ADVERTISEMENT

വൈപ്പിൻ∙ ചൂട് വർധിച്ചതിനെ തുടർന്ന് കടലിൽ മത്സ്യക്ഷാമം  രൂക്ഷമായി. ഇന്ധനച്ചെലവിനുള്ള  വരുമാനം പോലും കിട്ടാതായതോടെ മത്സ്യബന്ധന ബോട്ടുകളിൽ ഭൂരിഭാഗവും തീരത്ത് വിശ്രമത്തിലാണ്. ഏതാണ്ട് 6 മാസമായി തുടരുന്ന വറുതിയാണ് ഇപ്പോൾ പാരമ്യത്തിലെത്തിയിരിക്കുന്നതെന്ന്  ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ദിനംപ്രതി ചൂട് കൂടി വരുന്നതിനാൽ മത്സ്യക്കൂട്ടങ്ങൾ തീരക്കടലിൽ നിന്ന് അപ്രത്യക്ഷമായ അവസ്ഥയിലാണ്. വേനൽ മഴ ശക്തമായി കടൽ തണുക്കുന്ന തോടുകൂടി മാത്രമേ മത്സ്യസാന്നിധ്യം ദൃശ്യമാവുകയുള്ളുവെന്നും തൊഴിലാളികൾ പറയുന്നു.

സാധാരണഗതിയിൽ  ഈ സമയത്ത് ലഭിക്കേണ്ട മത്സ്യങ്ങൾ ഒന്നും കടലിൽ കാണാനില്ലാത്ത അവസ്ഥയാണത്രേ. അയല മോശമല്ലാത്ത തരത്തിൽ കിട്ടേണ്ട സമയമാണെങ്കിലും തീരെ ലഭ്യമല്ല. കേര, തളയൻ,  ചുവന്ന ചെമ്മീൻ എന്നിവയും ഈ സമയത്ത് കിട്ടേണ്ടതാണ്. കണവ മാത്രം ലക്ഷ്യമിട്ട് ബോട്ടുകൾ കടലിൽ ഇറങ്ങുന്ന സമയമാണെങ്കിലും ലഭ്യത തീരെ കുറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ ഡീസലും സംഭരിച്ച് കടലിൽ ഇറങ്ങിയാൽ ദിവസങ്ങൾക്ക് ശേഷം മടങ്ങിയെത്തുമ്പോൾ  ഒന്നും നീക്കിയിരിപ്പില്ലാത്ത അവസ്ഥയാണെന്ന്  ബോട്ടുടമാ സംഘം ഭാരവാഹിയായ പി.പി.ഗിരീഷ് ചൂണ്ടിക്കാട്ടി.

7 ലക്ഷം രൂപയുടെ മത്സ്യം ലഭിച്ച ബോട്ടിനു പോലും ചെലവെല്ലാം കഴിയുമ്പോൾ നഷ്ടക്കണക്കാണ് പറയാനുള്ളത്. ഭൂരിഭാഗം ബോട്ടുകളും ഇത്തരത്തിൽ കടക്കെണിയിൽ  ആയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണഗതിയിൽ ഈസ്റ്റർ അവധി കഴിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്തുന്നതോടു കൂടി സജീവമാകാറുള്ള  ഹാർബറുകൾ  ഇപ്പോൾ വിജനമായ  അവസ്ഥയിലാണ്. ഇതേ തുടർന്നു  തൊഴിലാളികൾ ഒരു വിഭാഗം വീണ്ടും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇപ്പോഴത്തെ അവസ്ഥ എത്രനാൾ തുടരുമെന്ന് വ്യക്തമല്ലെന്നും ഈ രംഗത്തുള്ളവർ പറയുന്നു.

മറ്റു സംസ്ഥാനങ്ങളിലും മീൻ ലഭ്യത മോശമായതിനാൽ അവിടെ നിന്നുള്ള ബോട്ടുകളും കേരള തീരത്തേക്ക് എത്തി അശാസ്ത്രീയമായ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നതായി തൊഴിലാളികൾ പറയുന്നു. ഇത്തരം  ബോട്ടുകളെ നിയന്ത്രിക്കാൻ നിലവിൽ സംവിധാനം ഒന്നും ഇല്ലാത്തതും സ്ഥിതിഗതികൾ രൂക്ഷമാക്കുന്നു കടൽ മീൻ ലഭ്യത കുറഞ്ഞതോടെ  കുറഞ്ഞ വിലയ്ക്ക് സാധാരണക്കാർക്ക് മീൻ ലഭ്യമാകുന്ന സാഹചര്യവും ഇല്ലാതായിട്ടുണ്ട്.. കായൽ മീനുകൾ കുറഞ്ഞ തോതിൽ  പ്രാദേശിക വിപണിയിൽ എത്തുന്നുണ്ടെങ്കിലും വില കൂടുതലായതിനാൽ പലർക്കും വാങ്ങി ഉപയോഗിക്കാൻ കഴിയുന്നില്ല. അവസരം മുതലാക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പഴക്കം ചെന്ന മീൻ വിപണിയിലേക്ക് എത്തുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com