ADVERTISEMENT

കാസർകോട് ∙ ‘മുൻപ് എപ്പോൾ പുറത്തു പോയാലും മാഷ് എവിടെയെത്തിയെന്ന് ഇടയ്ക്ക് ഒന്ന് അദ്ദേഹത്തെ ഫോണിൽ വിളിച്ചുനോക്കും. എന്നാൽ ഇപ്പോൾ ആ ഫോൺ വിളി ഞാൻ നിർത്തി.’ പറയുന്നത് കാസർകോട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണന്റെ ഭാര്യ എം.കെ.പ്രേമ. ‘ഇപ്പോൾ എപ്പോഴും കൂടെ ആളുകളല്ലേ, അതിനാൽ കുഴപ്പമൊന്നും ഉണ്ടാവില്ല എന്നറിയാവുന്നതു കൊണ്ടാണ് വിളിക്കാത്തത്. പിന്നെ വിളിച്ചാലൊട്ടും കിട്ടാറുമില്ല.’– പ്രേമ തുടർന്നു.

രാവിലെ പ്രേമ സ്നേഹത്തോടെയിട്ടു കൊടുക്കുന്ന കട്ടൻചായ കുടിച്ച് തുടങ്ങുന്ന ബാലകൃഷ്ണൻ മാഷിന്റെ പതിവു ശീലങ്ങൾക്കു തിരഞ്ഞെടുപ്പു കാലത്തും മാറ്റമൊന്നുമില്ല. പുലർച്ചെ 4ന് ഉണരും. ചെറിയ വ്യായാമങ്ങൾ. വീട്ടിലെ കൃഷിപ്പണികൾക്ക് പതിവു സമയം കിട്ടുന്നില്ല.പൊടിശല്യവും ചൂടും എല്ലാ സ്ഥാനാർഥികളെയും പോലെ ബാലകൃഷ്ണനെയും വലച്ചിട്ടുണ്ട്.

വെയിലത്തിറങ്ങിയുള്ള നടത്തവും വണ്ടിയിലെ എസിയുടെ തണുപ്പും കൂടി അലർജി ഇടയ്ക്കിടെ പ്രശ്നമാക്കുന്നു. ഇതിനുള്ള ആയുർവേദ മരുന്നും ഭാര്യ രാവിലെ ബാഗിൽ വച്ചുകൊടുക്കും. ‘തിരക്കിട്ട യാത്രയും കൊണ്ട് ഭാരം 4 കിലോയോളം കുറഞ്ഞിട്ടുണ്ട്. പക്ഷേ അതിന്റെ ക്ഷീണമൊന്നുമില്ല.’ –ബാലകൃഷ്ണൻ പറഞ്ഞു. എല്ലാത്തിനും മാഷിന് വലംകയ്യായി സുഹൃത്ത് സുമേഷ് സ്ഥിരം കൂടെയുണ്ട്.

‘വിജയം ഉറപ്പാണെങ്കിലും ചില ചാനലുകളിലെ സർവേ റിപ്പോർട്ടുകൾ കേൾക്കുമ്പോൾ വിഷമം ഉണ്ടാവാറുണ്ടെന്ന് പ്രേമ പറ‍ഞ്ഞതും മാഷ് തടഞ്ഞു. ‘അങ്ങനെ ഒന്നും വേണ്ടെന്നും വിജയം ഉറപ്പെന്നും’ ബാലകൃഷ്ണന്റെ മറുപടി. ‘ജയിക്കാതിരിക്കാനുള്ള ഒരു മാർഗവും കാണുന്നില്ല, ഒരു ലക്ഷത്തിനു മുകളിൽ വോട്ടുകൾ പാർട്ടി സ്വന്തമായി ചേർത്തിട്ടുണ്ട്.

അത് ഭൂരിപക്ഷമുയർത്തും.’ ബാലകൃഷ്ണൻ തിക‍ഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കായിക്കോട് സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയായി വിരമിച്ചതാണ് പ്രേമ. രണ്ടു മക്കളിൽ മുത്തവൾ പ്രതിഭ ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്. രണ്ടാമത്തെ മകൾ പ്രവീണ യുകെയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com