ADVERTISEMENT

കോഴിക്കോട്∙ ‘‘ ഞങ്ങൾ രണ്ടുപേർക്കും വോട്ടു ചെയ്യാനുള്ള കാർഡുണ്ട്, പക്ഷേ റേഷൻകാർഡില്ല. ദിവസവും ഭക്ഷണം കഴിക്കാനുള്ള വക കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്.’’സൗത്ത് ബീച്ചിൽ ഫ്ലക്സ് ഷീറ്റുകളും മരക്കഷ്ണങ്ങളും കൊണ്ടുമറച്ച കുഞ്ഞുകുടിലിന്റെ മുന്നിലിരുന്ന് പാർവതിയും സിഞ്ചിവേലും പറയുന്നു. സിഞ്ചിവേലിന് പ്രായം ഏഴുപതാവുന്നു. ഭാര്യ പാർവതിക്ക് അറുപതു കഴിഞ്ഞു.

വയോധികനായ സിഞ്ചിവേലിനു കടൽക്കാറ്റേൽക്കുമ്പോൾ  തണുപ്പുസഹിക്കാൻ കഴിയില്ല. സിഞ്ചിവേലും പാർവതിയും മരത്തടികൾ ചീന്തി വിറകുണ്ടാക്കി കൊടുത്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. സൗത്ത് ബീച്ചിൽ ലോറികൾ നിർത്തുന്ന ഭാഗത്തിനടുത്തായാണ് കുടിൽ. ഒരാൾക്ക് തലമുട്ടാതെ അകത്തുകയറാൻ പറ്റില്ല.

പ്ലാസ്റ്റിക് ചാക്കുകൊണ്ട് കെട്ടിയുണ്ടാക്കിയ വാതിൽ ഒരു കയറുപയോഗിച്ചാണ് കെട്ടിയിടുന്നത്.  തമിഴ്നാട്ടിലെ കടലൂർ സ്വദേശികളാണ് ഇരുവരും അൻപതു വർഷത്തോളമായി കോഴിക്കോട്ടാണ് സ്ഥിരതാമസം.ഇവരുടെ മൂന്നു മക്കളും  പത്താംക്ലാസ് വരെ കുറ്റിച്ചിറ സ്കൂളിലാണ് പഠിച്ചത്. മൂത്ത രണ്ടു പെൺമക്കളെയും കടലൂരിലാണ് വിവാഹം കഴിച്ചയച്ചത്. ഇളയ മകൻ വേൽമുരുകൻ കോഴിക്കോട്ടുതന്നെ പെയിന്റിങ്ങ് തൊഴിലാളിയാണ്. വേൽമുരുകന്റെ ഭാര്യയും കുട്ടിയും കടലൂരിലാണ്.

ലോക്ഡൗൺ വന്ന ശേഷം നാട്ടിൽപോവാൻ കഴിഞ്ഞിട്ടില്ല. ഇവിടെ ജോലിയുമില്ല. ലോക്ഡൗൺ കാലത്ത് സന്നദ്ധ സംഘടനകൾ വിതരണം ചെയ്ത ഭക്ഷണപ്പൊതിയായിരുന്നു ഏക ആശ്രയം. വേൽമുരുകനു വോട്ട് കടലൂരിലാണ്. പാർവതിക്കും സിഞ്ചിവേലിനും വോട്ട് കുറ്റിച്ചിറ സ്കൂളിലെ ബൂത്തിലാണ്. സിഞ്ചിവേൽ പറയുന്നു: ‘‘അടുത്ത പതിനാലിനാണ് വോട്ട്. എന്തായാലും വോട്ടു ചെയ്യും. പക്ഷേ കൗൺസിലർ ഇത്തവണയെങ്കിലും ഞങ്ങളുടെ റേഷൻകാർഡ് ശരിയാക്കിത്തരണം.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com