ADVERTISEMENT

തൃപ്പൂണിത്തുറ ∙ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും നേർക്കാഴ്ചയായി പത്താമുദയ ദിനത്തിൽ പുതിയകാവ് ക്ഷേത്ര മൈതാനിയിൽ നടന്ന മാറ്റച്ചന്ത. ചക്കയും മാങ്ങയും ചട്ടിയും കലവും കിടക്കപ്പായ, തഴപ്പായ, വാഴക്കന്ന്, വിവിധ വിത്തുകൾ തുടങ്ങിയവയുമായി നടന്ന മാറ്റച്ചന്ത ചരിത്ര സ്മൃതികൾ ഉണർത്തി. കൈമാറ്റ സമ്പ്രദായം നിലനിന്നിരുന്ന കാലത്തു കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിർത്തിയായ പുതിയകാവിൽ ആരംഭിച്ച മാറ്റച്ചന്ത ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. നാണയങ്ങൾ സുലഭം ആയതോടെ പണം നൽകിയുള്ള കച്ചവടം ആയെങ്കിലും മാറ്റച്ചന്ത എന്നു തന്നെയാണ് ഇന്നും അറിയപ്പെടുന്നത്. ഈറ്റ കൊണ്ടുള്ള മുറം, കൂട, പൂക്കൂട, മൺപാത്രങ്ങൾ തുടങ്ങിയവ വാങ്ങാൻ വീട്ടമ്മമാർ ഇന്നലെ ഇവിടെ എത്തിയിരുന്നു.

കാർഷിക സമൃദ്ധിയുടെ വിളംബരമായി അരങ്ങേറുന്ന വിഷുവിന് പത്തുനാൾ കഴിഞ്ഞ് പത്താമുദയ ദിനത്തിലാണു പുതിയകാവിൽ മാറ്റച്ചന്ത നടന്നിരുന്നത്. എല്ലാ കാർഷിക ഉൽപന്നങ്ങളും വിത്തുകളും പണിയായുധങ്ങളും പല വ്യഞ്ജനങ്ങൾ എന്നിവ നാഴി, ഇടങ്ങഴി, പറ തുടങ്ങിയ അളവുകൾ കണക്കാക്കി പരസ്പരം ആവശ്യത്തിന് അനുസരിച്ച് മാറ്റി വാങ്ങാൻ ഉള്ള അവസരമായിരുന്നു മാറ്റച്ചന്തയിൽ അരങ്ങേറിയിരുന്നത്. പുതിയകാവ് ആയുർവേദ കോളജ് സ്ഥിതിചെയ്യുന്ന സ്ഥലത്തും ക്ഷേത്ര മൈതാനിയിലുമായി വലിയ നിലയിൽ നടന്നിരുന്ന ഗൃഹാതുരത്വമുണർത്തുന്ന  ഈ വാണിഭം പഴമക്കാരുടെ മനസ്സിൽ ഇന്നുമുണ്ട്. ഉച്ചവെയിൽ കനക്കും വരെയും വെയിൽ താഴ്ന്ന വൈകുന്നേരവും മാറ്റച്ചന്തയിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com