ADVERTISEMENT

തൊടുപുഴ ∙ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സീൻ ജില്ലയിലെത്തി. പ്രത്യേക താപനിലയിൽ ക്രമീകരിച്ച ബോക്‌സുകളിൽ 9,240 ഡോസ് വാക്സീനാണ് എറണാകുളത്തു നിന്ന് ഇടുക്കിയിലേക്ക് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ കൊണ്ടു വന്നത്. വാക്‌സിൻ ജില്ലാ മെഡിക്കൽ ഓഫിസിലെ വാക്സിൻ സ്റ്റോറിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്നും നാളെയുമായി വാക്സീൻ വിതരണ കേന്ദ്രങ്ങളിലെത്തിക്കും.

ജില്ല തയാർ

ജില്ലയിൽ വാക്സീൻ വിതരണത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. 16 ന് കുത്തിവയ്പ് ആരംഭിക്കും. 9 വാക്സിനേഷൻ കേന്ദ്രങ്ങളാണു ജില്ലയിലുള്ളത്. നിശ്ചയിക്കപ്പെട്ടവർക്കു മാത്രമേ ഇവിടേക്കു പ്രവേശനം അനുവദിക്കൂ. കുത്തിവയ്പു കേന്ദ്രങ്ങളായി നിശ്ചയിച്ച ആശുപത്രികളിൽ വിശദ പരിശോധന പൂർത്തിയായി. വരും ദിവസങ്ങളിൽ ആരോഗ്യവകുപ്പ് യോഗം ചേർന്നു സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തും. ആദ്യഘട്ട കുത്തിവയ്പെടുക്കുന്നവർക്ക് രണ്ടാം ഡോസ് കൂടി ഉറപ്പാക്കിയാണ് ആരോഗ്യവകുപ്പിന്റെ ക്രമീകരണം. ആദ്യ കുത്തിവയ്പെടുത്ത് നാലാം ആഴ്ചയിൽ രണ്ടാം ഡോസ് കൂടി കുത്തിവച്ചാൽ മാത്രമേ വാക്സിനേഷൻ പൂർത്തിയാകൂ.

ഉദ്ഘാടനം 16ന്

വാക്സീൻ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 16ന് 8.30ന് ഇടുക്കി ജില്ലാ ആശുപത്രിയിൽ ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും. എംഎൽഎ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

ഒരു കേന്ദ്രത്തിൽ ദിവസം 100 പേർക്ക്

ജില്ലയിൽ 7,689 പേരാണ് ഇതുവരെ വാക്സീൻ സ്വീകരിക്കാനായി റജിസ്റ്റർ ചെയ്തത്. ഒരു വാക്സീൻ കേന്ദ്രത്തിൽ ഒരു ദിവസം പരമാവധി 100 പേർക്കാണ് വാക്സീൻ നൽകുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർഥികൾ, ആശാ വർക്കർമാർ, ഐസിഡിഎസ് അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് ആദ്യഘട്ടം വാക്സിനേഷൻ.

284 പേർക്കു കൂടി കോവിഡ്

∙ ജില്ലയിൽ 284 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 268 പേർ സമ്പർക്കത്തിലൂടെയാണ് കോവിഡ് പോസിറ്റീവായത്. 6 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 10 പേർക്കും ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 51 പേർ രോഗമുക്തി നേടി.

ഉറവിടം വ്യക്തമല്ല

മൂലമറ്റം സ്വദേശിനി (68), കാഞ്ഞാർ സ്വദേശിനി (28), കരുണാപുരം തൂക്കുപാലം സ്വദേശി (31), പുറപ്പുഴ സ്വദേശി (53), ബൈസൺവാലി സ്വദേശി (68), കാഞ്ചിയാർ സ്വദേശിനി (43).

വാക്സിനേഷൻ കേന്ദ്രങ്ങൾ
∙ഇടുക്കി ജില്ലാ ആശുപത്രി (മെഡിക്കൽ കോളജ്)
∙തൊടുപുഴ ജില്ലാ ആശുപത്രി
∙മുതലക്കോടം ഹോളിഫാമിലി ആശുപത്രി
∙കട്ടപ്പന താലൂക്ക് ആശുപത്രി
∙ചിത്തിരപുരം സിഎച്ച്സി
∙രാജാക്കാട് സിഎച്ച്സി
∙നെടുങ്കണ്ടം താലൂക്ക് ആശുപത്രി
∙കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി
∙പീരുമേട് താലൂക്ക് ആശുപത്രി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com