ADVERTISEMENT

ഫോർട്ട്കൊച്ചി∙ പശ്ചിമകൊച്ചിയിലേക്ക് മെട്രോ റെയിൽ വരണം, ഗതാഗതക്കുരുക്കിന് ആശ്വാസമായി വാത്തുരുത്തി മേൽപാലം വേണം, വേമ്പനാട്ട് കായലിലെ എക്കൽ നീക്കണം, ചെല്ലാനം ടൂറിസ്റ്റ് ഗ്രാമമാക്കണം, തീരദേശ സംരക്ഷണത്തിന് ടെട്രാപോഡ് കടൽ ഭിത്തിയും പുലിമുട്ടുകളും ഫോർട്ട്കൊച്ചി വരെ നീട്ടണം, ഫോർട്ട്കൊച്ചി ബീച്ച് സംരക്ഷിക്കണം. ഫോർട്ട്കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിന് സമീപം നടന്ന വോട്ടു ചർച്ചയിൽ ഉയർന്നുവന്ന നിർദേശങ്ങളിൽ ചിലതു മാത്രമാണ് ഇവ.ചെല്ലാനം 1986ൽ എങ്ങനെയിരുന്നോ അതു പോലെ തന്നെയാണ് ഇപ്പോഴും. ബസ് സ്റ്റാൻഡ് ഇല്ല, പെട്രോൾ പമ്പ് ഇല്ല, നല്ല ആശുപത്രിയില്ല‌. വള്ളത്തിൽ പോകുന്നവർക്ക് ഇന്ധനം വാങ്ങാൻ 200 രൂപ മുടക്കി ഓട്ടോറിക്ഷയിൽ പോകേണ്ട അവസ്ഥ. ടെട്രാപോഡ് കടൽ ഭിത്തി വന്നത് കൊണ്ട് ഇപ്പോൾ കടൽ കയറുന്നില്ല എന്നത് മാത്രമാണ് ആശ്വാസം.

ഓട്ടോ ഡ്രൈവർ ചെല്ലാനം സ്വദേശി ജോസഫ് ഡെൻസൻ പറഞ്ഞു. ഇനി കടൽക്ഷോഭമുണ്ടായാൽ തകരുന്നത് കണ്ണമാലി മുതൽ വടക്കോട്ടുള്ള ഭാഗങ്ങളായിരിക്കും. അതിനാൽ കണ്ണമാലി മുതൽ സെന്റ് ജോൺപാട്ടം വരെയുള്ള ഭാഗത്ത് തീര സംരക്ഷണ നടപടി പൂർത്തീകരിക്കണം. കൊച്ചി കായലിൽ നിന്ന് ഡ്രജ് ചെയ്ത് 20 കിലോമീറ്റർ അകലെ കടലിൽ തള്ളുന്ന ചെളി കണ്ണമാലി മുതലുള്ള തീരത്ത് അടിച്ചാൽ തൽക്കാലം കടൽക്ഷോഭത്തിന്റെ ശക്തി കുറയ്ക്കാനാവും. ചെല്ലാനം കൊച്ചി ജനകീയ വേദി വർക്കിങ് ചെയർമാൻ ജയൻ കുന്നേലിന്റെ അഭിപ്രായം.ഫോർട്ട്കൊച്ചി ബീച്ച് ഇല്ലെങ്കിൽ പിന്നെന്ത് ടൂറിസം എന്ന് കേരള ഹാട്സ് എറണാകുളം ജില്ലാ പ്രസിഡന്റും ഹോംസ്റ്റേ ഉടമയുമായ സന്തോഷ് ടോമിന്റെ ചോദ്യം. ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന കടപ്പുറത്തിന്റെ അവസ്ഥ ശോചനീയമാണ്. സൗത്ത് ബീച്ചിലെ നടപ്പാത അടക്കം തകർന്നിട്ട് വർഷങ്ങളായി.

കടപ്പുറം വികസിപ്പിക്കാനും വൃത്തിയായി സംരക്ഷിക്കാനും നടപടി വേണം. അദ്ദേഹം പറഞ്ഞു. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി പൈതൃക മേഖലകളിലെ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കാനും അവയുടെ ചരിത്രം വിനോദ സഞ്ചാരികൾക്കായി രേഖപ്പെടുത്തുന്നതിനും നടപടി വേണമെന്ന് ജൂത തെരുവിൽ കരകൗശല ഷോപ്പ് നടത്തുന്ന താഹ ഇബ്രാഹിം പറഞ്ഞു.‍കുടിവെള്ളം, ആരോഗ്യ മേഖലകളിലാണ് ജനപ്രതിനിധികൾ കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് പൊതുപ്രവർത്തകൻ ഹാരിസ് അബു. പശ്ചിമകൊച്ചിയിലേക്ക് എത്തുന്ന കുടിവെള്ളത്തിന്റെ അളവ് 26 ദശലക്ഷം ലീറ്ററിൽ നിന്നു 70 എങ്കിലും ആക്കിയാൽ ചെല്ലാനം, കുമ്പളങ്ങി അടക്കമുള്ള പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാവും. ഹാരിസ് ചൂണ്ടിക്കാട്ടി. പശ്ചിമ കൊച്ചിയുടെ വികസനത്തിന് മെട്രോ റെയിൽ അനിവാര്യമാണെന്ന അഭിപ്രായമാണ് എഡ്രാക് കൊച്ചി മേഖല പ്രസിഡന്റ് ഐ.ജെ.ജോളിക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com