ADVERTISEMENT

സീതത്തോട് ∙ അലങ്കാര മത്സ്യങ്ങളുടെ വൻ ശേഖരവുമായി അമ്മയും മക്കളും. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയിൽ തുണയായത് മത്സ്യ കൃഷിയിൽ നിന്നുള്ള വരുമാനം. നേരം പോക്കിനു തുടങ്ങിയ മത്സ്യകൃഷി ഇന്ന് കൂടുതൽ കുളങ്ങളിലേക്ക് വ്യാപിപ്പിച്ചു. 

ആവശ്യക്കാർക്കു മത്സ്യക്കുഞ്ഞുങ്ങൾ ഓൺ ലൈനിൽ വരെ ലഭ്യം. കൊച്ചുകോയിക്കൽ അളിയൻമുക്ക് വാലുഴത്തിൽ സജുവിന്റെ ഭാര്യ പുഷ്പ, മക്കളായ അക്ഷയ്, അജയ് എന്നിവരാണ് കുടുംബസമേതം മത്സ്യകൃഷിയിൽ വ്യാപൃതരായിരിക്കുന്നത്.

മൂന്നര വർഷം മുൻപാണ് കൃഷിയുടെ തുടക്കം. വീടിനു പിന്നിലായി നിർമിച്ച കുളത്തിൽ തിലോപ്പിയ, മലേഷ്യൻ വാള, ചിത്രലാ‌ട തുടങ്ങിയ മത്സ്യ കുഞ്ഞുങ്ങളെയാണ് ആദ്യം വിളവിറക്കിയത്. ന്യായമായ വരുമാനം ലഭിച്ചതോടെ 2 കുളങ്ങൾ കൂടി നിർമിച്ച് കൂടുതൽ കുഞ്ഞുങ്ങളെ ഇറക്കി കൃഷി വിപുലമാക്കി. 

അലങ്കാര മത്സ്യങ്ങൾക്കും ആവശ്യക്കാർ ഏറിയതോടെയാണ് വീടിനു മുകളിൽ പഴയ ഫ്രിഡ്ജിന്റെ കവറിലിട്ട് ഇവയെ വളർത്താൻ തുടങ്ങിയതെന്ന് ബിരുദധാരിയായ മൂത്ത മകൻ അക്ഷയ് പറയുന്നു. ഗപ്പി, ബെറ്റ, ഗോൾഡ് ഫിഷ്, ജാപ്പനീസ് കോയി കാർപ്, ആൽബിനോ ജയന്റ് ഗൗരാമി തുടങ്ങിയ അലങ്കാര മത്സ്യങ്ങളാണ് ഇവരുടെ ശേഖരത്തിലുള്ളത്. ദൂരെ സ്ഥലങ്ങളിൽ നിന്ന് ഓൺലൈനായി ഒട്ടേറെ ഓർഡർ ലഭിക്കുന്നുണ്ട്. 5 ദിവസത്തിനുള്ളിൽ ആവശ്യക്കാരുടെ കൈകളിൽ സുരക്ഷിതമായി എത്തും വിധം കൊറിയറിൽ മത്സ്യക്കുഞ്ഞുങ്ങളെ ആവശ്യക്കാർക്ക് അയച്ചു നൽകുന്നുണ്ട്.

ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയാണ് മത്സ്യ പരിപാലനം. മത്സ്യ കൃഷിക്കു വേണ്ട തീറ്റ, കുളം നിർമിക്കുന്നതിനുള്ള ഷീറ്റ് തുടങ്ങിയവ ഇവരിൽ നിന്ന് ലഭിക്കുന്നു. ആലപ്പുഴയിൽ നിന്നാണ് മത്സ്യങ്ങളെ കൊണ്ടുവരുന്നത്.തയ്യൽ ജോലി ചെയ്യുന്ന പുഷ്പ സ്ഥാപനത്തിനകത്ത് അക്വേറിയത്തിന്റെ വിൽപന കൂടി ആരംഭിച്ചു. മീൻ ആവശ്യമുള്ളവർ നേരിട്ട് വീട്ടിൽ എത്തി വാങ്ങുകയാണ് പതിവ്. ഓർഡർ അനുസരിച്ച് വീടുകളിൽ നേരിട്ട് എത്തിച്ച് നൽകുന്നതായും പുഷ്പ പറയുന്നു.

മത്സ്യ കൃഷി പരിപാലനത്തിന് ആദ്യത്തെ മുതൽ മുടക്ക് മാത്രം മതിയെന്നാണ് കുടുംബത്തിന്റെ അനുഭവ സാക്ഷ്യം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒരു കുളം നിർമിച്ചത്. മത്സ്യ കൃഷിയുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും കുടുംബം നൽകുന്നുണ്ട്. 9495774745.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com