ADVERTISEMENT

കുറ്റിപ്പുറം ∙ ആറുവരിപ്പാത നിർമാണത്തിനായി കുന്നിടിച്ചതിനെത്തുടർന്ന് കേടുപാടുകൾ സംഭവിച്ച വീടുകൾ വാസയോഗ്യമല്ലെങ്കിൽ ദേശീയപാതാ അതോറിറ്റി സ്ഥലവും വീടുകളും ഏറ്റെടുത്ത് നഷ്ടപരിഹാരത്തുക അനുവദിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്നറിയാം. ദേശീയപാതാ അതോറിറ്റിയുടെ സാങ്കേതിക വിദഗ്ധർ  ഇന്ന് കുറ്റിപ്പുറം ബംഗ്ലാംകുന്നിലെ സ്ഥലത്തെത്തി വിശദപരിശോധന നടത്തും.

കുറ്റിപ്പുറത്ത് ആറുവരിപ്പാതയുടെ ഭാഗമായി കുന്നിടിച്ചുതാഴ്ത്തിയ ഭാഗത്തെ 5 വീടുകൾക്കാണ് വിള്ളൽ സംഭവിച്ചിട്ടുള്ളത്. ഇതിൽ 2 വീടുകൾ തകർച്ചാഭീഷണിയിലാണ്. വീടുകളുടെ ചുമരുകളും തറകളും കിണറുകളുടെ ചുറ്റുമതിലുമടക്കം വിണ്ട നിലയിലാണ്. പ്രദേശത്തെ ഭൂമിയിലും വലിയതോതിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്. പുതിയ പാതയ്ക്കായി കൈലാസ് ഓഡിറ്റോറിയത്തിന് മുൻവശത്തെ കുന്നാണ് ഇടിച്ചുതാഴ്ത്തിയത്.

80 അടിയോളം താഴ്ത്തി നിർമിച്ച റോഡിന്റെ പാർശ്വഭാഗത്തെ മണ്ണ് ഇടിഞ്ഞുതാഴുകയായിരുന്നു. താഴെയുള്ള മണ്ണിടിഞ്ഞതോടെയാണ് മുകൾഭാഗത്തെ ഭൂമിയും വീടുകളും വീണ്ടുകീറിയത്. മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് മണ്ണിട്ട് അടച്ച് താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. സാങ്കേതിക വിദഗ്ധർ ഇന്ന് സ്ഥലത്തെത്തി വിശദ പരിശോധന നടത്തിയ ശേഷമായിരിക്കും തുടർനടപടികളിലേക്ക് നീങ്ങുക.

കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയും ദേശീയപാതാ പ്രോജക്ട് ഡയറക്ടർ പി.ഡി.അൻഷുൽ ശർമ അടക്കമുള്ള ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി. വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവർക്ക് വാടകയ്ക്ക് താമസിക്കാനുള്ള ചെലവും നൽകും.

English Summary:

Kuttipuram on the Brink: NHAI Decides Fate of Crumbling Homes Amid Highway Expansion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com