ADVERTISEMENT

വേങ്ങര ∙ രണ്ടു സഹോദരിമാരുടെ അന്ത്യയാത്രയിൽ വിറങ്ങലിച്ച് നാട്. വെട്ടുതോട് പടിക്കത്തൊടി അലവിയുടെയും പാത്തുമ്മുവിന്റെയും നാല് പെൺമക്കളിൽ ഇളയ മക്കളായ ബുഷ്റയും അജ്മല തസ്നിയുമാണ് ഇന്നലെ അന്ത്യയാത്രയായത്. 6 മാസം മുൻപ് വിവാഹിതയായ അജ്മല തസ്നി സഹോദരി ബുഷ്റയെയും കൂട്ടി കുടുംബമൊന്നിച്ച് ഇന്നലെ രാവിലെയാണ് മുതിർന്ന സഹോദരി സൈനബയുടെ ഊരകം കോട്ടുമലയിലെ വീട്ടിലെത്തിയത്.

ഇവരുടെ ഭർത്താവ് മൂട്ടപ്പറമ്പൻ ഉമ്മറിന്റെ വീട്ടിലെ സൽകാരത്തിന്റെ സന്തോഷം മണിക്കൂറുകൾക്കകം ദുഃഖമായി. സഹോദരിമാരുടെ വെട്ടുതോട്ടിലെ വീട്ടിലും ഇവരെ വിവാഹം ചെയ്ത് അയച്ച വലിയോറ ഐഷാബാദ്, ഇരിങ്ങല്ലൂർ കുഴിപ്പുറം എന്നിവിടങ്ങളിൽകൂടി വാർത്തയെത്തിയതോടെ നാല് ഗ്രാമങ്ങൾക്കും വേർപാടിന്റെ ദിവസമായി. വിവാഹം ചെയ്തയച്ച വീടുകളിൽനിന്ന് വെട്ടുതോട്ടിലെ വീട്ടിൽ എത്തി മാതാവ്, പിതാവ്, സഹോദരങ്ങൾ എന്നിവർക്കൊപ്പമാണ് കുടുംബം ഊരകം കോട്ടുമലയിൽ സൽകാരത്തിനെത്തിയത്.

ഭക്ഷണം കഴിച്ച ശേഷം വൈകിട്ട് പുഴയിൽ കുളിയ്ക്കാനിറങ്ങിയപ്പോഴാണ് ഇരുവരുടെയും ജീവൻ നഷ്ടമായത്. കടലുണ്ടിപ്പുഴയിലെ കോട്ടുമല കാങ്കരക്കടവിൽ ഇറങ്ങിയ ഇവരുടെ പരിചയക്കുറവാണ് വിനയായത്. ശക്തമായ അടിയൊഴുക്കും ചുഴികളുമുള്ള പ്രദേശത്ത് പരിസരത്തെ കുടുംബങ്ങൾ ഒന്നിച്ച് കുളിയ്ക്കാനെത്തിയതിനാൽ സമീപത്തുള്ളവരും വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. കുട്ടികളുടെ നിലവിളി കേട്ടാണ് സമീപത്തുള്ള നാട്ടുകാർ ഓടിയെത്തിയത്. ഇവർ വെള്ളത്തിലിറങ്ങി മുങ്ങിയെടുത്ത ശേഷം അടിയന്തര ശുശ്രൂഷ നൽകി മലപ്പുറത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.

∙ അപകടം വൈകിട്ട് അഞ്ച് മണിയോടെ 
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. മൂത്ത സഹോദരി സൈനബയുടെ കോട്ടുമലയിലെ വീട്ടിലേക്ക് ഉച്ചയോടെ വിരുന്നിന് എത്തിയതായിരുന്നു ഇരുവരും. വൈകിട്ട് കുടുംബസമേതം വീടിന് തൊട്ടടുത്തുള്ള പുഴയോരത്ത് കുളിക്കാനിറങ്ങിയതായിരുന്നു. ഇവരെ വെള്ളത്തിൽ കാണാതായതിനെ തുടർന്ന്, കൂടെ വന്ന കുട്ടികൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. മുങ്ങിത്താഴ്ന്ന യുവതികളെ കരയ്ക്കെത്തിച്ച് പ്രഥമ ചികിത്സ നൽകി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

കടലുണ്ടിപ്പുഴയിലെ ഊരകം കോട്ടുമല കാങ്കരക്കടവിൽ കുളിക്കാനിറങ്ങിയ ബുഷ്റ (26), അജ്മല തസ്നി (21) എന്നിവരാണ് മരിച്ചത്. വേങ്ങര വെട്ടുതോട് പടിക്കത്തൊടി അലവിയുടെയും പാത്തുമ്മുവിന്റെയും മക്കളാണ്. വലിയോറ ഐഷാബാദ് ഏറിയാടൻ അമീർ ആണ് ബുഷ്റയുടെ ഭർത്താവ്. മക്കൾ: മുഹമ്മദ് നാഫി, റിസ മെഹറിൻ. പറപ്പൂർ കുഴിപ്പുറം തെക്കേതിൽ ഫായിസ് ആണ് അജ്മല തസ്നിയുടെ ഭർത്താവ്. ആറുമാസം മുമ്പായിരുന്നു അജ്മല തസ്നിയുടെ വിവാഹം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കുഴിപ്പുറം, വലിയോറ ചിനക്കൽ ജുമാ മസ്ജിദുകളിൽ കബറടക്കും. സഹോദരങ്ങൾ: സൈനബ, റുഖിയ, ബഷീർ, സൽമാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com