ADVERTISEMENT

കോതമംഗലം∙ സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകൾക്കും റോഡ് കുറുകെ ചാടിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റു. ചെമ്പിക്കോട് പള്ളിക്കമാലി റെക്സിന്റെ ഭാര്യ ലിജ (40) മകൾ റിയ (12) എന്നിവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. നാടുകാണി ചെമ്പിക്കോട്–ഇലവുംപറമ്പ് റോഡിൽ കളമ്പാടൻ കയറ്റത്തിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് ആക്രമണം. ലിജിയും മകളും കോതമംഗലത്തേക്കു പോകുമ്പോൾ പന്നി ഓടിയെത്തി സ്കൂട്ടറിൽ ഇടിച്ചു. ഇവർ മറുവശത്തേക്കു മറിഞ്ഞുവീണതോടെ പന്നിയുടെ കുത്തുകൾ സ്കൂട്ടറിൽ കൊണ്ടതിനാൽ ഇവർ രക്ഷപ്പെട്ടു. എന്നാൽ, ലിജിയുടെ കാലി‍ലേറ്റ ഒരു കുത്തിലുണ്ടായ മുറിവിൽ 6 തുന്നിക്കെട്ടലുണ്ട്. സ്കൂട്ടർ ദേഹത്തേക്കു മറി‍ഞ്ഞു രണ്ടു പേർക്കും മറ്റു പരുക്കുകളുണ്ട്. 

കാട്ടുപന്നിയുടെ ഒടിഞ്ഞുവീണ തേറ്റ.
കാട്ടുപന്നിയുടെ ഒടിഞ്ഞുവീണ തേറ്റ.

കൂടുതൽ കുത്തുകളും സ്കൂട്ടറിൽ കൊണ്ടു തേറ്റ ഒടിഞ്ഞതോടെയാണ് ആക്രമണം നിർത്തി പന്നി പിൻവാങ്ങിയത്. സ്കൂട്ടറിനു കേടുപാടുണ്ട്.ശക്തിയേറിയ കുത്തിൽ പന്നിയുടെ തേറ്റ ഒടിഞ്ഞു പിൻവാങ്ങിയില്ലായിരുന്നെങ്കിൽ ആളപായം ഉണ്ടാകുമായിരുന്നെന്നു കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് പറഞ്ഞു. കാട്ടാനയും പന്നിയും പകലും ഇറങ്ങി നാട്ടുകാരെ ദ്രോഹിക്കുമ്പോൾ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാതെ വനംവകുപ്പ് കാഴ്ചക്കാരാവുകയാണെന്നു പഞ്ചായത്ത് പ്രസിഡന്റ് കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com