ADVERTISEMENT

തൊടുപുഴ ∙ ബസുകളും ഡ്രൈവർമാരും ഉണ്ടെങ്കിലും ആവശ്യത്തിന് കണ്ടക്ടർമാർ ഇല്ലാത്തതിനാൽ തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ പതിവായി മുടങ്ങുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തി വച്ചിരുന്ന സർവീസുകൾ പുനരാരംഭിച്ചെങ്കിലും നേരത്തെ ഉണ്ടായിരുന്ന സർവീസുകളുടെ പകുതി എണ്ണം മാത്രമാണ് ഇപ്പോൾ ഇവിടെ നിന്ന് ഓടിക്കുന്നത്. ഇതും ഇപ്പോൾ ഓടിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. നേരത്തെ 55 സർവീസുകളാണ് ഇവിടെ നിന്ന് ഉണ്ടായിരുന്നത്.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് സർവീസ്  പുനരാരംഭിച്ചപ്പോൾ 31 സർവീസുകൾ മാത്രമാണ് ഓടിക്കുന്നത്. ഇതിന് കുറഞ്ഞത് 60 കണ്ടക്ടർമാർ വേണം. എന്നാൽ ഇവിടെ ഇപ്പോൾ ഉള്ളത് 47 പേർ മാത്രമാണ്. ചിലർ അവധി എടുക്കുകയും ബാക്കി ഉള്ളവർ ഡ്യൂട്ടി ഓഫും  എടുക്കുന്നതോടെ സർവീസുകൾ അയയ്ക്കാൻ കണ്ടക്ടർമാർ ഇല്ലാതെ വരികയാണ്. ഇതെ തുടർന്നാണ് ഇപ്പോൾ ഉള്ള സർവീസുകൾ പോലും ഓടിക്കാൻ സാധിക്കാതെ അധികൃതർ ബുദ്ധിമുട്ടുന്നത്. അതേ സമയം ആവശ്യത്തിൽ കൂടുതൽ ഡ്രൈവർമാർ ഡിപ്പോയിൽ ഉണ്ട്.

ഇപ്പോൾ 120 ഡ്രൈവർമാരാണ് ഡിപ്പോയിൽ ഉള്ളത്. 70 പേരാണ് കൂടുതലുള്ളത്. അതേ സമയം കണ്ടക്ടർമാരെ ഇവിടേക്ക് നിയമിക്കാൻ അധികൃതർ തയാറാകുന്നില്ല. അതിനാൽ നിലവിൽ ആരംഭിച്ച സർവീസുകൾ പോലും കൃത്യമായി ഓടിക്കാൻ കഴിയാതെ അധികൃതർ ബുദ്ധിമുട്ടുന്നത്. അധികമുള്ള ഡ്രൈവർമാർ ഒപ്പിട്ട ശേഷം വെറുതേ ഇരിക്കുമ്പോൾ  കണ്ടക്ടർമാർ ഇല്ലാത്തതിനാൽ ബസുകൾ വിശ്രമത്തിലാണ്. ബസുകൾ ഉണ്ടെങ്കിലും കണ്ടക്ടർ ക്ഷാമത്തെ തുടർന്ന് പഴയ സർവീസുകൾ പകുതിയോളം പുനരാരംഭിക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. ഇത് പ്രധാനമായും ഗ്രാമീണ റൂട്ടുകളിൽ ഉണ്ടായിരുന്ന ഓർഡിനറി സർവീസുകൾ ആണ്.

ഇത് ഗ്രാമീണ യാത്രക്കാരെയാണ് ബുദ്ധിമുട്ടിക്കുന്നത്. നേരത്തെ കണ്ടക്ടർമാരുടെ കുറവ് പരിഹരിക്കാൻ എം പാനൽ ആയി ഉദ്യോഗാർഥികളെ നിയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ എം പാനൽ ജീവനക്കാരെ പിരിച്ചു വിട്ടതോടെയാണ് ഇവിടെ കണ്ടക്ടർ ക്ഷാമം രൂക്ഷമായത്. ഇതേ സമയം മറ്റ് ചില ഡിപ്പോകളിൽ ആവശ്യത്തിൽ കൂടുതൽ കണ്ടക്ടർമാർ ഉണ്ടെങ്കിലും ഇവരെ ആവശ്യമുള്ള ഡിപ്പോകളിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം എന്ന് ആരോപണമുണ്ട്. സ്വകാര്യ ബസുകൾ 90 ശതമാനവും സർവീസ് പുനരാരംഭിച്ചെങ്കിലും കണ്ടക്ടർമാരുടെ പേരിൽ ഒട്ടേറെ സർവീസുകൾ മുടക്കുന്ന കെഎസ്ആർടിസി യാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com