ADVERTISEMENT

വൈദ്യുതോപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. വൈദ്യുതി പോസ്റ്റിന്റെ അടിഭാഗത്തെ മണ്ണും കല്ലും ചിതറിത്തെറിച്ചു. ഇരുപത്തഞ്ചോളം വീടുകളിലെ ഉപകരണങ്ങൾക്കു നാശം സംഭവിച്ചിട്ടുണ്ട്. ട്രാൻസ്ഫോമറിനും തകരാറുണ്ടായി. എച്ച്എംടി റോഡിൽ ഹിദായത്തുനഗറിൽ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. നഗരസഭയുടെ പൊതുകുളത്തിനു സമീപം സ്വകാര്യ ഭൂമിയിൽ വളർന്നു നിൽക്കുന്ന തണൽമരത്തിന്റെ ചില്ലകളാണ് 220 കെവി ലൈനിൽ മുട്ടിയത്. കൂടംകുളം ആണവനിലയത്തിൽ നിന്നു കളമശേരി സബ്സ്റ്റേഷനിലേക്കു വൈദ്യുതിയെത്തിക്കുന്ന ലൈനിലാണു മരച്ചില്ലകൾ മുട്ടിയത്.

ഉഗ്രസ്ഫോടന ശബ്ദവും പലയിടത്തായി തീപ്പൊരി വീണതും നാട്ടുകാരിൽ പരിഭ്രാന്തിയുണ്ടാക്കി. താൻ മുറിയിലിരിക്കെ ഫാനിലും ലൈറ്റിലും തീപിടിച്ചുവെന്നും ഭാഗ്യം കൊണ്ടാണു അപകടത്തിൽ നിന്നു രക്ഷപ്പെട്ടതെന്നും നാശനഷ്ടമുണ്ടായ ഒരു വീട്ടിലെ വീട്ടമ്മ പറഞ്ഞു. 8 വഴിവിളക്കുകൾ പൊട്ടിച്ചിതറി. വൈദ്യുതി പോസ്റ്റിൽ നിന്നു കോൺക്രീറ്റ് അടർന്നു വീണു. തങ്ങൾക്കുണ്ടായ നാശങ്ങൾക്കു നഷ്ടപരിഹാരം വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. മരച്ചില്ലകൾ വെട്ടിമാറ്റണമെന്നു സ്ഥലമുടമയോടും വൈദ്യുതി ബോർഡിനോടും ആവശ്യപ്പെട്ടിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. അപകടം നടന്നയുടൻ സബ്സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി ലൈൻ ഓഫ് ചെയ്ത ശേഷം മരച്ചില്ലകൾ പാടെ വെട്ടിമാറ്റി. 2.39ന് ലൈൻ ചാർജ് ചെയ്തു

ജീവനക്കാരില്ല, വ‍ൃക്ഷത്തലപ്പ്വെട്ടാൻ കടമ്പകളേറെ
∙ഹൈടെൻഷൻ ലൈനുകളിൽ മുട്ടിനി‍ൽക്കുന്ന വൃക്ഷത്തലപ്പുകളും മറ്റും വെട്ടിമാറ്റാൻ കടമ്പകളേറെയാണെന്നു കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈടെൻഷൻ ലൈനുകൾ ഓഫ് ചെയ്യാതെവേണം ഈ ലൈനുകളിലേക്കുള്ള വൃക്ഷത്തലപ്പുകളും മറ്റും നീക്കം ചെയ്യാൻ. ലൈൻ ഓഫ് ചെയ്യാനുള്ള അനുവാദം ലോ‍ഡ് ഡെസ്പാച് സെന്ററിൽ നിന്നു കിട്ടുക ശ്രമകരമാണ്. ലൈൻ ഓഫ് ചെയ്താൽ സബ്സ്റ്റേഷന്റെ പ്രവർത്തനം തടസ്സപ്പെടും, മറ്റു ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്യും.

ഇന്നലെ അമിത വൈദ്യുതി പ്രവാഹത്തിനു കാരണമായ വൃക്ഷത്തലപ്പുകൾ ഒരുമാസം മുൻപ് ശ്രദ്ധയിൽ പെട്ടതാണെന്നും ലൈൻ ഓഫ് ചെയ്തു നൽകാതിരുന്നതിനാൽ ജോലികൾ നീണ്ടുപോകുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.പരിചയസമ്പന്നരായ കരാറുകാരെ കിട്ടാതെ വരുന്നതാണ് മറ്റൊരു തടസ്സം. വൃക്ഷച്ചില്ലകൾ മുറിക്കാൻ ചെല്ലുമ്പോഴുള്ള പ്രാദേശിക എതിർപ്പുകളും ജോലികൾക്കു തടസ്സമാണ്.

ഈ ജോലികൾക്കു നേതൃത്വം നൽകുന്നതിനുള്ള ജീവനക്കാരുടെ ഗണ്യമായ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കളമശേരി സബ്സ്റ്റേഷനിൽ ഇതിനായി 2 ജീവനക്കാർ മാത്രമാണുള്ളത്. കൂടുതൽ ജീവനക്കാരെ അനുവദിച്ചാൽ ഈ പ്രതിസന്ധി പരിഹരിക്കാം. അപകടം ഉണ്ടായ സാഹചര്യത്തിൽ വരുംദിവസങ്ങളിൽ പട്രോളിങ് ശക്തമാക്കുമെന്നും ടച്ചിങ്സ് വെട്ടിമാറ്റുന്നതിനുള്ള ജോലികൾ ഊർജിതമാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com