ADVERTISEMENT

കൊച്ചി ∙ ആഴ്ചകൾ നീണ്ട തിരഞ്ഞെടുപ്പു പ്രചാരണപ്പോരിനു തിരശിലയിട്ടു കലാശക്കൊട്ടിന്റെ ആവേശത്തിമർപ്പ്. ഇന്നലെ വൈകിട്ട് 6നു സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിൽ കശാലക്കൊട്ടിന് ആവേശത്തോടെ പര്യവസാനം. പൊതുവായ കലാശക്കൊട്ടിനു പുറമേ വിവിധ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും കലാശക്കൊട്ടുകൾ ചെറുപൂരമായി. 

പാലാരിവട്ടത്ത് നടന്ന കലാശക്കൊട്ടിൽ എറണാകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.ജെ. ഷൈൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
പാലാരിവട്ടത്ത് നടന്ന കലാശക്കൊട്ടിൽ എറണാകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.ജെ. ഷൈൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.

എറണാകുളം
എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ പരസ്യ പ്രചാരണം അവസാനിപ്പിച്ചതു ടൗൺ ഹാളിനു മുന്നിൽ. തുറന്ന ജീപ്പിനു മുകളിൽ ഹൈബിയ്ക്കൊപ്പം നടന്മാരായ ധർമജൻ ബോൾഗാട്ടിയും രമേഷ് പിഷാരടിയും ഒപ്പം ചേർന്നതോടെ കലാശക്കൊട്ടിനു താരപ്പൊലിമയേറി. വൈകിട്ട് 5 നു മണപ്പാട്ടിപ്പറമ്പിൽ നിന്നാണു റോഡ് ഷോ ആരംഭിച്ചത്. ടി.ജെ.വിനോദ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഉമ തോമസ് എംഎൽഎ, ഹൈബിയുടെ ഭാര്യ അന്ന, മകൾ ക്ലാര എന്നിവരും പങ്കുചേർന്നു. 

എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ഡോ.കെ.എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന കലാശക്കൊട്ട്.
എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ഡോ.കെ.എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന കലാശക്കൊട്ട്.

വൈകിട്ടു പാലാരിവട്ടം ജംക്‌ഷനിൽ നൂറുകണക്കിനു പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു വർണ, മേള പ്രപഞ്ചമൊരുക്കി ഇടതു സ്ഥാനാർഥി കെ.ജെ.ഷൈൻ പരസ്യ പ്രചാരണത്തിനു സമാപനം കുറിച്ചത്. രാവിലെ പൂത്തോട്ടയിൽ നിന്നു റോഡ് ഷോയോടെയാണ് കെ.ജെ. ഷൈൻ പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസം തുടങ്ങിയത്. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ സ്ഥാനാർഥിക്ക് അകമ്പടിയായി അണിനിരന്നു. 

ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ നേതൃത്വത്തിൽ ചാലക്കുടി ടൗണിൽ നടന്ന കലാശക്കൊട്ടിൽ നിന്ന്.
ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ നേതൃത്വത്തിൽ ചാലക്കുടി ടൗണിൽ നടന്ന കലാശക്കൊട്ടിൽ നിന്ന്.

മാധവ ഫാർമസി ജംക്‌ഷനിലായിരുന്നു എൻഡിഎ സ്ഥാനാർഥി ഡോ.കെ.എസ്.രാധാകൃഷ്ണന്റെ പരസ്യ പ്രചാരണ സമാപനം. പള്ളിമുക്കിൽ ബിജെപി ജില്ലാ ഓഫിസിനു മുന്നിൽ നിന്നാരംഭിച്ച റോഡ് ഷോയ്ക്കു മുന്നിൽ ഡസൻ കണക്കിന് അനൗൺസ്മെന്റ് വാഹനങ്ങളും കാവടികളും വാദ്യമേള ഘോഷങ്ങളും നിരന്നു. നേതാക്കളായ നാരായണൻ നമ്പൂതിരി, കെ.വി.എസ്. ഹരിദാസ്, ടി.പി. സിന്ധുമോൾ, കെ.എസ്. ഷൈജു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കലാശക്കൊട്ട്. കങ്ങരപ്പടിയിൽ കലാശക്കൊട്ടോടെയായിരുന്നു ട്വന്റി20 സ്ഥാനാർഥി ആന്റണി ജൂഡിയുടെ പരസ്യ പ്രചാരണത്തിനു സമാപനം. 

ചാലക്കുടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ അങ്കമാലിയിൽ നടന്ന കലാശക്കൊട്ടിൽ നിന്ന്.
ചാലക്കുടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ അങ്കമാലിയിൽ നടന്ന കലാശക്കൊട്ടിൽ നിന്ന്.

ചാലക്കുടി
ചാലക്കുടി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശപ്പൂരത്തിനു കൊടിയിറങ്ങിയത് അങ്കമാലിയിൽ. അനൗൺസ്മെന്റ് വാഹനങ്ങളിൽ നിന്നു കാത‌‌ടിപ്പിക്കുന്ന ശബ്ദവും മുദ്രാവാക്യം വിളിയുമൊക്കെയായി രണ്ട‌ര മണിക്കൂറോളം നീണ്ട ആഘോഷം അങ്കമാലി നഗരത്തെ പൂരപ്പറമ്പാക്കി. അങ്കമാലി സെൻട്രൽ ജംക്‌ഷനിൽ മൂന്നിടങ്ങളിലായാണു യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ പ്രവർത്തകരുടെ കലാശക്കൊട്ട് നടന്നത്. ജംക്‌ഷനിലേക്ക് എൻഡിഎ പ്രവർത്തകർ 3 മണിക്ക് എത്തി. 4ന് എൽഡിഎഫും നാലരയോടെ യുഡിഎഫുമെത്തി. 

അങ്കമാലി ടൗണിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിൽ സ്ഥാനാർഥി കെ.എ.ഉണ്ണിക്കൃഷ്ണനെ എടുത്തുയർത്തുന്ന പ്രവർത്തകർ
അങ്കമാലി ടൗണിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിൽ സ്ഥാനാർഥി കെ.എ.ഉണ്ണിക്കൃഷ്ണനെ എടുത്തുയർത്തുന്ന പ്രവർത്തകർ

യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന കലാശക്കൊട്ട് ചാലക്കുടി നോർത്ത് ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു. യുഡിഎഫിന്റെ നിയോജകമണ്ഡലതല കലാശക്കൊട്ടാണ് അങ്കമാലിയിൽ നടത്തിയത്. 5 മണിയോടെ മെഗാ റോഡ് ഷോയ്ക്ക് ഒപ്പം പര്യടന വാഹനത്തിൽ എൽഡിഎഫ് സ്ഥാനാർഥി സി.രവീന്ദ്രനാഥ് അങ്കമാലിയിൽ എത്തി. പിന്നാലെ വാഹനങ്ങളുടെ അകമ്പടിയോടെ എൻഡിഎ സ്ഥാനാർഥി കെ.എ.ഉണ്ണിക്കൃഷ്ണനുമെത്തി. ട്വന്റി20 സ്ഥാനാർഥി ചാർലി പോളിനൊപ്പം പാർട്ടി പ്രസിഡന്റ് സാബു എം.ജേക്കബും കലാശക്കൊട്ടിൽ പങ്കുചേർന്നു.

എറണാകുളം ലോക്സഭ മണ്ഡലം ട്വന്റി20 സ്ഥാനാർഥി ആന്റണി ജൂഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കങ്ങരപ്പടിയിൽ നടന്നപ്പോൾ.
എറണാകുളം ലോക്സഭ മണ്ഡലം ട്വന്റി20 സ്ഥാനാർഥി ആന്റണി ജൂഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കങ്ങരപ്പടിയിൽ നടന്നപ്പോൾ.

വനിതാ ബൂത്ത് 28; മാതൃകാ ബൂത്ത് 56
കാക്കനാട്∙ ജില്ലയിലെ 28 പോളിങ് ബൂത്തുകൾ പൂർണമായും വനിതകളുടെ നിയന്ത്രണത്തിലായിരിക്കും. ഇവിടങ്ങളിൽ പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും വനിതകളാകും. വോട്ടർമാരിൽ മറ്റു ബൂത്തുകളിലേതു പോലെ പുരുഷൻമാരും സ്ത്രീകളുമുണ്ടാകും. ജില്ലയിലെ 14 നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ രണ്ടു വീതം ബൂത്തുകളാണ് വനിതാ ബൂത്തുകളായി നിശ്ചയിച്ചത്. 56 മാതൃകാ ബൂത്തുകളുമുണ്ട്. ഓരോ നിയമസഭാ മണ്ഡലങ്ങളിലും 4 വീതം ബൂത്തുകളാണ് മാതൃകാ ബൂത്തുകളായി തിരഞ്ഞെടുത്തത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കുറിച്ച് ട്വന്റി20 ചാലക്കുടി മണ്ഡലം സ്ഥാനാർഥി ചാർളി പോളും പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബും കോലഞ്ചേരിയിൽ റോഡ് ഷോ നടത്തിയപ്പോൾ.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കുറിച്ച് ട്വന്റി20 ചാലക്കുടി മണ്ഡലം സ്ഥാനാർഥി ചാർളി പോളും പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബും കോലഞ്ചേരിയിൽ റോഡ് ഷോ നടത്തിയപ്പോൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com