ADVERTISEMENT

കൊച്ചി ∙ ‘ ഒരു റിബണോ ബാരിക്കേഡോ അവിടെ വച്ചിരുന്നെങ്കിൽ എന്റെ സഹോദരൻ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു. മന്ത്രിമാരോ പ്രധാനമന്ത്രിയോ ആരുവേണെങ്കിലും വരട്ടെ. അവരുടെ സുരക്ഷയ്ക്ക് എന്ത് വേണെങ്കിലും ചെയ്തോട്ടേ, ജനങ്ങളുടെ സുരക്ഷ കൂടി നോക്കണം. ഇങ്ങനെ ആർക്കും ഇനി ജീവൻ നഷ്ടമാവാതെ ഇരിക്കട്ടെ’. വളഞ്ഞമ്പലത്തിൽ പൊലീസ് കെട്ടിയ വടം കഴുത്തിൽ കുരുങ്ങി മരിച്ച മനോജിന്റെ സഹോദരി ചിപ്പിയുടെ വാക്കുകളിൽ വേദനയും രോഷവും. ‘‘അത്ര വേദന എന്റെ കുട്ടി സഹിച്ചിട്ടുണ്ട് എന്നാണു ഡോക്ടർമാർ പറഞ്ഞത്. റോഡിൽ വാഹനത്തിരക്ക് ഇല്ലാതെ വരുമ്പോൾ ആരായാലും സ്പീഡ് കൂട്ടും. അവൻ ആ സ്പീഡ് എടുത്തപ്പോൾ വടത്തിൽ ഇടിച്ചു. അത് വലുപ്പമുള്ള വടം ആയിരുന്നെങ്കിൽ കഴുത്തിന് അത്രയും ഫ്രാക്ചർ വരില്ലായിരുന്നു.’’– ചിപ്പി പറഞ്ഞു.

പോസ്റ്റ്മോർട്ടം കഴിഞ്ഞു മനോജിന്റെ മൃതദേഹവുമായി ആംബുലൻസ് വടുതലയിലെ വീട്ടിൽ എത്തിയപ്പോൾ കരച്ചിലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു ബന്ധുക്കളും സമീപവാസികളും  . അടക്കിവച്ച വിതുമ്പലുകൾ‌ വാവിട്ട കരച്ചിലിനു വഴിമാറി. ‘ഇപ്പോ വരാം എന്നു പറഞ്ഞു പോയതല്ലേ നീ, അമ്മ വിളക്കുന്നതു കേൾക്കുന്നില്ലേ’– മകന്റെ ശരീരത്തിൽ കെട്ടിപ്പിടിച്ച് അമ്മ കരഞ്ഞു. അവരെ എങ്ങനെ ആശ്വസിപ്പിക്കും എന്നുപോലും കൂടി നിന്നവർക്ക് അറിയുമായിരുന്നില്ല. കരഞ്ഞു കലങ്ങിയ കണ്ണുമായി കർമം ചെയ്യുന്ന സഹോദരി ചിപ്പിയുടെ മുഖം നൊമ്പരക്കാഴ്ചയായി. പച്ചാളം ശ്മശാനത്തിൽ സംസ്കാരത്തിനും നൂറുകണക്കിനാളുകൾ പങ്കെടുത്തു. പോസ്റ്റ്മോർട്ടത്തിലും സംസ്കാര ചടങ്ങിലും ടി.ജെ.വിനോദ് എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളും പങ്കെടുത്തു.

ഒന്നു കരയാൻ പോലും ആകാതെ...
കൊച്ചി ∙ ഊണ് കഴിച്ച് വീട്ടിൽ നിന്നു പോയ മകന്റെ ചേതനയറ്റ ശരീരം പോസ്റ്റ്മോർട്ടത്തിനു കയറ്റുമ്പോൾ ഒന്നു പൊട്ടിക്കരയാൻ പോലുമാകാതെ പുറത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു മനോജിന്റെ പിതാവ് ഉണ്ണി. വിഷമങ്ങൾ ഉള്ളിലൊതുക്കിയ ആ പിതാവിന്റെ മുഖം വിങ്ങിപ്പൊട്ടാനൊരുങ്ങി നിന്നു. ഉണ്ണി ചെയ്തിരുന്ന ജോലിയാണ് ഇപ്പോൾ മനോജ് ചെയ്തിരുന്നത്. വളരെ ആത്മാർഥതയോടെ ജോലി ചെയ്യുന്ന മനോജ് എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നുവെന്ന് ഉണ്ണി പറയുന്നു. ‘നന്നായി പണി എടുക്കും, വഴക്കും ബഹളവും കണ്ടാൽ പോലും അവിടെ നിന്നു മാറിപ്പോകുന്ന പ്രകൃതമായിരുന്നു. ഉച്ചയ്ക്കു ചോറു കഴിച്ചിട്ടു കൂട്ടുകാരനെ കാണാൻ പോയതായിരുന്നു. പിന്നെ തിരിച്ചു വന്നില്ല. അപകടം പറ്റി എന്നു പറഞ്ഞായിരുന്നു വിളി വന്നത്. തങ്ങൾ ആശുപത്രിയിൽ എത്തിയപ്പോൾ അവൻ ഞങ്ങളെ വിട്ടുപോയിരുന്നു. മനോജ് മദ്യപിക്കുന്ന ആളല്ല. ഇനി ആരെ കുറ്റപ്പെടുത്താൻ ആണ്. ഞങ്ങടെ മൊതല് പോയി’– ഉണ്ണിയുടെ വാക്കുകൾ ഇടറി.

വൈകി വന്ന വിവേകം: പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വാഹനങ്ങൾ എംജി റോഡിലേക്ക് കയറാതിരിക്കാൻ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരൻ മരിച്ചശേഷം വളഞ്ഞമ്പലം ജംക്‌ഷനിൽ വടം മാറ്റി പൊലീസ് കെട്ടിയ ടേപ്പ്. തിരക്കേറിയ റോഡിൽ പ്ലാസ്റ്റിക് വടത്തിന് പകരം പ്ലാസ്റ്റിക് ടേപ്പ് ഉപയോഗിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
വൈകി വന്ന വിവേകം: പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വാഹനങ്ങൾ എംജി റോഡിലേക്ക് കയറാതിരിക്കാൻ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരൻ മരിച്ചശേഷം വളഞ്ഞമ്പലം ജംക്‌ഷനിൽ വടം മാറ്റി പൊലീസ് കെട്ടിയ ടേപ്പ്. തിരക്കേറിയ റോഡിൽ പ്ലാസ്റ്റിക് വടത്തിന് പകരം പ്ലാസ്റ്റിക് ടേപ്പ് ഉപയോഗിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

റോഡിനു കുറുകെ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി മരണം
കൊച്ചി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി ഗതാഗത നിയന്ത്രണത്തിനു പൊലീസ് റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനു ദാരുണാന്ത്യം. കോർപറേഷനിൽ താൽക്കാലിക ശുചീകരണ ജീവനക്കാരനായ രവിപുരം മാന്നുള്ളിപ്പാടത്ത് എസ്.ഉണ്ണിയുടെ മകൻ മനോജ് ഉണ്ണിയാണ് (28) ഞായറാഴ്ച രാത്രി 9.50ന് അപകടത്തിൽപെട്ടത്. സൗത്ത് പാലമിറങ്ങി എംജി റോഡിലേക്കെത്തുന്ന റോഡിൽ വളഞ്ഞമ്പലത്തെ ജംക്‌ഷനിലാണ് പൊലീസ് വടം വലിച്ചുകെട്ടിയത്.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നാവിക വിമാനത്താവളത്തിൽനിന്നു വരുന്നതിനാൽ ഇവിടെനിന്ന് എംജി റോ‍‍‍‍‍ഡിലേക്കുള്ള പ്രവേശനം തടയുകയായിരുന്നു ഉദ്ദേശ്യം. തിരക്കേറിയ റോഡിൽ കയർ കെട്ടുന്നതിനുപകരം ബാരിക്കേഡ് വച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നു മനോജിന്റെ സഹോദരി ചിപ്പി പറഞ്ഞു. ഇവിടെ വെളിച്ചമില്ലായിരുന്നുവെന്നും ദൂരെനിന്നു കയർ കാണാൻ കഴിയില്ലായിരുന്നുവെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തി. ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ടി.ജെ.വിനോദ് എംഎൽഎ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു.

റോഡിൽ 3 പൊലീസുകാർ നിൽക്കുന്നതും മനോജിന്റെ സ്കൂട്ടർ അതിവേഗം വന്ന് വടത്തിൽ തട്ടി വീഴുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. കഴുത്തിൽ കയർ കുരുങ്ങി മനോജ് റോഡിൽ വീഴുകയും സ്കൂട്ടർ 50 മീറ്ററോളം മുന്നോട്ടുപോകുകയും ചെയ്തു. കഴുത്തിലും തലയിലും ഗുരുതര പരുക്കുകളോടെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവിനു സുഖമില്ലാത്തതിനാൽ കോർപറേഷനിലെ ജോലിക്കു പകരം പോയിരുന്ന മനോജായിരുന്നു കുടുംബത്തിന്റെ ആശ്രയം. രവിപുരം സ്വദേശികളായ ഇവർ ഇപ്പോൾ വാടകയ്ക്കു വടുതലയിലാണു താമസിക്കുന്നത്. സംസ്കാരം നടത്തി. അമ്മ: വിമല.

പിഴവില്ലെന്ന് പൊലീസ്
വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ തങ്ങളുടെ ഭാഗത്തു പിഴവില്ലെന്ന നിലപാടിലാണ് പൊലീസ്. കയർ കെട്ടിയതിന് 5 മീറ്റർ മുൻപിലായി 3 പൊലീസുകാരെ നിർത്തിയിരുന്നുവെന്നും അവർ ആവശ്യപ്പെട്ടിട്ടും സ്കൂട്ടർ നിർത്തിയില്ലെന്നുമാണ് സിറ്റി പൊലീസ് കമ്മിഷണർ ശ്യാം സുന്ദറിന്റെ വിശദീകരണം. സ്കൂട്ടർ അമിതവേഗത്തിലായിരുന്നുവെന്നും പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com