ADVERTISEMENT

ഇരിട്ടി ∙ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ മുഖ്യകക്ഷികളായ സിപിഎമ്മും സിപിഐയും കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തിയ കർഷക സംഘടനകൾക്കു പിന്തുണ നൽകിയിരുന്നുവെങ്കിലും ഡൽഹി കർഷക പ്രക്ഷോഭത്തിന് ഏറ്റവും നിശ്ശബ്ദമായ പിന്തുണ ലഭിച്ച സംസ്ഥാനമാണ് കേരളമെന്നു സാഹിത്യകാരൻ കൽപറ്റ നാരായണൻ പറഞ്ഞു.

വന്യമൃഗ ശല്യത്തിനെതിരെ രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ചെയർമാൻ ബിനോയ് തോമസ്, കർഷകവേദി സംസ്ഥാന ചെയർമാൻ റോജർ സെബാസ്റ്റ്യൻ എന്നിവരുടെ 50 മണിക്കൂർ ഉപവാസത്തിന്റെ ഭാഗമായി നടത്തിയ ഡൽഹി കർഷക പ്രക്ഷോഭ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡൽഹിയിൽ എല്ലാ കാർഷികോൽപന്നങ്ങൾക്കും മിനിമം സപ്പോർട്ട് പ്രൈസ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്ത അതേ രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ ഭരണം നടത്തുമ്പോൾ ഇവിടെ ഒരുൽപന്നത്തിനും മിനിമം വില കിട്ടുന്നതിനു നടപടി എടുക്കുന്നില്ല. ഇത് അവർക്കു കർഷകരോട് പ്രതിബന്ധതയില്ലെന്നു വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വൈസ് ചെയർമാൻ ജോർജ് സിറിയക് അധ്യക്ഷത വഹിച്ചു. ഐക്യദാർഢ്യ സമിതി ഭാരവാഹികളായ എൻ.സുബ്രഹ്മണ്യം, ബേബി സക്കറിയാസ്, മാർട്ടിൻ തോമസ്, ആയാപറമ്പ് രാമചന്ദ്രൻ, എം.വി.ബാലകൃഷ്ണൻ, വിജയരാഘവൻ ചേലിയ, ഇബ്രാഹിം തെങ്ങിൽ, പി.സതീഷ് കുമാർ, പവിത്രൻ കൊതേരി, ഫാ. ഡിറ്റോ സെബാസ്റ്റ്യൻ, ലിബിൻ ജേക്കബ്, സെലിൻ ജോർജ്, ഷാജി തുണ്ടത്തിൽ, അഗസ്റ്റിൻ വെള്ളാരംകുന്നേൽ, സണ്ണി തുണ്ടത്തിൽ, ജോയ് ഉളിക്കൽ എന്നിവർ പ്രസംഗിച്ചു.

 ഇന്ന് 3ന് സമാപനം കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷനൽ കോഓർഡിനേറ്റർ ബിജു വിജയൻ മുഖ്യാതിഥിയാകും. ജപ്തി നടപടികൾ നേരിടുന്നവർക്കുള്ള ഹെൽപ് ഡെസ്ക് ഉപവാസ പന്തലിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.

 യുഡിഎഫ് ലോക്സഭ സ്ഥാനാർഥി കെ.സുധാകരൻ എംപിയും എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജനും സമരപ്പന്തൽ സന്ദർശിച്ചു. എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, എഎപി കൺവീനർ വിനോദ് മാത്യു വിൽസൻ, കപ്പൂച്ചിൻ സഭാ കണ്ണൂർ പ്രൊവിൻഷ്യൽ ഫാ. സന്തോഷ് കരിങ്ങടയിൽ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നൂറുകണക്കിനാളുകൾ ഉപവാസപ്പന്തൽ സന്ദർശിച്ചു പിന്തുണ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com