ADVERTISEMENT

കാക്കനാട്∙ കലക്ടറേറ്റിലേത് ഉൾപ്പെടെ ഉപേക്ഷിച്ചിട്ടിരിക്കുന്ന നൂറു കണക്കിനു സർക്കാർ വാഹനങ്ങൾ മണ്ണടിയും മുൻപ് ലേലത്തിൽ വിറ്റാൽ ഖജനാവിനു വലിയ മുതൽക്കൂട്ടാകും. കലക്ടറേറ്റ് വളപ്പിൽ കാടിനുള്ളിൽ വരെ ഉപേക്ഷിക്കപ്പെട്ട ഒട്ടേറെ വാഹനങ്ങൾ കിടപ്പുണ്ട്. നടപടിക്രമങ്ങൾ ലഘൂകരിച്ചാൽ ഇവ നശിക്കും മുൻപ് ലേലം ചെയ്യാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. വാഹനങ്ങൾ ഉപയോഗം കഴിഞ്ഞാൽ ന്യായ വിലയ്ക്ക് ലേലത്തിൽ വിൽക്കുന്നതിനു പകരം ദ്രവിച്ച് മണ്ണടിയുന്നതുവരെ സാങ്കേതികത്വത്തിൽ കുരുക്കിയിടുകയാണ് പതിവ്. വകുപ്പുകൾക്ക് പുതിയ വാഹനങ്ങൾ കിട്ടുന്നതോടെ പഴയ വാഹനങ്ങളുടെ കാര്യം മറക്കും. 

കലക്ടറേറ്റിൽ ബോംബ് സ്ഫോടനമുണ്ടായതിനെ തുടർന്നു നടത്തിയ സുരക്ഷ ഓ‍ഡിറ്റിലെ നിർദേശപ്രകാരം വളപ്പിനകത്തെ ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കിയിരുന്നു. വീണ്ടും ഇവ പെരുകി. അധികൃതർ ശ്രദ്ധിക്കാതിരിക്കുകയും അവസാനം തലയിൽ നിന്നു കളയാൻ ശ്രമിക്കുമ്പോൾ തുരുമ്പു വിലയ്ക്ക് ആക്രിക്കച്ചവടക്കാർ വാഹനങ്ങൾ ലേലത്തിൽ പിടിക്കുകയാണ് പതിവ്. പഴയ വാഹനങ്ങൾ തുരുമ്പിക്കാതെ സൂക്ഷിക്കാൻ ഡംപിങ് യാഡിന് നടപടിയെടുത്തെങ്കിലും സ്ഥലം ലഭിക്കാതിരുന്നതിനാൽ എങ്ങുമെത്തിയില്ല. 

കോടതി വാഹന ലേലം അതിവേഗത്തിൽ
ഹൈക്കോടതിയിൽ ജഡ്ജിമാർ ഉൾപ്പെടെയുള്ളവർ ഉപയോഗിച്ച ശേഷം കാലാവധി കഴിഞ്ഞ വാഹനങ്ങൾ മാത്രമാണ് കലക്ടറേറ്റിൽ കാലതാമസമില്ലാതെ ലേലത്തിൽ വിൽക്കുന്നത്. കോടതി ഇടയ്ക്കിടെ അന്വേഷിക്കുന്നതിനാലാണ് കാത്തു വയ്ക്കാതെ ഇവ ലേലം ചെയ്യുന്നത്. മുന്തിയ ഇനം കാറുകളും ഇക്കൂട്ടത്തിലുണ്ടാകും. മറ്റു സർക്കാർ വാഹനങ്ങൾ ലേലം ചെയ്യാനുള്ള അനുമതി ലഭ്യമാക്കലും വില നിർണയവുമൊക്കെ ക്ലേശം നിറഞ്ഞ നടപടി ക്രമങ്ങളാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഉപയോഗം കഴിഞ്ഞ വാഹനങ്ങൾ ഓഫിസ് വളപ്പിന്റെ മൂലയിലേക്ക് തള്ളി മുകളിലേക്കൊരു കുറിപ്പും വിട്ടാൽ ഓഫിസ് മേധാവിയുടെ ചുമതല കഴിഞ്ഞു. പിന്നീട് ഇക്കാര്യത്തിൽ തുടർ എഴുത്തുകുത്തിന് ആരും തുനിയാറില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com