ADVERTISEMENT

കടയ്ക്കൽ ∙ പാമ്പിന്റെയും പഴുതാരയുടെയും ശല്യത്തിൽ നിന്നു കാറ്റാടിമൂട് ഭാർഗവ വിലാസത്തിൽ ഇന്ദുവിനും കുടുംബത്തിനും മോചനം. പ്രവാസിയായ പത്തനംത്തിട്ട കോഴഞ്ചേരി കീഴ്പായ്പേരൂർ മേത്തറിൽ വീട്ടിൽ ശോഭന ജോർജ് ഇന്ദുവിനു നിർമിച്ചു നൽകിയ വീട് വിഷു കൈനീട്ടമായി ഇന്നലെ കൈമാറി. ദുബായ്‌യിൽ 33 വർഷമായി നഴ്സാണു ശോഭന ജോർജ്. ദുബായ് എമിറേറ്റ്സ് മലയാളി നഴ്സസ് കുടുംബത്തിലെ അംഗവും.

കാറ്റാടിമൂട് ജംക്‌ഷനു സമീപത്തു മണ്ണു കൊണ്ടു നിർമിച്ച 70 വർഷം പഴക്കമുള്ള വീട്ടിലായിരുന്നു ഇന്ദുവും ഭർത്താവ് ബൈജുവും മകൻ അർജുനും താമസിച്ചിരുന്നത്. ഇഴജന്തുക്കൾ ഉൾപ്പെടെ വീടിനകത്തും പരിസരത്തും താവളം ആക്കിയിരുന്നു. ഇതിനിടയിൽ വീടിനകത്തു വച്ച് ഇന്ദുവിനു പാമ്പിന്റെ കടിയേറ്റു. പൊട്ടി പൊളിഞ്ഞ വീട്ടിലെ ഇന്ദുവിന്റെയും കുടുംബത്തിന്റെയും കഥ അഡ്വ. എസ്.സെബി വഴി പുറത്തറിഞ്ഞു. ഇതറിഞ്ഞ ശോഭന ജോർജ് ഇവരുമായി ബന്ധപ്പെട്ട് വീട് നിർമിച്ചു നൽകാമെന്ന് ഉറപ്പു നൽകി. 

8 ലക്ഷം രൂപയോളം ചെലവഴിച്ച് ആണ് ഇന്ദുവിനും കുടുംബത്തിനും വീടു നിർമിച്ചത്. വീടിന്റെ താക്കോൽ ശോഭന ജോർജ് ഇന്ദുവിനു കൈമാറി. പരിസരവാസികളും ഇന്ദുവിന്റെയും ബൈജുവിന്റെയും ബന്ധുക്കളും നാട്ടുകാരും സാക്ഷ്യം വഹിച്ചു. ശോഭന ജോർജിന്റെ ഭർത്താവ് ജോർജ് തോമസും വിദേശത്താണ്. 3 മക്കളുണ്ട്.

ഒട്ടേറെ കുടുംബങ്ങളെ ശോഭന ജോർജ് സഹായിച്ചിട്ടുണ്ട്. അടുത്തിടെ ജപ്തി ഭീഷണിയിൽ കഴിഞ്ഞ കൊല്ലം പുത്തൂർ ഐവർകാല സ്വദേശിക്കു വായ്പ തീർത്ത് ആധാരം വീണ്ടെടുത്തു നൽകാനും ശോഭന ജോർജ് സന്നദ്ധയായിരുന്നു. ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നന്നായി ഉണ്ടെന്നു ശോഭന ജോർജ് പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com