ADVERTISEMENT

കൊച്ചി∙ തൃശൂർ പൂരാവേശം അടങ്ങും മുൻപ് താരപ്പൂരത്തിനു വേദിയുണരുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന മലയാളത്തിലെ ഏറ്റവും വലിയ ജനകീയ സിനിമാ പുരസ്കാരമായ ‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ നിശയ്ക്ക് ഇന്ന് അങ്കമാലി അഡ്‌ലക്സ് ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ തിരശീലയുയരും. മലയാളക്കരയും സിനിമാലോകവും ഒന്നാകെ ഒഴുകിയെത്തുന്ന പുരസ്കാര നിശയ്ക്കു വൈകിട്ട് 6.30നു തിരി തെളിയുന്നതോടെ താരപ്പകിട്ടിന്റെ നെറ്റിപ്പട്ടം കെട്ടിയ നക്ഷത്രത്തിളക്കത്തിൽ വേദിയുണരും. 

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മഞ്ജു വാരിയർ, ശോഭന, ഷെയ്ൻ നിഗം, അനു സിതാര, ലക്ഷ്മി ഗോപാലസ്വാമി, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, അനശ്വര രാജൻ, മമിത ബൈജു, മഹിമ നമ്പ്യാർ, നിഖില വിമൽ തുടങ്ങി താരസംഘം ഒന്നടങ്കം പങ്കെടുക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പോയ വർഷത്തെ മികവിന്റെ പുരസ്കാരങ്ങൾ സമ്മാനിക്കുന്നതിനൊപ്പം താരങ്ങളുടെ കലാവിരുന്നും കാണികൾക്കായി ഒരുങ്ങും.  മലയാളിയുടെ പ്രിയതാരം മോഹൻലാൽ പാട്ടിന്റെ ഹൃദയസല്ലാപവുമായി എത്തുമ്പോൾ ഓരോ കാണിയും മലയാള സിനിമാ സംഗീതത്തിന്റെ ഗൃഹാതുര നിമിഷങ്ങളെ തൊടും. 

ഒപ്പം പാട്ടിന്റെയും നൃത്തത്തിന്റെയും ചിരിയുടെയും വിരുന്നൊരുക്കി പ്രിയതാരങ്ങളും വേദിയിലെത്തുന്നതോടെ വിസ്മയകരമായ അപൂർവ നിമിഷങ്ങൾക്കാകും അരങ്ങുണരുക. താരസംഘടനയായ ‘അമ്മ’യുടെ സഹകരണത്തോടെ ഒരുക്കുന്ന താരനിശയിൽ മികച്ച സിനിമ, ജനപ്രിയ സിനിമ, മികച്ച നടൻ, ജനപ്രിയ നടൻ, മികച്ച നടി, ജനപ്രിയ നടി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളാണു താരങ്ങളെ കാത്തിരിക്കുന്നത്. വനിത ആതിഥ്യം വഹിക്കുന്ന പതിനെട്ടാമതു ചലച്ചിത്ര അവാർഡ് നിശയുടെ മുഖ്യ പ്രായോജകർ അലൻ സ്കോട്ട് ആണ്. പ്രവേശനം പാസ് മൂലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com