്പോഴും കോവിഡിനെ തുടർന്നും കൃഷി നഷ്ടത്തിലായിരുന്നു. ഇത്തവണയെങ്കിലും ലാഭകരമായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. നീർനായ ആക്രമണത്തോടെ അതും ഇല്ലാതായി തീർന്നിരിക്കുകയാണെന്നു യുവ കർഷകർ പറയുന്നു. കൂടാതെ അവശേഷിക്കുന്ന മത്സ്യങ്ങളെ കൂടി കൊല്ലാൻ നീർനായകൾ വീണ്ടും വരുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com