ADVERTISEMENT

തിരുവനന്തപുരം ∙ നാടും വീടും വിട്ടു തലസ്ഥാനത്തെ പൊരിവെയിലിൽ അവർ സമരം ചെയ്തത് 61 ദിവസങ്ങൾ! ഒടുവിൽ‌ ഒന്നും നേടാതെ ഹൃദയവേദനയോടെ ഇന്നലെ രാത്രി 12ന് അവർ‌ സെക്രട്ടേറിയറ്റിനു മുന്നിൽ നിന്നു മടങ്ങി. പലരും പൊട്ടിക്കരഞ്ഞു. സർക്കാരിന്റെ അനങ്ങാപ്പാറ നിലപാടിൽ ചിലർ രോഷാകുലരായി. കാലാവധി നീട്ടിത്തരാമെന്നു വാക്കു നൽ‌കിയ അധികൃതരും പാർട്ടി നേതാക്കളും ഇന്നലെ കൈമലർത്തിയതോടെ വർഷങ്ങൾ പ്രയത്നിച്ചു കയറിപ്പറ്റിയ 530/2019 എന്ന സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റും 9,464 പേരുടെ പ്രതീക്ഷകളും അസ്തമിച്ചു.

ഇന്നലെ ഉച്ചയ്ക്കു പെയ്ത കൊടുംമഴയിൽ നനഞ്ഞും റോഡ് ഉപരോധിച്ചുമായിരുന്നു നൂറോളം പേരുടെ അവസാന പ്രതിഷേധം. ഇന്നു വാർത്താ സമ്മേളനം വിളിച്ചു ഭാവി പരിപാടികൾ പ്രഖ്യാപിക്കുമെന്ന് സിപിഒ റാങ്ക് ഹോൾ‌ഡേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. റാങ്ക് കാലാവധി അവസാനിക്കുന്ന ഇന്നലെ രാത്രി 12 വരെ പൊലീസ് ആസ്ഥാനത്തു നിന്നു കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗാർഥികൾ. എന്നാൽ‌, ഇപ്പോൾ‌ തന്നെ ആവശ്യത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു അവിടെ നിന്നുള്ള മറുപടി.

ഒരു വർഷം മാത്രം കാലാവധിയുള്ള പട്ടികയിൽ നിന്ന് 32% പേർക്കു മാത്രമാണു നിയമനം കിട്ടിയത്. നേരത്തേ ഒഎംആർ, കായികക്ഷമത പരീക്ഷകളുടെ അടിസ്ഥാനത്തിലാണു റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിരുന്നത്. ഇത്തവണ പ്രിലിമിനറി, മെയിൻ പരീക്ഷകളും കായികക്ഷമത ടെസ്റ്റും നടത്തി. ലിസ്റ്റിൽ ഉൾപ്പെടുന്ന പരമാവധി പേർക്ക് നിയമനം നൽകാനാണ് പരീക്ഷ പരിഷ്കരിച്ചതെന്നായിരുന്നു അന്നു പറഞ്ഞത്. സർക്കാരിന്റെ വാഗ്ദാനം വിശ്വസിച്ചതിലൂടെ 5 വർഷം നഷ്ടമായെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. 

കരളലിയിക്കുന്ന സമരമുറകൾ 
മെഴുകുതിരി കത്തിക്കൽ, വായ്മൂടി കെട്ടി സമരം, റോഡ് ഉപരോധം, ശയനപ്രദക്ഷിണം, കല്ലുപ്പിൽ മുട്ടുകുത്തി നിൽക്കൽ, ശവമഞ്ചം ചുമക്കൽ, കുരിശു ചുമക്കൽ, പുഷ്അപ്, ഒറ്റക്കാലിൽ നിൽക്കൽ, ഐസ് വെള്ളത്തിൽ‌ കിടക്കൽ, പ്രതീകാത്മക ശവസംസ്കാരം, പുല്ലു തിന്നൽ, മണ്ണു തിന്നൽ, ആറ്റുകാൽ പൊങ്കാല ദിവസം 51 കലത്തിൽ പ്രതിഷേധ പൊങ്കാല തുടങ്ങിയവ നടത്തി. 61 ദിവസത്തെ സമരത്തിനിടെ 2 രക്ഷിതാക്കളും 14 ഉദ്യോഗാർഥികളും കുഴഞ്ഞുവീണ് ആശുപത്രിയിലായി.  പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ഒരു ഉദ്യോഗാർഥിയുടെ നടുവിന് ഗുരുതരമായി പരുക്കേറ്റു. സൂര്യാതപമേറ്റ് 2 പേർക്കു പരുക്ക്. സമരവുമായി ബന്ധപ്പെട്ട് 2 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. കണ്ടാലറിയാവുന്ന മുന്നൂറോളം പേരെ പ്രതിയാക്കി.

വിജ്ഞാപനം വന്നത്: 2019 ഡിസംബർ 31   
∙ 7 ബറ്റാലിയനുകളിലായി പട്ടികയിൽ 13,975 പേർ 
∙ നിയമനം ലഭിച്ചവർ 4511
∙ പുറത്താകുന്നത് 9,464 പേർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com