ADVERTISEMENT

തൃശൂർ ∙ തെരുവുനായ് നിയന്ത്രണത്തിന് വെറ്ററിനറി ഡോക്ടർമാർ തന്നെ മുന്നിട്ടിറങ്ങുന്ന പദ്ധതിക്ക് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ (ഐവി എ) രൂപം നൽകുന്നു. തെരുവുനായ് വംശ വർധനയും പേവിഷബാധ വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ എൻജിഒ എന്ന നിലയിലാണ് സംഘടന രൂപീകരിക്കുന്നത്. ഇപ്പോൾ പല തലങ്ങളിലായി നടപ്പാക്കുന്നുണ്ടെങ്കിലും സജീവമല്ലാത്ത അനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതി ഏറ്റെടുത്തു നടത്താനാണ് ഐ വി എ കേരള ഘടകത്തിന്റെ തീരുമാനം. 

 

സംസ്ഥാന കമ്മിറ്റി രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിൽ മൃഗസംരക്ഷണ വകുപ്പ് , ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. പൈലറ്റ് പ്രോജക്ട് എന്ന രീതിയിൽ രണ്ടോ മൂന്നോ ജില്ലകളിൽ ഈ വർഷം തന്നെ തുടക്കം കുറിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സ്ഥിരം തലവേദനയാണ് തെരുവുനായ് ശല്യമെന്നതിനാൽ പുതിയ സംരംഭത്തിന് ഇവരുടെ ശക്തമായ പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അസോസിയേഷൻ. 

 

5 വർഷം, ഒരു ലക്ഷം 

കഴിഞ്ഞ 5 വർഷം കൊണ്ട് സംസ്ഥാന വ്യാപകമായി ഏകദേശം ഒരു ലക്ഷം തെരുവുനായ്ക്കളെയാണ് വന്ധ്യംകരിച്ചതെന്ന് ഐ വി എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി കെ പി മോഹൻകുമാർ പറഞ്ഞു. കുടുംബശ്രീ അടക്കമുള്ളവരുടെ പങ്കാളിത്തത്തോടെ വന്ധ്യംകരണം നടത്തിയതിന്റെ കണക്കാണിത്. ഇതിന്റെ എണ്ണം വർധിപ്പിക്കുകയെന്നതാണ് പുതിയ സംഘടനയുടെ ലക്ഷ്യം. നായ്ക്കളെ പിടിക്കുന്നവർക്ക് ഡോക്ടർമാർ തന്നെ പരിശീലനം നൽകും. വീടുകളിൽ വളർത്തുന്ന നായ്ക്കൾക്കും വന്ധ്യംകരണം നടത്തിക്കൊടുക്കും. പാമ്പുപിടിത്തക്കാർക്ക് പരിശീലനം നൽകി സംസ്ഥാന സർക്കാർ സർട്ടിഫിക്കറ്റ് നൽകുന്നതു പോലെ നായ് പിടിത്തക്കാർക്ക് പരിശീലനത്തിന് പ്രത്യേക സംവിധാനമില്ല. എന്നാൽ ഊട്ടിയിൽ ഇതിനായി പരിശീലന സ്ഥാപനമുണ്ട്. അവിടെ നിന്ന് കോഴ്സ് പാസായവരുടെ സേവനം തൃശൂരിൽ പ്രയോജനപ്പെടുത്തിയിരുന്നു. തൃശൂർ ജില്ലയിൽ കഴിഞ്ഞ 5 വർഷം കൊണ്ട് ഏകദേശം 15,000 നായ്ക്കളെയാണ് വന്ധ്യംകരണം ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com