ADVERTISEMENT

മലപ്പുറം ∙ആവേശത്തിന്റെ അലകടലിളക്കി ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കലാശക്കൊട്ട്.ഒന്നര മാസത്തിലേറെ നീണ്ട മാരത്തൺ പ്രചാരണത്തിനാണ് ഇന്നലെ വൈകിട്ട് 6ന് തിരശീല വീണത്. ദീർഘദൂര ഓട്ടത്തിലെ അവസാന ലാപ്പിലെ കൂട്ടപ്പൊരിച്ചിൽ പോലെ അവസാന മണിക്കൂറുകളിൽ ജില്ലയിലെമ്പാടും ആവേശപ്രചാരണം.നിശ്ശബ്ദ പ്രചാരണത്തിന്റെ ദിനമായ ഇന്ന് പാർട്ടികൾ വോട്ടുറപ്പിക്കാനും ചോർച്ച തടയാനുമുള്ള ശ്രമങ്ങളിൽ മുഴുകും.   നാളെ ജില്ലയിലെ 33.93 ലക്ഷം വോട്ടർമാർ ബൂത്തിലേക്ക്. ഫലമറിയാൻ ജൂൺ 4 വരെ കാത്തിരിക്കണം.



വണ്ടൂർ ടൗണിൽ നടന്ന കലാശക്കൊട്ടിനിടെ യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പരുക്കേറ്റ, വണ്ടൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ അഭിജിത്.    ചിത്രം: മനോരമ
വണ്ടൂർ ടൗണിൽ നടന്ന കലാശക്കൊട്ടിനിടെ യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പരുക്കേറ്റ, വണ്ടൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ അഭിജിത്. ചിത്രം: മനോരമ

മൂന്നിടത്ത് സംഘർഷം
കലാശക്കൊട്ട് സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ പൊലീസ് വിപുലമായ സംവിധാനങ്ങളൊരുക്കിയിരുന്നെങ്കിലും വണ്ടൂരിൽ അടിപൊട്ടി. മഞ്ചേരിയിലും മലപ്പുറത്തും അടിയുടെ വക്കിലെത്തി.വണ്ടൂരിൽ എൽഡിഎഫ്,യുഡിഎഫ് പ്രവർത്തകർ തമ്മിലുള്ള അടിപിടിക്കിടെ സിവിൽ പൊലീസ് ഓഫിസർ അഭിജിത്തിനു തലയ്ക്കു പരുക്കേറ്റു.

മലപ്പുറത്തും മഞ്ചേരിയിലും എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായെങ്കിലും പൊലീസിന്റെ സമയോചിത ഇടപെടൽ രംഗം ശാന്തമാക്കി.മലപ്പുറത്തെ സ്ഥാനാർഥികളായ ഇ.ടി.മുഹമ്മദ് ബഷീറും വി.വസീഫും ഡോ.എം.അബ്ദുൽ സലാമും മലപ്പുറം നഗരകേന്ദ്രത്തിൽ നടന്ന കൊട്ടിക്കലാശത്തിൽ പങ്കാളികളായി. 

പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനി കോട്ടയ്ക്കലിലും എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസ പുത്തനത്താണിയിലും എൻഡിഎ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ പൊന്നാനിയിലുമാണ് പ്രചാരണം അവസാനിപ്പിച്ചത്.വയനാട് മണ്ഡലത്തിലെ സ്ഥാനാർഥികളിൽ ആനി രാജയും കെ.സുരേന്ദ്രനും വയനാട് ജില്ലയിലായിരുന്നു.രാഹുൽ ഗാന്ധി വന്നില്ലെങ്കിലും സഹോദരി പ്രിയങ്ക എടക്കരയിലും വണ്ടൂരിലും പ്രചാരണം നടത്തി ആവേശം വിതച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com