ADVERTISEMENT

ചാലിയാർ ∙ റോഡില്ല, വീടില്ല, വെള്ളമില്ല, വൈദ്യുതിയില്ല... എന്നാലും വോട്ടുണ്ട്, ബൂത്തിലെത്താൻ 12 കിലോമീറ്ററോളം ദൂരവുമുണ്ട്. എന്നിട്ടും 18–ാം വയസ്സുമുതൽ കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ എല്ലാ തവണയും ചാലിയാർ വെറ്റിലക്കൊല്ലി കോളനിയിലെ മൂപ്പൻ ചെറിയ പാലൻ (80) വോട്ട് ചെയ്തിട്ടുണ്ട്. വനത്തിനകത്തെ ഒറ്റപ്പെട്ട കോളനിയിൽനിന്ന് ദുർഘടപാത കടന്നുചെന്ന് ജനാധിപത്യപ്രക്രിയയിൽ പങ്കാളിയാകുമ്പോഴും ചിലതൊക്കെ തിരിച്ചും വേണ്ടേ എന്ന ചോദ്യമുണ്ട് ചെറിയ പാലന്.

വെറ്റിലക്കൊല്ലി കോളനിയിലെ മൂപ്പൻ ചെറിയ 
പാലൻ
വെറ്റിലക്കൊല്ലി കോളനിയിലെ മൂപ്പൻ ചെറിയ പാലൻ

ചാലിയാർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പന്തീരായിരം വനമേഖലയിലുള്ള ഈ കോളനിയിൽ 28 കുടുംബങ്ങളിലായി 75 വോട്ടർമാരുണ്ടെന്ന് കോളനിയിലെ മനോജ് പറയുന്നു. മൂലേപ്പാടത്തുനിന്ന് പാലക്കയം പ്ലാന്റേഷൻ വരെയുള്ള കോൺക്രീറ്റിട്ടതും തകർന്നതും കല്ലിട്ടതുമായ വഴി പിന്നിട്ടാൽ വെറ്റിലക്കൊല്ലിയിലെത്താൻ 3 കിലോമീറ്റർ വെറും കാട്ടുപാത മാത്രം.





വെറ്റിലക്കൊല്ലി കോളനിയിലേക്കുള്ള ദുർഘടപാതയിലൂടെ കടന്നുപോകുന്ന ജീപ്പ്.
വെറ്റിലക്കൊല്ലി കോളനിയിലേക്കുള്ള ദുർഘടപാതയിലൂടെ കടന്നുപോകുന്ന ജീപ്പ്.

ഫയർലൈൻ പോലെ പുല്ല് വഴിമാറിനിൽക്കുന്ന 2 സമാന്തരപാതകളിലൂടെ ഇരുൾ മരങ്ങളുടെ കരിയിലകൾ മെതിച്ച് പ്രദേശവാസികളുടെ ചില ജീപ്പുകൾ സഹായത്തിനെത്തുന്നതു മാത്രമാണ് ആശ്രയം. കോളനിയിൽ പോസ്റ്ററൊക്കെ പതിക്കാൻ ആളെത്തിയിരുന്നു. എന്നാൽ വോട്ട് ചോദിക്കാനെത്തുന്നവർ പോലും ഈ 3 കിലോമീറ്റർ താഴെ വരെയേ ചെല്ലൂ. കോളനിവാസികൾ അങ്ങോട്ടെത്തണമെന്നതാണ് ഇവിടത്തെ ജനാധിപത്യ ‘രീതി’. 




വെറ്റിലക്കൊല്ലി കോളനിയിലെ ഒരു വീടിന്റെ ചുമരിൽ പതിച്ച തിരഞ്ഞെടുപ്പ് പോസ്റ്റർ.
വെറ്റിലക്കൊല്ലി കോളനിയിലെ ഒരു വീടിന്റെ ചുമരിൽ പതിച്ച തിരഞ്ഞെടുപ്പ് പോസ്റ്റർ.

വെറ്റിലക്കൊല്ലിയുടെ കഥ
∙ കാട്ടുവെറ്റില കാടുപോലെ തളിർത്തിരുന്ന പ്രദേശമായിരുന്നതുകൊണ്ടാണത്രേ ഇവിടം വെറ്റിലക്കൊല്ലിയെന്നറിയപ്പെട്ടത്. നേരത്തേ പാലക്കയം കോളനിയുടെ ഭാഗമായിരുന്നെങ്കിലും സർക്കാർ റബർ പ്ലാന്റേഷൻ വന്നതോടെയാണ് പണിയർ വിഭാഗത്തിൽപെട്ട കുടുംബങ്ങൾ വെറ്റിലക്കൊല്ലിയിൽ താമസമാക്കിയത്. സ്വന്തമായി വാമൊഴിയുള്ളതുകൊണ്ട് മലയാളം പറയാൻ അൽപം തടസ്സമുണ്ട്. ഇതടക്കമുള്ള ചില രീതികൾ കാരണമാകാം ഇവർ മറ്റുള്ളവരിൽനിന്ന് അകന്നു നിൽക്കാൻ കാരണം. 

കട്ട പതിച്ച മൂന്നോ നാലോ വീടുകൾക്കു കോൺക്രീറ്റ് മേൽക്കൂരയുണ്ട്. ബാക്കിയെല്ലാം ടാർപോളിനും ഷീറ്റും കൊണ്ട് മറച്ചത്. ‘വാതിൽപടിയിലെ റേഷൻ’ കിട്ടാൻ 1500 രൂപ ജീപ്പിന് കൊടുത്ത് 12 കിലോമീറ്റർ അകലെ പോയി കൊണ്ടുവരണം. അതുകൊണ്ട് മിക്ക കൂരകളിലും ഉച്ചയ്ക്ക് അടുപ്പുപുകയാറില്ല. 

  ഉച്ചയ്ക്ക് 2 കഴിഞ്ഞാൽ കോളനിയിലേക്ക് മല കടന്ന് കുളിർകാറ്റെത്തും. പക്ഷേ രാത്രി 8 കഴിഞ്ഞാൽ പിന്നെ പെരുംചൂടാകും. വൈദ്യുതിയില്ലാത്തതിനാൽ ഫാൻ പോലും വയ്ക്കാൻ കഴിയാത്തതുകൊണ്ട് വീടിനു പുറത്താണ് പിന്നെ കിടത്തമെന്ന് ചെറിയ വെളുക്കൻ (43) പറയുന്നു. ഈ ദുരിതങ്ങൾക്കൊന്നും പരിഹാരമില്ലാതെ വോട്ട് ചെയ്യുന്നതിനെക്കുറിച്ച് പുനരാലോചനയിലാണെന്ന് കോളനിയിലെ സിനിമാ താരം കൂടിയായ മാതിയമ്മയും മകൻ കണ്ടനും പറയുന്നു. ഉടലാഴം എന്ന സിനിമയിലാണ് മാതിയമ്മ അഭിനയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com