ADVERTISEMENT

ഏറ്റുമാനൂർ ∙ ഓട്ടിസമുള്ള കുട്ടികൾക്കായി നിർമാണം പൂർത്തിയാകുന്ന മൾട്ടി സെൻസറി പാർക്ക് ഓണത്തിനു ശേഷം ഉദ്ഘാടനം ചെയ്യും. 

ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ജനകീയാസൂത്രണത്തിന്റെ രജതജൂബിലി സ്മാരകമായി ഇതു പ്രഖ്യാപിക്കും. സംസ്ഥാന തലത്തിൽ തദ്ദേശ സ്ഥാപനം ആദ്യമായാണ് ഇങ്ങനെ ഒരു പാർക്ക് നിർമിക്കുന്നത്. ഇത് കൂടാതെ ഒരു വർഷം നീളുന്ന മറ്റു പുതിയ കർമപരിപാടികൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഇന്നു തുടക്കം കുറിക്കും.

കുട്ടികളിൽ ഇന്ദ്രിയങ്ങൾ മുഖാന്തരമുള്ള പ്രതികരണശേഷി വളർത്തുന്ന പാർക്കാണ് അമ്മഞ്ചേരിയിലുള്ള മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി വളപ്പിൽ പൂർത്തിയാകുന്നത്. ബ്ലോക്ക് പഞ്ചായത്തിനു പുറമേ സർക്കാരിന്റെ വിവിധ ഏജൻസികൾ കൂടി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഡോ. പി. സവിത കുട്ടികളുടെ ആശുപത്രി സൂപ്രണ്ടായിരുന്നപ്പോഴാണ് പദ്ധതി ബ്ലോക്ക് പഞ്ചായത്തിനു മുൻപാകെ സമർപ്പിച്ചത്. 

ജില്ലാ ആസൂത്രണ സമിതിയുടെയും തദ്ദേശ വകുപ്പ് കോർഡിനേഷൻ കമ്മിറ്റിയുടെയും അനുമതിയോടെയാണ് നിർമാണം. പ്രധാന റോഡിൽ നിന്നു കുട്ടികളുടെ ആശുപത്രിയിലേക്കുള്ള മുഖ്യ വഴിയുടെ ഇടതു വശത്ത് 2 ഏക്കറിലാണ് പാർക്ക്. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കിയും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് നിർമാണം. പ്രകൃതി സൗഹാർദ അന്തരീക്ഷം നിലനിർത്തും. കുട്ടികളുടെ പരിശീലനത്തിനും പെരുമാറ്റ രൂപീകരണത്തിനും ആവശ്യമായ സംവിധാനങ്ങൾ ശാസ്ത്രീയമായി സജ്ജീകരിച്ചിട്ടുണ്ട്.

പ്രകൃതിയെ തൊട്ടറിയാനും കണ്ടറിയാനും കുട്ടികളെ ഇവിടെ പരിശീലിപ്പിക്കും. സ്പർശന ബോർഡ്‌, വിവിധ കാഴ്ച ഉദ്ദീപന ഉപകരണങ്ങൾ എന്നിവയാണ് ഇതിനായി ഉള്ളത്. വിവിധ നിറങ്ങൾ തിരിച്ചറിയാനുള്ളതാണ് മറ്റൊരു സംവിധാനം. ശബ്ദം, കാലാവസ്ഥാ മാറ്റം, ഗന്ധം എന്നിവ തിരിച്ചറിയാനും ഇത്തരം ശേഷികൾ പരിപോഷിപ്പിക്കാനുമുള്ള സംവിധാനങ്ങളും പാർക്കിൽ ഉണ്ട്.

ജനകീയാസൂത്രണത്തിന്റെ രജതജൂബിലിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷം ഇന്നു 2നു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷത വഹിക്കും. ജനകീയാസൂത്രണ പ്രവർത്തകരെ ആദരിക്കും.

നടപ്പാക്കുന്ന മറ്റു പദ്ധതികൾ

∙ ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന മറ്റു പദ്ധതികൾ: വേദഗിരി മിയാവാക്കി വനം, കുമരകം കണ്ടൽ വനം, മെഡിക്കൽ കോളജ് ആശുപത്രിയിലെ പച്ചത്തുരുത്ത് സംരക്ഷിക്കും. 11 അങ്കണവാടികൾ സ്മാർട്ടാക്കും. വയോജന പാർക്കുകൾ സ്ഥാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com