ADVERTISEMENT

വടക്കഞ്ചേരി ∙ മണ്ണുത്തി– വടക്കഞ്ചേരി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപാലം 5 സ്ഥലങ്ങളിൽ വീണ്ടും കുത്തിപ്പൊളിച്ചു. തൃശൂരില്‍ നിന്ന് പാലക്കാട്ടേക്കു പോകുന്ന മൂന്നു വരി പാലം പൂര്‍ണമായും അടച്ചാണു നിര്‍മാണം നടത്തുന്നത്. പാലത്തിന്റെ ഉരുക്കുപാളി ഘടിപ്പിച്ച ഭാഗം പൊളിച്ചുനീക്കിയാണ് നിര്‍മാണം നടത്തുന്നത്.ചിലയിടങ്ങളിൽ റോഡിനു വിള്ളലും വീണിട്ടുണ്ട്.

പാലത്തിന്റെ രണ്ടു ബീമുകൾ തമ്മിൽ ചേരുന്ന ഭാഗത്തു വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദത്തിൽ കുലുക്കം അനുഭവപ്പെട്ടതോടെയാണ് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ഗതാഗതം നിരോധിച്ച് കഴിഞ്ഞ ദിവസം ബലപ്പെടുത്തൽ തുടങ്ങിയിരിക്കുന്നത്.420 മീറ്റർ നീളമുള്ള പാലത്തില്‍ ഇരുഭാഗത്തുമായി 55 സ്ഥലങ്ങളിൽ നിർമാണ പാളിച്ചമൂലം ടാറിങ് കുത്തിപ്പൊളിച്ച് വീണ്ടും ബലപ്പെടുത്തി ടാറിങ് നടത്തിയിരുന്നു. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് വിദഗ്ധ സമിതി അന്വേഷണം നടത്തിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.

തുരങ്കപാതകളിൽ ഒന്ന് അടച്ചത് മൂലമുള്ള കുരുക്കുകൾക്കു പുറമേ വടക്കഞ്ചേരി മേൽപാലവും അടച്ചതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി. ടോൾ കുറയ്ക്കണമെന്ന ഹർജി;ഹൈക്കോടതി വിശദീകരണം തേടി   കോൺക്രീറ്റിങ്ങിനായി ഇടതു തുരങ്കവും അറ്റകുറ്റപ്പണികള്‍ക്കായി വടക്കഞ്ചേരി മേല്‍പാലവും അടച്ചതിനാൽ വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാതയിലെ ടോൾനിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിൽ ഹൈക്കോടതി ദേശീയപാത അതോറിറ്റിയോട് വിശദീകരണംതേടി. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ഹര്‍ജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

വാണിയംപാറ സ്വദേശി ജോർജ് ഫിലിപ്പാണ് ഹര്‍ജി നൽകിയത്. ആറുവരിപ്പാതയിലെ ടോൾ തുകയിൽ 64.6 ശതമാനവും ഈടാക്കുന്നത് തുരങ്കത്തിലൂടെയുള്ള യാത്രയ്ക്കാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു ദേശീയപാത അതോറിറ്റിയിൽനിന്നു മറുപടി ലഭിച്ചിരുന്നു. ഈ രേഖയുൾപ്പെടെ ഹര്‍ജിയിൽ സമർപ്പിച്ചിട്ടുണ്ട്.

English Summary:

Travel Advisory Update: Vadakancheri Flyover Closure Alert as 6-Laning Project Progresses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com