ADVERTISEMENT

കണ്ണൂർ ∙ അഴീക്കൽ തുറമുഖത്ത് ആഡംഭര ഉല്ലാസ നൗകയിൽ (യോട്ട്) അമേരിക്കൻ പൗരന്മാരായ വിനോദ സഞ്ചാരികളെത്തി. റഷ്യയിൽ ജനിച്ച സെർഗ്വേൽ കോസ്മിന, എലേന കോസ്മിന ദമ്പതികളാണ് ഇന്നലെ രാവിലെ പത്തുമണിയോടെ അഴീക്കലിൽ ഇറങ്ങിയത്. വിവിധ രാജ്യങ്ങൾ സന്ദർശിക്കാനായി ഏപ്രിൽ 7ന് തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്നാണ് ലൊഹങ്ക എന്ന യോട്ട് ചാർട്ടർ ചെയ്ത് ഇവർ യാത്ര പുറപ്പെട്ടത്. ഇന്ത്യൻ പര്യടനം 12ന് ചെന്നൈ തുറമുഖത്തു നിന്ന് ആരംഭിച്ചു. തുടർന്ന് കൊച്ചിയിലും 23ന് ബേപ്പൂരിലും എത്തിയ ഇവർ തെയ്യം കാണാനും വടക്കൻ കേരളത്തിന്റെ തനത് രുചികൾ ആസ്വദിക്കാനുമാണ് കണ്ണൂരിൽ എത്തിയത്.

ആഡംബര ഉല്ലാസ നൗകയിൽ അഴീക്കൽ തുറമുഖത്തെത്തിയ സെർഗ്വേൽ കോസ്മിന– എലേന കോസ്മിന ദമ്പതികളെ കെ.വി.സുമേഷ് എംഎൽഎ,  ഡിപിടിസി സെക്രട്ടറി ജെ.കെ.ജിജേഷ് കുമാർ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.  ചിത്രം: മനോരമ
ആഡംബര ഉല്ലാസ നൗകയിൽ അഴീക്കൽ തുറമുഖത്തെത്തിയ സെർഗ്വേൽ കോസ്മിന– എലേന കോസ്മിന ദമ്പതികളെ കെ.വി.സുമേഷ് എംഎൽഎ, ഡിപിടിസി സെക്രട്ടറി ജെ.കെ.ജിജേഷ് കുമാർ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു. ചിത്രം: മനോരമ

രാവിലെ 9ന് അഴിമുഖത്ത് അഴീക്കൽ ടഗ്ഗുമായി എത്തി ക്യാപ്റ്റൻ പ്രതീഷ് നായർ യോട്ടിനെ അഴീക്കൽ തുറമുഖത്തേക്ക് സ്വാഗതം ചെയ്തു. പത്തുമണിയോടെ തുറമുഖത്ത് ബെർത്ത് ചെയ്തതോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് എത്തിയ ബ്യൂറോ ഓഫ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി. തുറമുഖത്ത് ഇറങ്ങിയ സഞ്ചാരികൾക്ക് മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ചെണ്ടമേളം ഉൾപ്പെടെ ഒരുക്കി ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്.

കെ.വി.സുമേഷ് എൽഎൽഎയും പോർട്ട് ഓഫിസർ ടി.ദീപൻകുമാറും ചേർന്ന് ഇരുവരെയയും കൈത്തറി ഷാൾ അണിയിച്ച് ആനയിച്ചു. ടൂറിസം വകുപ്പിനെ പ്രതിനിധീകരിച്ച് ഡിപിടിസി സെക്രട്ടറി ജെ.കെ.ജിജേഷ് കുമാർ, ടി.ആർ.ശരത്ത് കുമാർ എന്നിവരും സഞ്ചാരികളെ സ്വാഗതം ചെയ്യാൻ എത്തിയിരുന്നു. രണ്ടു വർഷത്തിനു ശേഷമാണ് അഴീക്കൽ തുറമുഖത്ത് കപ്പൽ അടുക്കുന്നത്.

ഒഴുകുന്ന ആഡംബരം
40 മീറ്റർ നീളവും 8.6 മീറ്റർ വീതിയും മൂന്ന് ഡെക്കുകളുമുള്ള ശീതീകരിച്ച യോട്ടിൽ മാസ്റ്റർ ബെഡ് റൂം ഉൾപ്പെടെ നാല് കിടപ്പുമുറികളുണ്ട്. എട്ടുപേർക്ക് യാത്ര ചെയ്യാം. ജിം, ബാർ, സ്പാ, വൈൻ സെല്ലാർ, വിശാലമായ ഡൈനിങ് ഹാൾ, ജക്കൂസി, സ്കൈ ലോഞ്ച് തുടങ്ങി എല്ലാം അത്യാഡംബരം നിറഞ്ഞവയാണ്. മൂന്ന് ഡെക്കുകളെയും ബന്ധിപ്പിച്ച് ലിഫ്റ്റ് സൗകര്യവുമുണ്ട്.  അമേരിക്കൻ പൗരനായ ക്യാപ്റ്റൻ റെയ്മണ്ട് പീറ്റർ സൈമൺ ഉൾപ്പെടെ 7 ജീവനക്കാരാണ് യോട്ടിലുള്ളത്. ഒരാഴ്ചത്തേക്ക് ചാർട്ടർ ചെയ്യാൻ 95,000 ഡോളർ മുതൽ 1,05,000 ഡോളർ വരെയാണ് നിരക്ക്. (മറ്റു ചിലവുകൾ ഉൾപ്പെടെ കണക്കാക്കുമ്പോൾ ഒരു കോടി രൂപയോളം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com