ADVERTISEMENT

ഏറനാട് മണ്ഡലത്തിലുൾപ്പെടുന്ന ഊർങ്ങാട്ടിരി പഞ്ചായത്തിലെ കല്ലരട്ടിക്കലിൽ ചുവന്ന കൊടികൾ പാറുന്നു.ബാൻഡ് മേളം, അകമ്പടിയായി വിപ്ലവഗാനങ്ങൾ.‘പോരാട്ടവീഥികളിലെ നിത്യസാന്നിധ്യം,  സഖാവ് ആനി രാജ.’.....അനൗൺസ്മെന്റ് വാഹനത്തിനു പിന്നാലെ സ്ഥാനാർഥിയെത്തി.പോരാട്ടവീര്യത്തിന്റെ പ്രതീകം പോലെ നെറ്റിയിൽ ചുവന്ന വട്ടപ്പൊട്ട് തിളങ്ങുന്നു.വാഹനത്തിൽനിന്നു പുറത്തിറങ്ങിയപ്പോൾ സ്വീകരിക്കാനെത്തിയത് വനിതാ പ്രവർത്തകർ. ഓരോരുത്തരെയായി ആലിംഗനം ചെയ്തു മുന്നോട്ട്.

അപ്പോഴേക്കും പിന്നിൽ ചെറുപ്രകടനം രൂപപ്പെട്ടു. ചെങ്കൊടികൾക്കൊപ്പം എന്തിനോ ഉള്ള മറുപടി പോലെ പച്ചക്കൊടിയും പാറുന്നു.ഐഎൻഎലിന്റെ ഹരിത പതാക. ‘ധീര സഖാവിന്നഭിവാദ്യങ്ങൾ, ആനി രാജക്കഭിവാദ്യങ്ങൾ’. സമീപത്തെ എൽപി സ്കൂളിലൊരുക്കിയ ചെറിയ വേദിയിൽ അൻപതോളം ആളുകൾ. കുറഞ്ഞ വാക്കിൽ വോട്ട് ചോദിച്ച്, എല്ലാവർക്കും കൈ കൊടുത്ത് അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക്...

വയനാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജ ചൂളട്ടിപ്പാറയിൽ പ്രചാരണത്തിനിടെ സ്ത്രീകളുടെ കൈ പിടിച്ച് വേദിയിലേക്ക് വരുന്നു. ചിത്രം: ഫഹദ് 
മുനീർ /മനോരമ
വയനാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജ ചൂളട്ടിപ്പാറയിൽ പ്രചാരണത്തിനിടെ സ്ത്രീകളുടെ കൈ പിടിച്ച് വേദിയിലേക്ക് വരുന്നു. ചിത്രം: ഫഹദ് മുനീർ /മനോരമ

∙സ്ഥാനാർഥിയുടെ വരവറിയിച്ച് അര മണിക്കൂർ മുൻപേ പ്രാദേശിക നേതാക്കൾ സ്വീകരണ കേന്ദ്രത്തിലെത്തി പ്രസംഗം തുടങ്ങും.എതിർ സ്ഥാനാർഥി രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചാണ് പലരുടെയും പ്രസംഗം. ‘ലോക്സഭയിൽ 50 ശതമാനം ഹാജർ പോലുമില്ലാത്തയാളാണ് രാഹുൽ ഗാന്ധി. നമുക്ക് അങ്ങനെയൊരു അതിഥി എംപിയെ മതിയോ? ബിജെപിക്കെതിരെ പോരാടേണ്ട രാഹുൽ വയനാട്ടിൽ വന്ന് മത്സരിച്ചു നൽകുന്ന സന്ദേശമെന്താണ്?... ഇങ്ങനെ പോകുന്നു ചോദ്യങ്ങൾ.

∙നെടുനീളൻ പ്രസംഗമല്ല ആനി രാജയുടെ ശൈലി. സദസ്സിനോട് വർത്തമാനം പറയും പോലെ ചെറിയ വാചകങ്ങൾ. പരമാവധി 3–5 മിനിറ്റ്. ‘ഒരുപാട് വർത്തമാനം പറയുന്നില്ല. നിങ്ങൾക്കുള്ള ചോദ്യപേപ്പർ തയാറാണ്.അതിൽ യെസ് അല്ലെങ്കിൽ നോ എന്ന് മാത്രം ഉത്തരം പറഞ്ഞാൽ മതി.നമ്മളെയെല്ലാം ഉൾക്കൊള്ളുന്ന ഭരണഘടനയുടെ പക്ഷത്ത് നിൽക്കണോ, മതാധിഷ്ഠിത രാജ്യമാക്കാൻ ശ്രമിക്കുന്ന ശക്തികളുടെ കൂടെ നിൽക്കണോയെന്നതാണ് ചോദ്യം’. രാഹുൽ ഗാന്ധിക്കെതിരെ നേരിട്ട് വിമർശനമില്ലെങ്കിലും എല്ലായിടത്തും ആവർത്തിക്കുന്നൊരു വാചകമുണ്ട്.‘എന്നെ ജയിപ്പിച്ചാൽ ഞാൻ നിങ്ങളോടൊപ്പം മണ്ഡലത്തിലുണ്ടാകും. നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിലുണ്ടാകും’. ഏറ്റവും കൂടുതൽ കയ്യടിലഭിക്കുന്നതും ഈ വാചകത്തിനാണ്.പത്തപ്പിരിയത്ത് തുടങ്ങിയ ഇന്നലത്തെ പ്രചാരണം അവസാനിച്ചത് ചാലിയാറിലെ പഞ്ചായത്ത് റാലിയോടെ.




ആനി രാജ കുരിക്കളംപാടിൽ വയോധികയോട് വോട്ട് അഭ്യർഥിക്കുന്നതിനിടെ സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
ആനി രാജ കുരിക്കളംപാടിൽ വയോധികയോട് വോട്ട് അഭ്യർഥിക്കുന്നതിനിടെ സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ

രാവിലെ 8ന് തുടങ്ങി രാത്രിവരെ നീളുന്ന രീതിയിലാണ് ആനി രാജയുടെ പ്രചാരണം ക്രമീകരിച്ചിരിക്കുന്നത്.ഉച്ചയ്ക്ക് അൽപം ഇടവേളയുണ്ടെങ്കിലും രാവിലത്തെ പ്രചാരണം വൈകുന്നതിനാൽ പലപ്പോഴും അതു ലഭിക്കാറില്ല.ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കുന്നതു മാത്രമാണ് ഭക്ഷണ ശീലത്തിൽവരുത്തിയ മാറ്റം. ചൂളാട്ടിപ്പാറയിൽ പ്രചാരണം കഴിഞ്ഞ് വാഹനത്തിൽ കയറിയപ്പോൾ പ്രായമായ സ്ത്രീ വന്ന് കൈപിടിച്ചപ്പോൾ ആനി രാജ പറഞ്ഞു.‘ഒപ്പമുണ്ടാകണം’. മറുപടി സ്ഥാനാർഥിയുടെ മനസ്സ് നിറച്ചു. ‘ഇങ്ങള് ധൈര്യായിട്ടിരിക്കി, ഞമ്മളൊക്കെ കൂടണ്ട്’.

ചോദ്യം, ഉത്തരം:
പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണല്ലോ. എങ്ങനെയുണ്ട് അനുഭവം?

ആദ്യം ജനങ്ങൾക്ക് എന്നെക്കുറിച്ച് ചില സംശയങ്ങളുണ്ടായിരുന്നു. ഞാൻ വിദേശിയാണ്, രാജകുടുംബമാണ് തുടങ്ങിയ രീതിയിലായിരുന്നല്ലോ പ്രചാരണം.പക്ഷേ, പ്രചാരണം തുടങ്ങിയതോടെ അതെല്ലാം മാറി. കണ്ണൂരുകാരിയായ എനിക്ക് വയനാടിന്റെ പ്രശ്നങ്ങൾ അറിയാം.എന്റെ അനുഭവത്തിൽനിന്ന് ഞാൻ പറയുന്ന കാര്യങ്ങൾ അവരുടെ കൂടി അനുഭവമാണ്.ഹൃദ്യമായ സ്വീകരണമാണ് മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും ലഭിക്കുന്നത്.

രാഹുൽ ഗാന്ധിക്കെതിരെയാണല്ലോ മത്സരം.ഇന്ത്യാ മുന്നണി സ്ഥാനാർഥിക്കെതിരെ നിന്നുവെന്ന പ്രചാരണമുണ്ട്?
ഇന്ത്യാ മുന്നണിക്ക് അങ്ങനെയൊരു സ്ഥാനാർഥിയില്ലല്ലോ. അദ്ദേഹം യുഡിഎഫിന്റെ സ്ഥാനാർഥിയാണ്. ഇന്ത്യാ മുന്നണിക്ക് കേരളത്തിൽ ഒരു സ്ഥാനാർഥിയുമില്ല.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതായിരുന്നുവെന്ന അഭിപ്രായമുണ്ടോ?
തീർച്ചയായും ശക്തമായ അഭിപ്രായമുണ്ട്.ഇന്ത്യാ മുന്നണിയുടെ യോഗങ്ങളിൽ തന്നെ അങ്ങനെ അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞ തവണ രാഹുൽഗാന്ധിയുടെ പ്രചാരണത്തിനിടെ മുസ്‌ലിം ലീഗിന്റെ കൊടിയുണ്ടായിരുന്നത് ബിജെപി പ്രചാരണായുധമാക്കി.ഇത്തവണ കോൺഗ്രസിന്റെയും ലീഗിന്റെ കൊടി വേണ്ടെന്ന്് വച്ച് കീഴടങ്ങുകയാണ് അവർ ചെയ്തത്. രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ അതു ബിജെപി പ്രചാരണായുധമാക്കുമെന്ന ചിന്തിക്കാൻ ശേഷിയില്ലാത്തവരാണോ കോൺഗ്രസുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com