ADVERTISEMENT

അരൂർ∙ തീരദേശ റെയിൽപാതയിൽ ഏറ്റവും പ്രാധാന്യമുള്ള റെയിൽവേ സ്റ്റേഷനായി ഉയരേണ്ട അരൂർ സ്റ്റേഷൻ അധികൃതരുടെ അവഗണനയിൽ നഷ്ടപ്പെടുമെന്ന് ആശങ്ക. തീരദേശ റെയിൽവേ എത്തിയിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും പാസഞ്ചർ ട്രെയിനുകൾക്കു മാത്രമാണ് അരൂർ സ്റ്റേഷനിൽ സ്റ്റോപ്. ഹാൾട്ട് സ്റ്റേഷനായി തരം താഴ്ത്തിയ അരൂർ സ്റ്റേഷൻ യാത്രക്കാരുടെ കുറവു മൂലം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

ഇപ്പോൾ രാവിലെയും വൈകിട്ടും  കടന്നുപോകുന്ന എറണാകുളത്തേക്കും ആലപ്പുഴയിലേയ്ക്കുമുള്ള 4 പാസഞ്ചർ ട്രെയിനുകൾക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. ആലപ്പുഴയിൽ സർവീസ് അവസാനിക്കുന്ന ട്രെയിനുകൾക്കോ ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകൾക്കെങ്കിലുമോ അരൂരിൽ സ്റ്റോപ് അനുവദിച്ചാൽ അരൂർ സ്റ്റേഷൻ കൂടുതൽ സജീവമാകും. പാത ഇരട്ടിപ്പിക്കലിന്റെ പ്രവൃത്തികൾ ആരംഭിക്കുന്ന വേളയിൽ ക്രോസിങ് സ്റ്റേഷനായി അരൂരിനെ വികസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

2 ക്രോസിങ് സ്റ്റേഷനുകൾക്കിടയിലുള്ള കുമ്പളം പാലത്തിൽ ഏതെങ്കിലും വിധത്തിലുള്ള തടസ്സങ്ങൾ ഉണ്ടായാൽ ട്രെയിനുകളെ ഇരു സ്റ്റേഷനുകളിലും പിടിച്ചിടാൻ കഴിയും. 1989ലാണ് എറണാകുളം-കായംകുളം തീരദേശ റെയിൽപാത നിലവിൽ വന്നത്. റെയിൽവേ ക്വാർട്ടേഴ്‌സും ഹാൾട്ടിങ് സ്റ്റേഷനും വിപുലമായ സൗകര്യങ്ങളും റെയിൽവേയുടെ ലക്ഷ്യമായിരുന്നു. എന്നാൽ, നിർമാണ വേളയിലുണ്ടായ തൊഴിൽ തർക്കങ്ങൾ മൂലം ഫ്ലാഗ് സ്റ്റേഷനായി പരിമിതപ്പെടുത്തുകയാണുണ്ടായത്.

സമീപത്തെ സ്റ്റേഷനുകളിലെ വികസനങ്ങൾപോലും അരൂരിൽ ഉണ്ടായില്ല. വ്യവസായ കേന്ദ്രം, കെൽട്രോൺ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ സാന്നിധ്യം, പെരുമ്പളം,പാണാവള്ളി, കുമ്പളങ്ങി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് അരൂർ റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള എളുപ്പമാർഗം എന്നിവയൊന്നും റെയിൽവേ പരിഗണിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com