ADVERTISEMENT

മൂവാറ്റുപുഴ∙ തിരഞ്ഞെടുപ്പും പെരുന്നാളും ആഘോഷമാക്കാൻ അതിഥിത്തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്കു മടങ്ങിയതിനെ തുടർന്നു തൊഴിലാളി ക്ഷാമം രൂക്ഷമായതു മുതലെടുക്കാൻ ലേബർ കോൺട്രാക്ടർമാർ. തൊഴിലാളികളുടെ കൂലി 50 ശതമാനം വരെ ഉയർത്തിയിരിക്കുകയാണ് ഇവർ. വാഴക്കുളം പൈനാപ്പിൾ മേഖലയിൽ തൊഴിലാളി ക്ഷാമത്തെ തുടർന്നു പൈനാപ്പിൾ തോട്ടത്തിലേക്ക് തൊഴിലാളികളെ വിട്ടു കിട്ടാൻ നിലവിലുള്ളതിനേക്കാൾ 30% വരെ കൂടുതൽ തുക ആവശ്യപ്പെടുന്നതായാണു കർഷകർ പരാതിപ്പെടുന്നത്. ഹോട്ടൽ മേഖല, പ്ലൈവുഡ് കമ്പനികൾ, നിർമാണ മേഖല, മറ്റു കമ്പനികൾ എന്നിവിടങ്ങളിൽ നിന്നെല്ലാം വലിയ തോതിൽ അതിഥിത്തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്.

ബംഗാളിൽ നിന്നുള്ള തൊഴിലാളികളാണു കൂടുതലും കിഴക്കൻ മേഖലയിൽ ജോലി ചെയ്യുന്നത്. അസം, ഒഡീഷ, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉണ്ട്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനാൽ വോട്ടു ചെയ്തില്ലെങ്കിൽ തിരിച്ചടിയുണ്ടാകും എന്ന ആശങ്ക അതിഥിത്തൊഴിലാളികളിൽ വ്യാപിച്ചതിനെ തുടർന്നാണ് ഇക്കൊല്ലം കൂടുതലായി തൊഴിലാളികൾ നാട്ടിലേക്കു പോകുന്നത്. പശ്ചിമ ബംഗാൾ സർക്കാരിന്റെ നേതൃത്വത്തിൽ വോട്ടു രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന സന്ദേശങ്ങളും വിഡിയോകളും ഇവർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതേ തുടർന്നുണ്ടായ തൊഴിലാളികളുടെ വലിയ തോതിലുള്ള മടക്കം മുതലെടുത്താണു ലേബർ കോൺട്രാക്ടർമാർ കൂലി വർധിപ്പിച്ചിരിക്കുന്നത്.  നിർമാണ മേഖലയിൽ തൊഴിലാളികളുടെ കൂലി 100 രൂപ മുതൽ 200 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്.

കാർഷിക മേഖലയിലേക്കും  തൊഴിലാളികളെ വിട്ടു നൽകാനും കൂലി കൂടുതലാണ് ആവശ്യപ്പെടുന്നത്. ഹോട്ടൽ തൊഴിലാളികൾ കൂടുതൽ കൂലി നൽകുന്നിടങ്ങളിലേക്കു മാറി മാറി പോകുന്ന സ്ഥിതി വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്.  അതിഥിത്തൊഴിലാളികളെ കൂടുതൽ ആശ്രയിച്ചിരുന്ന കമ്പനികളിൽ ഉൽപാദനം കുറയ്ക്കേണ്ട സാഹചര്യമാണ്.  എല്ലാ വേനൽ കാലത്തും പെരുന്നാളിനോടനുബന്ധിച്ച് തൊഴിലാളികളുടെ മടക്കം ഉണ്ടാകാറുണ്ട് എങ്കിലും ഇക്കൊല്ലം സ്ഥിതി വ്യത്യസ്തമാണ്. നിർമാണ മേഖലയിലും ഹോട്ടൽ മേഖലയിലും ആണു വലിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കേണ്ട സർക്കാർ പദ്ധതികൾ വരെ തൊഴിലാളി ക്ഷാമം മൂലം ഇഴഞ്ഞാണു നീങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com