ADVERTISEMENT

എടക്കര ∙ ആദിവാസി‌‌‌‌‌  ഊരുകളിലെ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ എത്തുമ്പോൾ കൊണ്ടുവരേണ്ട സ്ലിപ് ബിഎൽഒമാർവിതരണം തുടങ്ങി. ഉൾക്കാട്ടിലെ ഊരുകളിൽ ചെന്നാണ് ആദിവാസി വോട്ടർമാരെ കണ്ടെത്തി സ്ലിപ് നൽകുന്നത്. ഇത്തവണ ആദിവാസികളുടെ സൗകര്യത്തിനായി കാട്ടിനുള്ളിൽ രണ്ട് പോളിങ് ബൂത്തുകളാണ് ക്രമീകരിക്കുന്നത്. ഒന്ന് ചാലിയാറിനക്കരെ മുണ്ടേരി വനത്തിൽ വാണിയമ്പുഴയിലും മറ്റൊന്ന് പുന്നപ്പുഴയ്ക്ക് അക്കരെ വഴിക്കടവ് വനത്തിലെ പുഞ്ചക്കൊല്ലിയിലുമാണ്. ‌‌വാണിയമ്പുഴ പോളിങ് ബൂത്ത് വാണിമ്പുഴ വനം സ്റ്റേഷനും പുഞ്ചക്കൊല്ലിയിലേത് കോളനിക്കു സമീപമുള്ള പട്ടിക വർഗ വകുപ്പിന്റെ മോഡൽ പ്രീ സ്കൂളാണ്. 

പുഞ്ചക്കൊല്ലി ബൂത്ത് പരിധിയിൽ പുഞ്ചക്കൊല്ലി, അളയ്ക്കൽ എന്നീ 2 കോളനികളിലെ 222 വോട്ടർമാരുണ്ട്. വാണിയമ്പുഴ ബൂത്തിൽ വാണിയമ്പുഴ, ഇരുട്ടുക്കുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി എന്നീ 4 കോളനികളിലെ 360 വോട്ടർമാരുമാണ് ഉള്ളത്. മുൻപ് നടന്ന തിരഞ്ഞെട‌ുപ്പുകളിലെല്ലാം കിലോമീറ്ററുകൾ കാട് താണ്ടിയാണ് ഇവർ പോളിങ് ബൂത്തിലെത്തിയിരുന്നത്. വോട്ട് ചെയ്യുന്നതിന് ആദിവാസികൾ നേരിടുന്ന യാത്രാദുരിതം ഒഴിവാക്കാനും ഇവരെ തിരഞ്ഞെടുപ്പിൽ പങ്കാളികാളാക്കുന്നതിനും വേണ്ടിയാണ് പുതിയ മോഡൽ ബൂത്തുകൾ അനുവദിച്ചത്. 


മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീർ മമ്പുറത്ത് വോട്ടർമാർക്കൊപ്പം.
മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീർ മമ്പുറത്ത് വോട്ടർമാർക്കൊപ്പം.

മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലയായതിനാൽ സുരക്ഷയ്ക്കായി കേന്ദ്രസേനയെ നിയോഗിക്കും. ആദിവാസി കോളനികളിൽ വോട്ടർമാരെ  ബോധവൽക്കരിക്കുന്നതിനും പോളിങ് ബൂത്തുകൾ സന്ദർശിക്കുന്നതിനും അടുത്തിടെ കലക്ടർ വി.ആർ.വിനോദും ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനും അടങ്ങുന്ന സംഘം സന്ദർശിച്ചിരുന്നു. മുഴുവൻ വോട്ടർമാരെയും എത്തിച്ച് വോട്ട് രേഖപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനം, ഐടിഡിപി വകുപ്പുകളുടെ സഹകരണത്തോടെ ഇതിനുള്ള പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.


വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി മൂത്തേടത്ത് നടത്തിയ റോഡ് ഷോ. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് സമീപം
വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി മൂത്തേടത്ത് നടത്തിയ റോഡ് ഷോ. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് സമീപം

ആദിവാസികളെ കയ്യിലെടുത്ത് തെലങ്കാന മന്ത്രി സീതക്ക
കരുളായി ∙ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് വോട്ട് അഭ്യർഥിച്ച് ഉൾവനത്തിലെ നെടുങ്കയം കോളനിയിൽ എത്തിയ തെലങ്കാന മന്ത്രി സീതക്ക ആദിവാസികളുടെ മനം കീഴടക്കി. സ്വീകരിക്കാനെത്തിയ ഗോത്രകലാസംഘത്തിനൊപ്പം ഇലത്താളം കൊട്ടിയും നൃത്തച്ചുവട് വച്ചും മന്ത്രി കൂടെക്കൂടി. വീടുകൾ കയറി ഇറങ്ങി കോളനി നിവാസികളുമായി സംവദിച്ചു. സ്ത്രീകളോട് പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. കുടുംബയോഗത്തിൽ തന്റെ ജീവിത സാഹചര്യങ്ങൾ പറഞ്ഞ് പ്രസംഗം തുടങ്ങി. മാവോയിസ്റ്റായുള്ള 10 വർഷത്തെ ഒളിജീവിതവും പരാമർശിച്ചു.

രാഹുൽ ഗാന്ധിക്ക് വോട്ട് അഭ്യർഥിച്ച് കരുളായി ഉൾവനത്തിൽ നെടുങ്കയം ആദിവാസി കോളനിയിലെത്തിയ തെലങ്കാന മന്ത്രി സീതക്ക കുഞ്ഞിനെ എടുത്ത് ലാളിക്കുന്നു. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവർ സമീപം.
രാഹുൽ ഗാന്ധിക്ക് വോട്ട് അഭ്യർഥിച്ച് കരുളായി ഉൾവനത്തിൽ നെടുങ്കയം ആദിവാസി കോളനിയിലെത്തിയ തെലങ്കാന മന്ത്രി സീതക്ക കുഞ്ഞിനെ എടുത്ത് ലാളിക്കുന്നു. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവർ സമീപം.

കോൺഗ്രസും രാഹുൽ ഗാന്ധിയും ചേർന്നാണ് പുതുജീവിതത്തിലേക്കു കൈ പിടിച്ചുയർത്തിയതെന്ന് വിശദീകരിച്ചു. രാഹുൽ ഗാന്ധിയെ വലിയ ഭൂരിപക്ഷത്തിന് ജയിപ്പിക്കണമെന്ന് സീതക്ക അഭ്യർഥിച്ചു. പി.വി. അബ്ദുൽ വഹാബ് എംപി, ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, വി.എ കരീം, എൻ.എ. കരീം, പാലോളി മെഹബൂബ്, ടി. സുരേഷ് ബാബു, ഇ.കെ. അബ്ദുറഹ്മാൻ, ശിവദാസൻ ഉള്ളാട് എന്നിവർ പ്രസംഗിച്ചു. മുണ്ടക്കടവ്, പുലിമുണ്ട കോളനി നിവാസികളുമായും സംവദിച്ചു.

കാവുംപുറം കാളിയാലയിൽ യുഡിഎഫ് കുടുംബയോഗത്തിൽ മുസ്‍ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പ്രസംഗിക്കുന്നു. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ സമീപം.
കാവുംപുറം കാളിയാലയിൽ യുഡിഎഫ് കുടുംബയോഗത്തിൽ മുസ്‍ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പ്രസംഗിക്കുന്നു. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ സമീപം.

ഇരുപത് സീറ്റിലും യുഡിഎഫ്  വിജയിക്കും: കുഞ്ഞാലിക്കുട്ടി
താനൂർ∙ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി അധികാരത്തിലേറുമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. നിയോജക മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി  സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമാണ് ഗാന്ധിജി വിഭാവനം ചെയ്യുന്ന ഇന്ത്യയെ തിരിച്ചുപിടിക്കാൻ കഴിയുക. ഇന്ത്യ മുന്നണി അധികാരത്തിൽ എത്തിയാൽ മതത്തിന്റെ പേരിൽ പൗരത്വം നൽകില്ലെന്ന് രാഹുൽ ഗാന്ധി ഇതിനകം വ്യക്തമാക്കിയതാണ്.

കേരളത്തിൽ ഇരുപത് സീറ്റിലും യുഡിഎഫ് വിജയം നേടുമെന്നും പറഞ്ഞു.     മുസ്‌ലിം ലീഗ്  ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഓൺലൈനായി പ്രസംഗിച്ചു. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, സെക്രട്ടറി അഡ്വ.എൻ.ഷംസുദ്ദീൻ, സി.പി. ബാവ ഹാജി, പി.അബ്ദുൽ ഹമീദ്  ,യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, കെപിസിസി സെക്രട്ടറി പി.എ.സലീം, പി.ടി.അജയ്മോഹൻ, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, അഡ്വ.എം.റഹ്‌മത്തുല്ല, പി.രത്നാകരൻ എന്നിവർ പ്രസംഗിച്ചു.   

കെ.ടി മുജീബിന് 
സൂര്യതാപമേറ്റ 
നിലയിൽ.
കെ.ടി മുജീബിന് സൂര്യതാപമേറ്റ നിലയിൽ.

പ്രചാരണത്തിനിടെ സിപിഎം നേതാവിന് സൂര്യാതപമേറ്റു
കാളികാവ് ∙ വയനാട് മണ്ഡലം സ്ഥാനാർഥി ആനി രാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം ചോക്കാട് ലോക്കൽ സെക്രട്ടറി കെ.ടി.മുജീബിനും മാധ്യമ പ്രവർത്തകൻ നിഷാന്ത് കൊടിയാടനും സൂര്യാതപമേറ്റു. ചോക്കാടിനും കാളികാവിനുമിടയിൽ പ്രചാരണ യാത്ര ചെയ്യുന്നതിനിടെയാണ് ഇരുവർക്കും സൂര്യാതപമേറ്റത്.

മുജീബിന്റെ ഇടതു കണ്ണിനാണ് സാരമായി പൊള്ളലേറ്റത്.നിഷാന്തിന്റെ കൈക്കും മറ്റും പൊള്ളലേറ്റു. മലയോര മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം 40 ഡിഗ്രിയായിരുന്നു താപനില.

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ്: നിലമ്പൂരിൽ മദ്യശാലകൾ തുറക്കില്ല
എ‌ടക്കര ∙ തമിഴ്നാട്ടിൽ നാളെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന നിലമ്പൂർ താലൂക്കിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു. താലൂക്കിലെ എടക്കര, നിലമ്പൂർ, വണ്ടൂർ ബവ്റിജസ് മദ്യവിൽപനശാലകളും ബാറുകളും കള്ളുഷാപ്പുകളും നാളെ വൈകിട്ട് 6ന് പോളിങ് കഴിയുന്നത് വരെ അ‌ടച്ചിടും. ഇന്നലെ വൈകിട്ട് 6ന് അ‌‌ടച്ചു. റീ പോളിങ്ങുണ്ടെങ്കിൽ റീ പോളിങ് ദിവസവും വോട്ടെണ്ണൽ ദിവസമായ ജൂൺ നാലിനും എക്സൈസ് വകുപ്പ് ഡ്രൈ ഡേയായി പ്രഖ്യാപിച്ചിട്ടുണ്ട‌്.

നീലഗിരിയിൽ പരസ്യപ്രചാരണം അവസാനിച്ചു
എടക്കര ∙ നീലഗിരി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു. കോർണർ യോഗങ്ങളും അനൗൺസ്മെന്റുമായി പ്രധാന 3 പാർട്ടികളും സജീവമായിരുന്നു. ഇന്ത്യാ മുന്നണി സഖ്യം, അണ്ണാ ഡിഎംകെ, ബിജെപി എന്നിവരാണ് മത്സര രംഗത്തുള്ളത്. മണ്ഡലത്തിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ മലയാളി വോട്ടർമാർ ധാരാളമുണ്ട്. ഊട്ടി, ഗൂഡല്ലൂർ, കൂനൂർ നിയമസഭാ മണ്ഡലങ്ങളിലേക്ക് 374 പോളിങ് സ്റ്റേഷനുകളിലായി 689 പോളിങ് ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്. നീലഗിരി ലോക്സഭാ മണ്ഡലത്തിൽ 176 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ഇവിടെ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ നിയോഗിച്ചി‌ട്ടുണ്ട്.

മുഖ്യമന്ത്രി ഇന്ന് താനൂരിൽ 
താനൂർ∙മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് 6ന് ബീച്ച് റോഡ് പരിസരത്തെ മൈതാനത്ത് നടക്കുന്ന, എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കും.   ഐഎൻഎൽ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് എന്നിവർ പങ്കെടുക്കും.

ചിരി അടയാളം, ചുറുചുറുക്ക് ഊർജം; വസീഫിന്റെ വോട്ടുവണ്ടി ഓടടാ ഓട്ടം
ചുറ്റിക അരിവാൾ നക്ഷത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നതെങ്കിലും വി.വസീഫിന്റെ ശരിക്കും അടയാളം നിറഞ്ഞ ചിരിയാണ്. പര്യടനം നടത്തുന്ന സ്ഥലങ്ങളിലൊക്കെ നിർലോഭം ചിരി വാരിവിതറി, കുറഞ്ഞ വാക്കുകളിൽ വോട്ടഭ്യർഥിച്ചു നീങ്ങുന്ന വസീഫിൽ യുവത്വത്തിന്റെ പ്രസരിപ്പ് പ്രകടം. ചിരിയും കാര്യവുമായി വലമ്പൂർ അങ്ങാടിയിൽ വസീഫിന്റെ വാഹനം പര്യടനത്തിനായി എത്തിച്ചേർന്നത് വൈകുന്നേരം നാലോടെയാണ്. 

ഇന്നലത്തെ സമയക്രമ പട്ടികപ്രകാരം വസീഫ് എത്തിച്ചേരുന്ന ഇരുപതാമത്തെ പ്രചാരണവേദിയായിരുന്നു വലമ്പൂർ. വിയർത്തുകുളിക്കുന്ന കാലാവസ്ഥയിൽ ഇത്രയും പരിപാടികളിൽ പങ്കെടുത്തു കഴിഞ്ഞിട്ടും ഇപ്പോൾ കുളിച്ചിറങ്ങിയ പോലെ സ്ഥാനാർഥി ഫ്രഷ്. അങ്ങോടിയോടു ചേർന്നുള്ള ഒരു വീട്ടുവളപ്പായിരുന്നു പ്രചാരണവേദി. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പാർട്ടി പ്രവർത്തകരോടൊപ്പം വേദിയിലേക്കു കയറിയ വസീഫ് പ്രസംഗം ചുരുങ്ങിയ വാക്കുകളിൽ ഒതുക്കി.


മലപ്പുറം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.വസീഫ് വലമ്പൂരിൽ 
വയോധികയോട് വോട്ട് അഭ്യർഥിച്ചെത്തിയപ്പോൾ. ചിത്രം: ഫഹദ് മുനീർ /മനോരമ
മലപ്പുറം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.വസീഫ് വലമ്പൂരിൽ വയോധികയോട് വോട്ട് അഭ്യർഥിച്ചെത്തിയപ്പോൾ. ചിത്രം: ഫഹദ് മുനീർ /മനോരമ

മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പെന്നും ആ മതനിരപേക്ഷത സംരക്ഷിക്കാൻ നിങ്ങളോടൊപ്പം ഞാൻ എന്നുമുണ്ടാകുമെന്നുമായിരുന്നു പ്രസംഗത്തിന്റെ കാതൽ. പ്രസംഗം അവസാനിച്ചയുടനെ ഫോട്ടോയും സെൽഫിയുമെടുക്കാനുള്ള തിരക്കായിരുന്നു. ഇതിനിടെ പ്ലസ് ടു വിദ്യാർഥിയായ കെ.പി.അനില താൻ വരച്ച വസീഫിന്റെ ചിത്രം സമ്മാനിച്ചു. പത്തു മിനിറ്റിനുള്ളിൽ ഇതെല്ലാം കഴിഞ്ഞ് അടുത്ത വേദിയായ മുക്കിലപ്പീടികയിലേക്ക്.

ഓടിപ്പിടിക്കാനുറച്ച്
∙ഓടിയ ഓട്ടം വച്ചു നോക്കുകയാണെങ്കിൽ വസീഫ് സഞ്ചരിക്കുന്ന കാറിന് വിശിഷ്ട സേവനത്തിനുള്ള സ്വർണമെഡൽ കൊടുക്കണം. ഒരു നിയോജകമണ്ഡലം പരിധിയിൽ മാത്രം മിനിമം മുന്നൂറ്റൻപതിലേറെ കിലോമീറ്ററാണ് ഒരു ദിവസം ഓടിത്തീർക്കുന്നത്. മാത്രമല്ല, ഇതു വസീഫിന്റെ രണ്ടാമത്തെ വാഹന പര്യടനമാണ്. മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട ഓരോ നിയോജകമണ്ഡലങ്ങളിലും ആദ്യത്തെ വാഹനപര്യടനം പെരുന്നാളിനു മുൻപേ പൂർത്തിയാക്കി. രണ്ടാമത്തെ വാഹന പര്യടനം കൊണ്ടോട്ടി, വേങ്ങര, മഞ്ചേരി, മലപ്പുറം മണ്ഡലങ്ങൾ പിന്നിട്ടു. ഇന്നലത്തോടെ മങ്കട മണ്ഡലത്തിലും പര്യടനം പൂർത്തിയായി. വള്ളിക്കുന്നും പെരിന്തൽമണ്ണയും അടുത്ത ദിവസങ്ങളിൽ പൂർത്തിയാകും.


വി.വസീഫ് മണ്ണാറമ്പിൽ വോട്ട് അഭ്യർഥിച്ചെത്തിയപ്പോൾ മണവാട്ടി വേഷം ധരിച്ച കുട്ടി പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു.  ചിത്രം: മനോരമ
വി.വസീഫ് മണ്ണാറമ്പിൽ വോട്ട് അഭ്യർഥിച്ചെത്തിയപ്പോൾ മണവാട്ടി വേഷം ധരിച്ച കുട്ടി പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു. ചിത്രം: മനോരമ

പിന്നീട് തുറന്ന വാഹനത്തിലുള്ള പര്യടനമാണ്. ഓരോ ദിവസവും ഒരു നിയോജക മണ്ഡലത്തിലെ 30 മുതൽ 35 വരെ പ്രചാരണവേദികളിലാണ് വസീഫും സംഘവും എത്തുന്നത്. ഇങ്ങനെ പറന്നുനടന്നു വോട്ടുപിടിക്കാനും കാരണമുണ്ട്. ഓടിപ്പിടിക്കാനാകാത്ത ഭൂരിപക്ഷം യുഡിഎഫിനു സമ്മാനിച്ച പാരമ്പര്യമാണ് മലപ്പുറം മണ്ഡലത്തിന്റേത്. ഇ.ടി.മുഹമ്മദ് ബഷീറിനെപ്പോലൊരു പരിചയസമ്പന്നൻ അവിടെ മത്സരിക്കാനുമിറങ്ങുന്നു. പക്ഷേ, വസീഫിനും എൽഡിഎഫിനും അതിൽ അങ്കലാപ്പൊന്നുമില്ല. 

സിവിൽ സർവീസ് പട്ടികയിൽ 317–ാം റാങ്ക് നേടിയ മലപ്പുറം ചെമ്മങ്കടവ് സ്വദേശി ഫാത്തിമ ഷിംനയെ വീട്ടിൽ ചെന്നുകണ്ട് അഭിനന്ദിച്ചശേഷമാണ് വസീഫും സംഘവും മങ്കട മണ്ഡലത്തിലെ പര്യടനത്തിനിറങ്ങിയത്. രാവിലെ 8ന് മൂർക്കനാട് വടക്കുംപുറത്തുനിന്നാരംഭിച്ച പര്യടനം മുപ്പത്തേഴോളം പ്രചാരണവേദികൾ പിന്നിട്ട് രാത്രി വൈകി കെകെ അങ്ങാടിയിൽ സമാപിച്ചു.

വിളിച്ചാൽ വിളിപ്പുറത്ത്
∙സൗമ്യവും കാര്യമാത്ര പ്രസക്തവുമാണ് പ്രചാരണ വേദികളിലെ വസീഫിന്റെ പ്രസംഗങ്ങൾ. വിവാദങ്ങളോ വ്യക്തിഹത്യയോ ആരോപണങ്ങളുടെ ശരവർഷമോ ഇല്ല. പറയാനുള്ള രാഷ്ട്രീയം കൃത്യമായി പറഞ്ഞു മടങ്ങുന്നു, കാലിക്കറ്റ് സർവകലാശാലാ മുൻ ചെയർമാൻ കൂടിയായ ഈ ചെറുപ്പക്കാരൻ. വിജയിപ്പിച്ചു ജനപ്രതിനിധിയാക്കിയാൽ ഏതു സമയത്തും വിളിക്കാവുന്ന, വിളിച്ചാൽ വിളിപ്പുറത്തുണ്ടാവുന്ന ഒരാളെന്ന വാഗ്ദാനമാണ് മുൻപോട്ടു വയ്ക്കുന്നത്. 

കോഴിക്കോട് ജില്ലക്കാരനായ വസീഫിന്റെ സ്ഥാനാർഥിത്വം സിപിഎം പ്രഖ്യാപിച്ചപ്പോൾ മലപ്പുറത്തിന്റെ ഇൻബോക്സിന് അതു പുതുമയായിരുന്നു. എന്നാൽ പ്രചാരണത്തിന്റെ ഒരുഘട്ടം പൂർത്തിയായിക്കഴിഞ്ഞപ്പോൾ ആ സിംഗിൾ ടിക്ക്, ഡബിൾ ടിക്കായി, അതു നീലയുമായി. പരിചയപ്പെടുത്തലിന്റെ ആമുഖമെഴുത്തെല്ലാം കഴിഞ്ഞിരിക്കുന്നു. മലപ്പുറം മണ്ഡലത്തിൽ മത്സരിക്കുന്ന പ്രധാന മുന്നണി സ്ഥാനാർഥികളിൽ ഏറ്റവും ചെറുപ്പക്കാരനായ വസീഫ്, കരുത്തനായ സ്ഥാനാർഥിയായി സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. അത് വോട്ട് ഫലത്തിൽ പ്രതിഫലിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

തമിഴ്നാട് രാമനാഥപുരം ലോക്സഭാ മണ്ഡലം മുസ്‍ലിം ലീഗ് സ്ഥാനാർഥി നവാസ് കനി പ്രചാരണത്തിനിടെ. ചിത്രം: മനോരമ
തമിഴ്നാട് രാമനാഥപുരം ലോക്സഭാ മണ്ഡലം മുസ്‍ലിം ലീഗ് സ്ഥാനാർഥി നവാസ് കനി പ്രചാരണത്തിനിടെ. ചിത്രം: മനോരമ

‘വേണ്ടും വീണ്ടും നവാസ് കനി, എന്നുമേ നമ്മൾ ചിഹ്നം ഏണി’
പാറിക്കളിക്കുന്ന പച്ചക്കൊടികൾ. ബാനറുകളിലും പോസ്റ്ററികളിലും കോണി ചിഹ്നം. തിരഞ്ഞെടുപ്പു കാലത്ത് മലപ്പുറത്തെയോ പൊന്നാനിയിലെയോ ഏതെങ്കിലും നാട്ടിൻപുറത്തെത്തിയ പ്രതീതി. കവലയിൽ നിർത്തിയിട്ടിരുന്ന പ്രചാരണ വാഹനത്തിൽനിന്ന് പാട്ടു മുഴങ്ങി. ‘വേണ്ടും വീണ്ടും നവാസ് കനി, എന്നുമേ എന്നും നമ്മൾ ചിഹ്നം ഏണി’. തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയുടെ ഭാഗമായി മുസ്‌ലിം ലീഗ് മത്സരിക്കുന്ന ഏക മണ്ഡലമായ രാമനാഥപുരത്തെ തിരഞ്ഞെടുപ്പു പ്രചാരണമാണ് നടക്കുന്നത്. സിറ്റിങ് എംപി നവാസ് കനി തന്നെയാണ് ലീഗിനായി വീണ്ടും പോരിനിറങ്ങുന്നത്.

ബിജെപി പിന്തുണയോടെ മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം സ്വതന്ത്രനായി രംഗത്തിറങ്ങിയത് രാമനാഥപുരത്തെ ഇത്തവണ ‘വിഐപി’ മണ്ഡലമാക്കി. അണ്ണാഡിഎംകെയ്ക്കായി പ്രാദേശിക നേതാവ് പി.ജയപെരുമാൾ കൂടിയുള്ളതിനാൽ ശ്രീലങ്കയുമായി കടൽ അതിർത്തി പങ്കിടുന്ന മണ്ഡലത്തിൽ ത്രികോണപ്പോരിന്റെ ചൂടുണ്ട്. രാമേശ്വരം–കൊച്ചി ദേശീയപാതയിൽനിന്ന് 10 കിലോമീറ്റർ മാറി അഭിരാമത്താണ് നവാസ് കനിയുടെ പ്രചാരണം. ഒരു കോണിയുടെ മാത്രം വീതിയുള്ള ഊടു വഴികളിലൂടെയാണ് വോട്ടുപിടിത്തം. വാഹനം പോകുന്നിടംവരെ അങ്ങനെ. പിന്നീട് ഇറങ്ങി നടക്കും.

പ്രദേശത്തെ കമ്യൂണിറ്റി ഹാളിലെത്തിയപ്പോൾ ഡിഎംകെ നേതാവ് നൂറിലേറെ വോട്ടർമാരെ അവിടെ കൂട്ടിയിട്ടുണ്ട്. ഭൂരിഭാഗം സ്ത്രീകൾ. ‘രാഹുൽ ഗാന്ധിയെ പ്രഥമറാക്ക വേണ്ടും, തമിഴ്നാട്ടിൽ തിമുക ആച്ചിക്ക് ബലം പകര വേണ്ടും, അതിനായി നവാസ് കനി അവർകൾക്ക് ഏണി ചിഹ്നത്തിൽ മറക്കാമൽ വോട്ട് പോടുങ്കൾ’ എന്നിങ്ങനെയാണ് പ്രസംഗം. കേരളത്തിൽ നിന്നാണെന്നറിഞ്ഞപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ലീഗുകാരന് സംശയം. ‘തങ്ങളും കുഞ്ഞാലിക്കുട്ടിയും വരിങ്കളാ?’

രാമനാഥപുരം, പുതുക്കോട്ട, വിരുദുനഗർ മണ്ഡലങ്ങളിലായി പരന്നുകിടക്കുകയാണ് രാമനാഥപുരം ലോക്സഭാ മണ്ഡലം. ധനുഷ്കോടിയും രാമേശ്വരവും ഉൾപ്പെടുന്ന മണ്ഡലം കോൺഗ്രസിനെയും ദ്രാവിഡ കക്ഷികളെയും മാറിമാറി തുണച്ചിട്ടുണ്ട്. ചരിത്രത്തിലേക്ക് എത്തിനോക്കിയാൽ അവിടെ ഒരു പച്ചപ്പതാകയും പാറുന്നതു കാണാം. ലീഗിന്റെ തമിഴ്നാട്ടിലെ സമുന്നത നേതാവായിരുന്ന എസ്.എം.മുഹമ്മദ് ശരീഫ് 1967ൽ ഇവിടെനിന്നു ജയിച്ചിട്ടുണ്ട്. ഡിഎംകെ പിന്തുണയുള്ള സ്വതന്ത്രനായിട്ടായിരുന്നു മത്സരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com