ADVERTISEMENT

കാഞ്ഞങ്ങാട് ∙ ഇടതുപക്ഷത്തിന് ഉറപ്പുള്ള മണ്ഡലങ്ങളിൽ ഒന്നാണ് കാഞ്ഞങ്ങാട്. 1987ൽ എൻ. മനോഹരനിലൂടെ കോൺഗ്രസ് അട്ടിമറി വിജയം നേടിയത് ഒഴിച്ചു നിർത്തിയാൽ എന്നും ഇടതുപക്ഷത്തിനൊപ്പം നിന്ന ചരിത്രമാണ് കാഞ്ഞങ്ങാടിന് പറയാനുള്ളത്. ഹൊസ്ദുർഗ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന മണ്ഡലം 2011 മുതലാണ് കാഞ്ഞങ്ങാട് എന്ന പേരിലേക്ക് മാറിയത്. 1977 മുതൽ സിപിഐ മത്സരിക്കുന്ന മണ്ഡലം. ഇത്തവണയും വിജയം കൂടെ തന്നെ നിൽക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 80558 വോട്ടാണ് സിപിഐ സ്ഥാനാർഥിയായ ഇ.ചന്ദ്രശേഖരൻ നേടിയത്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ധന്യ സുരേഷ് 54547 വോട്ടും നേടി. 26,011 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇ.ചന്ദ്രശേഖരൻ വിജയിച്ചു. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കിയാൽ എൽഡിഎഫിന്റെ ഭൂരിപക്ഷം ‍2221 വോട്ട് മാത്രമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 64,573 വോട്ട് കിട്ടി. എൽഡിഎഫിന് 82,445 വോട്ടും. രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ഇ.ചന്ദ്രശേഖരൻ തന്നെ വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

ചന്ദ്രശേഖരനല്ലെങ്കിൽ സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, ബങ്കളം കുഞ്ഞിക്കൃഷ്ണൻ എന്നിവരിൽ ആരെങ്കിലും സ്ഥാനാർഥിയായേക്കും. കോൺഗ്രസിൽ രാജു കട്ടക്കയം, പി.വി.സുരേഷ്, പത്മരാജൻ ഐങ്ങോത്ത്, വിഘ്നേശ്വര ഭട്ട് എന്നീ പേരുകളും ഉയരുന്നുണ്ട്. ബിജെപി സ്ഥാനാർഥി ചർച്ച തുടങ്ങിയിട്ടില്ല.

സോഷ്യലിസ്റ്റിൽ തുടക്കം

1957ൽ സോഷ്യലിസ്റ്റ് നേതാവ് കെ.ചന്ദ്രശേഖരനാണ് കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് ആദ്യം മത്സരിച്ച് ജയിച്ചത്. സ്വാതന്ത്ര സമര സേനാനിയായിരുന്ന കെ.മാധവനെ ആണ് അദ്ദേഹം തോൽപിച്ചത്. പിഎസ്പി ടിക്കറ്റിൽ മത്സരിച്ച് ഇടതുപക്ഷ സ്ഥാനാർഥിയായ മാധവനെ തോൽപിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ഇന്നത്തെ ഉദുമ മണ്ഡലത്തിന്റെ പാതിയും അന്നത്തെ ഹൊസ്ദുർഗ് മണ്ഡലത്തിൽ പെട്ടതായിരുന്നു. 1960ൽ നടന്ന തിരഞ്ഞെടുപ്പിലും‍ കെ.ചന്ദ്രശേഖരന് തന്നെയായിരുന്നു വിജയം. കൂടാതെ അദ്ദേഹം റവന്യു-നിയമ മന്ത്രിയുമായി. 65ൽ നടന്ന തിരഞ്ഞെടുപ്പിലും സോഷ്യലിസ്റ്റുകൾക്കായിരുന്നു വിജയം. എൻ.കെ.ബാലകൃഷ്ണനാണ് അന്ന് വിജയിച്ചത്. രണ്ടു വർഷം കഴിഞ്ഞ് വീണ്ടും വന്ന തിരഞ്ഞെടുപ്പിൽ എൻ.കെ.ബാലകൃഷ്ണൻ തന്നെ ജയിച്ചു. 70ൽ നടന്ന തിരഞ്ഞെടുപ്പിലും എൻ.കെ.ബാലകൃഷ്ണൻ തന്നെ ജയിച്ചു, ആരോഗ്യ മന്ത്രിയുമായി. 77മുതൽ മണ്ഡലം സംവരണമായി. 77, 80, 82 തിരഞ്ഞെടുപ്പുകളിൽ സിപിഐ സ്ഥാനാർഥിയായി കെ.ടി.കുമാരൻ മണ്ഡലത്തിൽ നിന്നു ജയിച്ചു. 1987ൽ ആദ്യമായി എൻ.മനോഹരൻ മാസ്റ്ററിലൂടെ കോൺഗ്രസ് ജയിച്ചു. പിന്നീട് 91ലും 96ലും എം.നാരായണൻ ജയിച്ചു. 2001ൽ നാരായണന്റെ സഹോദരൻ കൂടിയായ എം.കുമാരൻ മത്സരിച്ച് ജയിച്ചു. 2006ൽ പള്ളിപ്രം ബാലൻ വിജയിച്ചു. 2011ൽ മണ്ഡലം ജനറൽ സീറ്റായി. ഇ.ചന്ദ്രശേഖരൻ മത്സരിച്ച് ജയിച്ചു. 2016ലും ഇദ്ദേഹം സീറ്റ് നിലനിർത്തി റവന്യൂ മന്ത്രിയുമായി.

കാണിയൂർ റെയിൽപാത

ജില്ല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാഞ്ഞങ്ങാട്-കാണിയൂർ പാതയുടെ ഭൂരിഭാഗം കടന്നു പോകുന്നത് കാഞ്ഞങ്ങാട് മണ്ഡലത്തിലൂടെ ആണ്. സംസ്ഥാന സർക്കാർ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും പ്രതീക്ഷിച്ച വേഗം പദ്ധതിക്ക് ഇല്ല. കർണാടകയുടെ ഭാഗത്ത് നിന്നു വേണ്ട സഹകരണം കിട്ടാത്തതും തടസ്സമാകുന്നു. മികച്ച ചികിത്സ സൗകര്യം ഇല്ലാത്തത് മണ്ഡലം നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. കോവിഡ് കാലത്ത് ജില്ല അനുഭവിച്ച പ്രധാന പ്രശ്നവും ചികിത്സ സൗകര്യത്തിലെ അപര്യാപ്തതയായിരുന്നു. അജാനൂരിൽ ചെറു മത്സ്യബന്ധന തുറമുഖം വേണമെന്ന വർഷങ്ങളുടെ ആവശ്യത്തിന് പരിഹാരമാകാത്തത് തീരദേശ മേഖലയുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം
കാഞ്ഞങ്ങാട് നഗരസഭ- എൽഡിഎഫ്
അജാനൂർ.- എൽഡിഎഫ്
മടിക്കൈ- എൽഡിഎഫ്
കിനാനൂർ കരിന്തളം- എൽഡിഎഫ്
കോടോംബേളൂർ - എൽഡിഎഫ്
പനത്തടി- എൽഡിഎഫ്
കള്ളാർ- യുഡിഎഫ്
ബളാൽ - യുഡിഎഫ്.

നിയമസഭ (2016), ലോക്സഭ (2019), തദ്ദേശ (2020) തിരഞ്ഞെടുപ്പുകളിലെ ഭൂരിപക്ഷം
2016 - 26,011 (എൽഡിഎഫ്)
2019- ‍2221 (എൽഡിഎഫ്)
2020- 17872 (എൽഡിഎഫ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com