ADVERTISEMENT

കോട്ടയം ∙ കെഎസ്ആർടിസി ബസിൽ മിൽമ ബൂത്ത്! മാറ്റത്തിന്റെ പാതയിൽ കെഎസ്ആർടിസിയും മിൽമയും കൈകോർക്കുന്നു.  കോട്ടയം ഡിപ്പോയുടെ മുന്നിലാണ് ബൂത്ത് വരിക.  പൊളിച്ച് വിൽക്കാൻ തീരുമാനിച്ച ബസുകളിൽ ഒന്നാണ് മിൽമ ഏറ്റെടുത്തത്. കെഎസ്ആർടിസി വർക് ഷോപ്പിൽ പണികൾ തീർത്ത് ബസ് മിൽമയ്ക്ക് കൈമാറിയെന്നു ഡിടിഒ എസ്. രമേശ് പറഞ്ഞു. കെഎസ്ആർടിസി വളപ്പിൽ തന്നെയാണ് ബൂത്തിനു സ്ഥലം അനുവദിച്ചത്. കോവിഡ് ഭീഷണി മാറുന്നമുറയ്ക്ക് ബൂത്ത് ആരംഭിക്കുമെന്നു മിൽമ അധികൃതർ പറഞ്ഞു.  ബസിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. 

 തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റാൻഡിലാണ്  ബൂത്ത് ആദ്യമായി പരീക്ഷിച്ചത്. അത് വിജയമായി.  ജില്ലയിൽ ആദ്യത്തെ സംരംഭമാണ്. എല്ലാമാസവും നിശ്ചിത തുക വാടകയായി കെഎസ്ആർടിസിക്ക് ലഭിക്കും.  കോവിഡ് പശ്ചാത്തലത്തിൽ പാൽ വിതരണത്തിനു പുതിയ സംവിധാനം ആരംഭിക്കുമെന്നും മിൽമ അറിയിച്ചു. വീട്ടുപടിക്കൽ പാൽ എത്തിക്കുന്ന പദ്ധതിയാണ്  തുടങ്ങുന്നത്. ഫ്ലാറ്റ് – റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകളുമായി സഹകരിച്ചാണ് പദ്ധതി. 

64,000 ലീറ്റർ പാലാണ് ഇപ്പോൾ എല്ലാ ദിവസവും ജില്ലയിൽ വിറ്റഴിയുന്നത്. ഇത് 70,000  – 75,000 ലീറ്റർ വരെ എത്തിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ഏജൻസികൾക്ക് പുറമേയാണ് ഈ സംവിധാനം. ലോക്ഡൗൺ കാരണം പല മേഖലകളിലും ആൾക്കാർ കടകളിലേക്ക് പോകാൻ ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടാൽ പാൽ അവർ പറയുന്ന കേന്ദ്രങ്ങളിൽ എത്തിക്കും.   

വടവാതൂരിലെ  മിൽമ ഡെയറിക്ക് ജില്ലയിൽ 3 മേഖലാ കേന്ദ്രങ്ങൾ കൂടിയുണ്ട്.  മരങ്ങാട്ടുപിള്ളി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ. ഇവിടങ്ങളിൽ  നിന്നു കൂടി പാൽ വീടുകളിൽ എത്തിക്കും. ഇതേസമയം കർഷകരിൽ നിന്നും പശു ഫാമുകളിൽ നിന്നും വടവാതൂർ ഡെയറിയിൽ നേരിട്ട് പാൽ ശേഖരിക്കുന്നതിനുള്ള  സംവിധാനം വിപുലപ്പെടുത്തി. ഹോട്ടലുകൾ പൂർണ തോതിൽ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ, അവിടങ്ങളിൽ പാൽ നൽകിയിരുന്ന കർഷകർക്കും ഇനി ഡെയറിയിൽ പാൽ എത്തിക്കാം. മിൽമ വടവാതൂർ ഡെയറി മാനേജർ ടോമി ജോസഫിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com