ADVERTISEMENT

കൊച്ചി∙ സംവിധായകൻ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടിൽ വൻ കവർച്ച നടത്തിയ പ്രതി പിടിയിൽ. ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വർണ, വജ്ര ആഭരണങ്ങളാണു മോഷണം പോയത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു.  പനമ്പിള്ളിനഗറിലെ 10 ബി ക്രോസ് റോഡ് സ്ട്രീറ്റ് ബിയിലെ ‘അഭിലാഷത്തി’ൽ ഇന്നലെ രാത്രി ഒന്നരയ്ക്കും രണ്ടിനും ഇടയിലാണു മോഷണം നടന്നതെന്നാണു സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നത്. വീടിന്റെ പിൻഭാഗത്തു കൂടിയെത്തി അടുക്കളയുടെ ജനൽ തുറന്നാണു മോഷ്ടാവ് ഉള്ളിൽ കയറിയത്. 

മോഷണ ശ്രമത്തിന്റെ സിസിടിവി ദൃശ്യത്തിൽ നിന്ന്.
മോഷണ ശ്രമത്തിന്റെ സിസിടിവി ദൃശ്യത്തിൽ നിന്ന്.

വീടിന്റെ മുകൾ നിലയിലെ വടക്കു കിഴക്കേ വശത്തുള്ള കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ച് ഒരു സെറ്റ് വജ്ര നെക്‌ലസ്, 10 വജ്രമോതിരങ്ങൾ, 12 വജ്ര കമ്മൽ, രണ്ട് സ്വർണ വങ്കി(മോതിരം), 10 സ്വർണമാലകൾ, 10 സ്വർണ വള, 10 വാച്ചുകൾ എന്നിവയാണു കവർന്നത്. ജോഷിയുടെ മകനും സംവിധായകനുമായ അഭിലാഷിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണു കവർന്നത്. രാവിലെ അഞ്ചരയോടെ ജോഷിയുടെ ഭാര്യ സിന്ധു ഉണർന്ന് അടുക്കളയിൽ എത്തിയപ്പോഴാണു മോഷണ വിവരം അറിഞ്ഞത്. മോഷണം നടക്കുമ്പോൾ അഭിലാഷ് വീട്ടിൽ ഉണ്ടായിരുന്നില്ല. ജോഷി, മരുമകൾ വർഷ, മൂന്നു പേരക്കുട്ടികൾ, അടുത്ത ബന്ധുവിന്റെ മക്കൾ എന്നിവർ വീട്ടിലുണ്ടായിരുന്നു.

തൊപ്പി ധരിച്ചെത്തിയ മോഷ്ടാവു ജനലിനു സമീപത്തെത്തുന്നതും ജനൽ തുറക്കുന്നതുമായ ദൃശ്യങ്ങളാണു സിസിടിവിയിൽ നിന്നു പൊലീസിനു ലഭിച്ചത്. ഇതിനു ശേഷമുള്ള ദൃശ്യങ്ങൾ ലഭിക്കാത്തതു മോഷ്ടാവ് സിസിടിവി ക്യാമറകൾ മറുവശത്തേക്കു തിരിച്ചു വച്ചതിനാലാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കയ്യുറ ധരിച്ചാണു മോഷ്ടാവ് എത്തിയത്. 

പ്രധാന റസിഡൻഷ്യൻ മേഖലയിലെ മോഷണം പൊലീസിന് ഞെട്ടൽ
കൊച്ചി∙ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റസിഡൻഷ്യൽ മേഖലയിലെ പ്രശസ്ത സംവിധായകന്റെ വസതിയിൽ നടന്ന വൻ കവർച്ച പൊലീസിനെ ഞെട്ടിച്ചു. അതീവ സുരക്ഷയുള്ള മേഖലയിൽ നടന്ന മോഷണത്തിനു പിന്നിൽ കൃത്യമായ ആസൂത്രണം ഉള്ളതായി പൊലീസ് സംശയിക്കുന്നു. ജോഷിയുടെ വീടും പരിസരവും ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാകാം അരമണിക്കൂറിൽ മോഷണം നടത്തി പ്രതി കടന്നതെന്നാണു നിഗമനം.  ന്യായാധിപന്മാരും പൊലീസ് ഉദ്യോഗസ്ഥരും ബ്യൂറോക്രാറ്റുകളും ഉൾപ്പെടെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒട്ടേറെ വ്യക്തികൾ താമസിക്കുന്ന മേഖലയായതിനാൽ പനമ്പിള്ളിനഗറിൽ പൊലീസ് പട്രോളിങ് ശക്തമാണ്. സൗത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ടു കിലോമീറ്റർ ദൂരമേയുള്ളൂ മോഷണം നടന്ന വീട്ടിലേക്ക്. 

പ്രതി പിടിയിൽ

കൊച്ചി∙ സംവിധായകൻ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഷാദാണ് പിടിയിലായത്. കർണാടകയിലെ ഉഡുപ്പിയിൽനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇന്നലെ പുലർച്ചെ നടത്തിയ മോഷണത്തിനു ശേഷം മടങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള കാറിലാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്നു മനസ്സിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉഡുപ്പിയിൽ പിടിയിലായത്. വാഹനത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ പൊലീസ്  കർണാടക പൊലീസിനു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.

ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് ജോഷിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച സ്വർണ, വജ്രാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി. ഈ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ അധികം വൈകാതെ കൊച്ചിയിലേക്കു കൊണ്ടുവരുമെന്നാണ് വിവരം. പ്രതി വലയിലായ വിവരമറിഞ്ഞ് കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഉഡുപ്പിയിലേക്കു തിരിച്ചു. ഇയാൾ മുംബൈയിൽനിന്ന് ഒറ്റയ്ക്ക് കാർ ഓടിച്ച് കൊച്ചിയിലെത്തിയാണ് മോഷണം നടത്തിയതെന്നാണ് സൂചന. ജോഷിയുടെ വീടിനെക്കുറിച്ച് ഉൾപ്പെടെ ഇയാൾക്ക് വിവരം ലഭിക്കാൻ തക്കവിധത്തിൽ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തെണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com