ADVERTISEMENT

പത്തനംതിട്ട ∙ കോൺഗ്രസിന് വോട്ട് ചെയ്തപ്പോൾ തെളിഞ്ഞത് താമര ചിഹ്നമെന്നു പരാതി. കുമ്പഴ വടക്ക് എസ്എൻവി യുപി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്ത ഷേർളി സജി ഇത് സംബന്ധിച്ച് പ്രിസൈഡിങ് ഓഫിസറോട് പരാതിപ്പെട്ടു. എന്നാൽ രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും പരാതിയിൽ തീരുമാനം എടുക്കാതെ വന്നതോടെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി ബൂത്തിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ആന്റോയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകരും സ്ഥലത്ത് നിലയുറപ്പിച്ചു. 12 മണിയോടെയാണ് പരാതിയുടെ തുടക്കം. ബ്യൂട്ടി പാർലർ അസോസിയേഷൻ (സിഐടിയു) ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമാണ് ഷേർളി. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് വോട്ട് ചെയ്തെങ്കിലും വിവിപാറ്റിൽ താമര ചിഹ്നമാണെന്ന് കണ്ട് അപ്പോൾ തന്നെ പ്രിസൈഡിങ് ഓഫിസറോട് പരാതിപ്പെടുകയായിരുന്നു. 

യന്ത്രത്തിൽ അങ്ങനെ വരാൻ സാധ്യത ഇല്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥർ തീരുമാനം അറിയിച്ചില്ല. തീരുമാനം ഉണ്ടാകാതെ വന്നതോടെ ആന്റോ ആന്റണി പോളിങ് ബൂത്തിനു മുൻപിൽ കുത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലും ഒപ്പം ഉണ്ടായിരുന്നു. വൈകാതെ ഡപ്യൂട്ടി കലക്ടറും തഹസിൽദാരും എത്തി പോളിങ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

ഇതറിഞ്ഞ് ബിജെപി  മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ മൈലപ്രയും പ്രവർത്തകരുമെത്തി ആന്റോയ്ക്ക് എതിരെ പ്രതിഷേധിച്ചു. കെ.യു.ജനീഷ് കുമാർ എംഎൽഎയും സ്ഥലത്ത് എത്തി. പരാതി ആന്റോയുടെ നാടകമാണെന്നു ജനീഷ് കുമാർ ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഡിവൈഎസ്പി ഡി.വിനോദിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസും എത്തി. ‌

തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡം അനുസരിച്ച് വീണ്ടും വോട്ട് ചെയ്യാൻ അവസരം നൽകിയാൽ പരാതിയിൽ പറഞ്ഞതുപോലെ സംഭവിച്ചില്ലെങ്കിൽ 6 മാസം തടവും 2000 രൂപ പിഴയും അടയ്ക്കേണ്ടിവരുമെന്നും ഇതിനുള്ള സത്യവാങ്മൂലം ഒപ്പിട്ടു നൽകണമെന്നും പോളിങ് ഉദ്യോഗസ്ഥർ പരാതിക്കാരിയെ അറിയിച്ചു. അത്തരം നൂലാമാലകൾക്കില്ലെന്നു പറഞ്ഞു പരാതിക്കാരി മടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com