ADVERTISEMENT

അങ്കമാലി ∙ 11 മാസമായി ശമ്പളം ലഭിക്കാത്തതിനാൽ ബാംബൂ കോർപറേഷനിലെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ. ജീവിതം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ മറ്റു ജോലികൾക്കു പോകേണ്ട അവസ്ഥയിലാണു തൊഴിലാളികൾ. സംസ്ഥാനമൊട്ടാകെ ആയിരക്കണക്കിനു കുടുംബങ്ങളാണ് പട്ടിണിയിൽ. കോർപറേഷൻ ഔദ്യോഗികമായി പൂട്ടിയിട്ടില്ലെന്നു മാത്രമേയുള്ളു. പ്രധാന ഉൽപന്നമായ ബാംബൂപ്ലൈ നിർമിക്കുന്ന ബാംബൂ ബോർഡ് ഫാക്ടറിയുടെ വൈദ്യുതി ബന്ധം കെഎസ്ഇബി വിഛേദിച്ചതോടെ പ്രവർത്തനം പൂർണമായും നിലച്ചു. ബാംബൂപ്ലൈ നിർമിക്കുന്നതിനുള്ള ലക്ഷക്കണക്കിനു വിലവരുന്ന പനമ്പും കെട്ടിടങ്ങളും നശിക്കുകയാണ്. വൻവാടകയും മുതൽമുടക്കും നടത്തി വിവിധ സ്ഥലങ്ങളിൽ പദ്ധതികൾ ആരംഭിക്കാനെന്ന പേരിൽ കെട്ടിടങ്ങൾ പണിതെങ്കിലും ഒന്നിൽപോലും പ്രവർത്തനമില്ല. 

പിരിഞ്ഞു പോകുന്ന തൊഴിലാളികൾ ആനുകൂല്യങ്ങൾക്കായി കോടതികളിൽ കയറിയിറങ്ങേണ്ട ഗതികേടിലാണ്. ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ കോടതികളിൽ കേസ് നടത്താനായി ലക്ഷങ്ങളാണു ചെലവാക്കുന്നത്. 1998ൽ 2 ഷിഫ്റ്റ് പ്രവർത്തിച്ചിരുന്ന ഫാക്ടറിയുടെ പ്രവർത്തനം മാസങ്ങൾക്കു മുൻപേ ഒരു ഷിഫ്റ്റായി കുറഞ്ഞു. അതിനി‌ടെയാണ് 15 ദിവസം മുൻപ് കെഎസ്ഇബി ഫ്യൂസ് ഊരിയത്. 100 കോടി രൂപയിലേറെയാണ് കോർപറേഷന്റെ സഞ്ചിത നഷ്ടം. സർക്കാർ ഫണ്ട് അനുവദിച്ച് നഷ്ടം നികത്തിയില്ലെങ്കിൽ സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും നടത്താനാവില്ല. ചികിത്സയ്ക്ക് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നില്ല. 11 പദ്ധതികളുടെ പേരിൽ 52 കോടി രൂപയോളം ലഭിച്ചെങ്കിലും ഉദ്ഘാടനം നടത്തിയ ശേഷം ഫണ്ട് തിരിമറിയും ധൂർത്തും നടത്തി ഫണ്ട് മുഴുവൻ നഷ്ടപ്പെടുത്തിയെന്ന് ഐഎൻടിയുസി ജനറൽ സെക്രട്ടറി സാജി ജോസഫ് ആരോപിച്ചു.

ഈറ്റ ക്ഷാമം രൂക്ഷം 
വനത്തിൽ നിന്നു സർക്കാരിന്റെ അനുമതിയോടെ വെട്ടിയെടുക്കാവുന്ന ഈറ്റ ഇപ്പോൾ തൊഴിലാളികളെക്കൊണ്ട് യഥാസമയം വെട്ടിക്കുന്നില്ല. തൊഴിലാളികൾ വെട്ടിയെടുക്കുന്ന ഈറ്റയ്ക്ക് കൂലിയും നൽകുന്നില്ല. പനമ്പ് നെയ്ത്ത് തൊഴിലാളികൾക്ക് ഈറ്റ എത്തിച്ചു കൊടുക്കാതെ കൂടിയ വിലയ്ക്ക് മറ്റു സംസ്ഥാനങ്ങളിലേക്കു മറിച്ചു വിൽക്കുന്നതായി ഐഎൻടിയുസി യൂണിയൻ ആരോപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com