ADVERTISEMENT

മുക്കം∙ മലയാളികൾ നെഞ്ചേറ്റു വാങ്ങിയ ‘എന്നു നിന്റെ മൊയ്തീനിലെ’ യഥാർഥനായകൻ ബി.പി.മൊയ്തീന്റെ ഓർമകളുറങ്ങുന്ന തെയ്യത്തുംകടവ്... സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹ്മാന്റെ പ്രസംഗത്തിനു കാതോർത്ത കൊടിയത്തൂർ അങ്ങാടി. വയനാട് മണ്ഡലത്തിന്റെ ഭാഗമായ മുക്കത്തെ തെയ്യത്തും കടവിൽനിന്ന് കൊടിയത്തൂരിലേക്കുള്ള നാട്ടുവഴിയിലൂടെ ഇന്നലെ റോഡ് ഷോയുമായി രാഹുൽ ഗാന്ധി എത്തിയപ്പോൾ പുതിയ ചരിത്രം പിറക്കുകയായിരുന്നു. രാവിലെ 11ന് ആണ് രാഹുൽഗാന്ധി തെയ്യത്തുംകടവ് പാലത്തിനു സമീപം എത്തിയത്. രാഹുൽ ഗാന്ധിയെ കാത്ത് രാവിലെ എട്ടര മുതൽ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. അവരെ അഭിവാദ്യം ചെയ്തശേഷം തുറന്ന വാഹനത്തിലേക്ക് കയറി. 

റോഡിന്റെ ഇരുവശത്തും വീട്ടുമതിലുകളിലും കെട്ടിടങ്ങൾക്കു മുകളിലുമൊക്കെ ആളുകൾ രാഹുലിനെ കാണാൻ കാത്തുനിൽക്കുകയായിരുന്നു. കുട്ടികളോട് സംസാരിച്ചും കൈകൊടുത്തുമൊക്കെ മുന്നോട്ടുനീങ്ങിയ രാഹുൽഗാന്ധി കൊടിയത്തൂർ അങ്ങാടിയിൽ പതിനൊന്നരയോടെയാണ് എത്തിയത്. കൊടിയത്തൂരിൽ കാത്തുനിന്ന വീട്ടമ്മമാരും കുട്ടികളുമടങ്ങിയ ജനങ്ങളെ അഭിവാദ്യം ചെയ്തും കൈകൊടുത്തുമാണ് റോഡ് ഷോ അവസാനിപ്പിച്ചത്. കുട്ടികൾ വരച്ച ചിത്രങ്ങൾ ഏറ്റുവാങ്ങി. ഓട്ടോഗ്രഫുകൾ ഒപ്പിട്ടുനൽകി. മഹാത്മാഗാന്ധിയുടെ വേഷം അണിഞ്ഞെത്തിയ കുരുന്നിനും കൈകൊടുത്തു. നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു കൊണ്ടാണ് പ്രസംഗിച്ചത്.

രാജ്യം നേരിടുന്ന പ്രധാനപ്രശ്നം ബിജെപിയും ആർഎസ്എസും ഭരണഘടനയെ നശിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളാണെന്നു രാഹുൽഗാന്ധി പറഞ്ഞു. യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയെന്നതു മാത്രമാണ് മോദിയുടെ ജോലി. ഒന്നുകിൽ മോദി കടലിനടിയിൽ പൂജ ചെയ്യുന്നു. അല്ലെങ്കിൽ ആകാശത്ത് പറന്നു നടക്കുന്നു. രാജ്യത്തെ വിലവർധനയെക്കുറിച്ചോ കർഷക പ്രശ്നങ്ങളെക്കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ ഒരക്ഷരം മിണ്ടാറില്ല. എന്നാൽ അതിസമ്പന്നരുടെ കോടിക്കണക്കിനു രൂപയുടെ കടങ്ങൾ എഴുതിത്തള്ളുകയും ചെയ്യുന്നുവെന്നും രാഹുൽ പറഞ്ഞു.  രാജ്യത്തെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി അവിടുത്തെ ഓരോ സ്ത്രീയുടെ അക്കൗണ്ടിലും ഒരു വർഷം ഒരു ലക്ഷം രൂപ എത്തിക്കുകയെന്നതാണ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടത്. 

റൈറ്റ് റ്റു ഇന്റേൺഷിപ്പ്’ നിയമം നടപ്പാക്കുകയാണ് മറ്റൊരു ലക്ഷ്യം. കേന്ദ്രസർക്കാർ മൂലം തൊഴിൽരഹിതരായി മാറിയ യുവാക്കൾക്ക് തൊഴിൽ പരിശീലനം അവകാശമാക്കി മാറ്റുമെന്നും രാഹുൽഗാന്ധി പറഞ്ഞു. രാഹുൽഗാന്ധിയുടെ പ്രസംഗം ജ്യോതി വിജയകുമാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. റോഡ്ഷോയിൽ തെലങ്കാന ഗ്രാമവികസന മന്ത്രി ദൻസാരി അനസൂയ സീതാക്ക, എം.എം.ഹസൻ, ടി.സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ, തിരഞ്ഞെടുപ്പു കമ്മിറ്റി വർക്കിങ് ചെയർമാൻ സി.പി.ചെറിയ മുഹമ്മദ്, ജനറൽ കൺവീനർ എ.പി.അനിൽകുമാർ തുടങ്ങിയവരും ഉണ്ടായിരുന്നു.

വയനാട് മണ്ഡലത്തിൽ ഏറെ പ്രധാനപ്പെട്ട 3  പ്രശ്നങ്ങളുണ്ട്: രാഹുൽ ഗാന്ധി 
കോഴിക്കോട്∙ കൊടിയത്തൂരിൽ വയനാട് മണ്ഡലത്തിന്റെ പ്രതിസന്ധികൾ ഊന്നിപ്പറഞ്ഞ് രാഹുൽഗാന്ധി. വയനാട് മണ്ഡലത്തിൽ ഏറെ പ്രധാനപ്പെട്ട 3  പ്രശ്നങ്ങളുണ്ട്. രാത്രികാല യാത്രാ നിരോധനം കാരണം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ജനങ്ങൾ വന്യമൃഗശല്യം കാരണം പൊറുതിമുട്ടുകയാണ്. വയനാട്ടിൽ ഒരു മെഡിക്കൽകോളജ് എന്തുകൊണ്ടാണ് യാഥാർഥ്യമാകാത്തത് എന്നു മനസ്സിലാവുന്നില്ല. ഈ പ്രശ്നത്തിൽ മുഖ്യമന്ത്രിയുമായി വ്യക്തിപരമായി ചർച്ച നടത്തുകയും സർക്കാരിൽ സമ്മർദം ചെലുത്തുകയും ചെയ്തതാണ്. എന്നിട്ടും പദ്ധതി വൈകിക്കുകയാണ്. ഈ 3 പ്രശ്നങ്ങളും പരിഹരിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാഹുലിനെ കാണാൻ ആ കുട്ടികൾ വീണ്ടുമെത്തി 
മുക്കം∙ ആർ യു റിമംബർ മി ? എന്ന പ്ലക്കാ‍ർഡുമായി 3 കുരുന്നുകൾ രാഹുൽ ഗാന്ധിയെ കാണാൻ വീണ്ടുമെത്തി. കഴിഞ്ഞ തിരഞ്ഞടുപ്പ് കാലത്ത്, ‘‘രാഹുൽ ഗാന്ധി എന്റേതാ, എനിക്ക് കാണണ’’മെന്ന് ശാഠ്യം പിടിച്ച് കരഞ്ഞ പുതുക്കുടി നിദ ഫർഹ എന്ന കുരുന്നിന്റെ വിഡിയോ വൈറലായിരുന്നു. തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് 5 കൊല്ലം മുമ്പ് രാഹുൽ ഗാന്ധി മുക്കത്ത് എത്തിയപ്പോൾ നിദ ഫർഹയെ മടിയിലിരുത്തി കൊഞ്ചിക്കുകയും മിഠായി നൽകുകയും ചെയ്തിരുന്നു 

നിദയും സഹോദരങ്ങളായ ആദമും ബിദയുമാണ് ഇത്തവണ രാഹുൽ ഗാന്ധിയെത്തിയപ്പോൾ ആർ യു റിമംബർ മി ?എന്ന പ്ലക്കാർഡുകളുമായി കാണാനെത്തിയത്. കഴി‍ഞ്ഞ തവണ എത്തിയപ്പോൾ രാഹുൽ ഗാന്ധി എടുത്ത് നിൽക്കുന്ന ഫോട്ടോ പതിച്ച പ്ലക്കാർഡുകളുമായിട്ടായിരുന്നു ഇവർ എത്തിയിരുന്നത്. വൻ തിരക്ക് കാരണം നിദയുടെ സഹോദരൻ ആദമിന് മാത്രമേ ഇത്തവണ രാഹുൽ ഗാന്ധിയെ കാണാനും സംസാരിക്കാനുമായൂള്ളൂ. മഹാത്മാജിയുടെ വേഷത്തിലെത്തിയ ആദം രാഹുൽ ഗാന്ധിയെ ഹസ്തദാനം ചെയ്തു. രാഹുൽ ആദമിന് വെള്ളം നൽകി. കൊടിയത്തൂർ പുതുക്കുടി നൗഫലിന്റെ മക്കളാണിവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com