ADVERTISEMENT

കൊല്ലം/ഇരവിപുരം∙ മീൻ കിട്ടാനില്ല; ഉളളതിനു പൊള്ളുന്ന വില. മയ്യനാട്, താന്നി, ഇരവിപുരം കടപ്പുറത്തുനിന്നു കട്ടമരങ്ങളിൽ മീൻ പിടിക്കാൻ പോകുന്നവർക്കു നിരാശയാണ്. മത്സ്യം തേടി പുലർച്ചെ കടലിൽ പോയി മടങ്ങുമ്പോൾ ഒരു കുട്ട മീൻ പോലും കിട്ടില്ല. തോടി(വെള്ളക്കാ കണ്ണൻ), അയല, നത്തോലി പൊടി, കാരൽ, വേളാപാര കുഞ്ഞ്, കണ്ണൻ തിരുവ എന്നിവയാണു കഴിഞ്ഞ ദിവസം ലഭിച്ചത്.  നേരത്തെ  100 രൂപയ്ക്കു വിറ്റിരുന്ന തോടിക്ക് ഇരട്ടിയാണു വില. കോവിഡ് ഭീതിയിൽ ഇപ്പോൾ മത്സ്യമാർക്കറ്റുകൾ പ്രവർത്തിക്കുന്നില്ല. 

അതിനാൽ മീൻ കച്ചവടക്കാർ റോഡരികിൽ തണൽ പറ്റിയാണു വിൽപന. കൂട്ടം കൂടിയുള്ള വിൽപനയ്ക്കും നിയന്ത്രണമുണ്ട്. കായൽ മത്സ്യലഭ്യതയും കുറഞ്ഞിട്ടുണ്ട്. ഞണ്ടിനു കിലോ 600 രൂപ വരെ വിലയുണ്ട്. വലിയ ബോട്ടുകളിൽ കൊണ്ടു വരുന്ന മീനുകളിൽ കേരച്ചൂരയാണു താരം. കിലോയ്ക്ക് 300 രൂപയാണു വില. നെയ്മീൻ കിലോയ്ക്ക് 900 രൂപ വില വരും.ശാസ്താംകോട്ട ഉൾപ്പെടെയുള്ള മേഖലകളിൽ മത്തിയുടെ വില 300 വരെയെത്തി. നല്ല മത്സ്യങ്ങൾ കിട്ടാതായതോടെ കോഴിയിറച്ചിക്കും പോത്തിറച്ചിക്കും ആവശ്യക്കാരേറെയാണ്. നാട്ടുപ്രദേശങ്ങളിൽ പലയിടത്തും 200 രൂപയ്ക്ക് 600 ഗ്രാം ബീഫ് പൊതികളുടെ വിൽപനയും ആരംഭിച്ചിട്ടുണ്ട്.

കൊട്ടാരക്കര മേഖലയിൽ കഴിഞ്ഞ ദിവസം കേര, ചൂര മീനുകൾ വിറ്റത് കിലോയ്ക്ക് 650 രൂപയ്ക്കാണ്. അതേസമയം, ഇന്നലെ പുലർച്ചെ വാടിയിൽ 280 രൂപയ്ക്കാണു കേരയുടെ വിൽപന നടത്തിയത്. നെയ്മീന് 650 രൂപയും. കഴിഞ്ഞ ദിവസങ്ങളിൽ കേര, ചൂര മീനുകളും നെയ്മീനും മാത്രമാണു വാടിയിൽ എത്തിയിരുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com