ADVERTISEMENT

അങ്കമാലി ∙ യുദ്ധം, പോരാട്ടം, അങ്കം എന്നൊക്കെ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നതു കൊണ്ടാകാം സ്ഥാനാർഥികളുടെ പ്രചാരണം ആസൂത്രണം ചെയ്യുന്ന പാർട്ടി – മുന്നണി സംവിധാനത്തെ വാർ റൂം അഥവാ യുദ്ധമുറിയെന്നു വിളിക്കുന്നത്! ഭാരതയുദ്ധമെന്നു വിളിക്കപ്പെടുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിലും ‘യുദ്ധ മുറികൾ’ സജീവം.  

യുഡിഎഫ്
യുഡിഎഫിന്റെ പ്രധാന വാർ റൂം അങ്ങു ഡൽഹിയിലാണ്. എഐസിസി തലത്തിലുള്ള വാർ റൂമിൽ നിന്നുള്ള വിവരങ്ങൾ താഴെ തലത്തിൽ ഏകോപിപ്പിക്കുന്നത് അങ്കമാലിയിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസാണ്. പാർലമെന്റുതല വാർ റൂം കോ ഓർഡിനേറ്റർ പി.ബി. സുനീറാണ്. അതിനു കീഴെ നിയോജക മണ്ഡലങ്ങളിലും ബ്ലോക്ക് – പഞ്ചായത്തുതല കോഓർഡിനേറ്റർമാർ. ഓരോ പ്രദേശത്തെയും സംഘടനാപരമായ കാര്യങ്ങൾ ഉൾപ്പെടെയുള്ള ചെറു വിവരങ്ങൾ പോലും മുകൾതലങ്ങളിലേക്കു കൈമാറും. തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ പി.ജെ. ജോയിയുമായി ചർച്ച ചെയ്തതിനു ശേഷമാണു ചാലക്കുടി പാർലമെന്റ് തലത്തിൽ നിന്നുള്ള വിവരങ്ങൾ കെപിസിസി വാർ റൂമിലേക്കു കൈമാറുക. 

എൽഡിഎഫ്
ഇത്തിരി രഹസ്യമുണ്ട് എൽഡിഎഫിന്. തന്ത്രമൊരുക്കൽ സംഘത്തിന്റെ നേതാവിന്റെ പേരിനെക്കാൾ പരിചയസമ്പന്നരുടെ നിരയാണു കാര്യങ്ങൾ നിശ്ചയിക്കുന്നതെന്നു പറയാനാണ് അവർക്കിഷ്ടം. ഓരോ പ്രദേശങ്ങളിലെയും പ്രചാരണം എന്തു പ്രതികരണമുണ്ടാക്കിയെന്ന റിപ്പോർട്ട് തയാറാക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണു വാർ റൂം ചെയ്യുന്നത്. അങ്കമാലിയിലെ പ്രധാന തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിലാണു വാർ റൂമിന്റെ പ്രവർത്തനം. വാർ റൂമിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ അതതു രംഗങ്ങളിലെ പരിചയസമ്പന്നർ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. ഈ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പു തന്ത്രങ്ങൾ മെനയുന്നത്. തീരുമാനങ്ങൾ മേൽ കമ്മിറ്റികളിലേക്കും അയയ്ക്കും.

എൻഡിഎ
അങ്കമാലി കോതകുളങ്ങരയിലെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിലാണ് എൻഡിഎയുടെ വാർ റൂം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ജില്ലാ വൈസ്പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, ജില്ലാ ജനറൽ സെക്രട്ടറി വി.കെ. ഭസിത് കുമാർ, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജിമോൻ വട്ടേക്കാട് എന്നിവരുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റിയാണു ചാലക്കുടി വാർ റൂമിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. രണ്ടു ദിവസം കൂടുമ്പോഴാണു തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ സംബന്ധിച്ച് അവലോകനം. സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറിനു രണ്ടു ദിവസത്തിലൊരിക്കൽ റിപ്പോർട്ട് കൈമാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com