ADVERTISEMENT

തൃശൂർ ∙ നാടുപൊള്ളിക്കുന്ന വേനൽ സൂര്യൻ ഇന്ന് അസ്തമിക്കുമ്പോൾ മനം കുളിർപ്പിക്കുന്ന ബഹുവർണ സൂര്യകാന്തിപ്പൂക്കൾ വാനിലുദിക്കും. ഒന്നല്ല, അനേകം സൂര്യകാന്തിപ്പൂക്കൾ! ഒപ്പം കാതിൽ ഇരമ്പി നിൽക്കുന്ന ശബ്ദാഘോഷവും മണ്ണിൽ ഉയരും. തൃശൂർ പൂരത്തിനു മുന്നോടിയായുള്ള സാംപിൾ വെടിക്കെട്ട് ഇന്നു രാത്രി. കണ്ണും കാതും അമ്പരപ്പിക്കുന്ന പൂരം വെടിക്കെട്ടു 20ന് പുലർച്ചെയാണ്. സാംപിളും പൂരം വെടിക്കെട്ടും കേമമാക്കാനുള്ള ഒരുക്കത്തിലാണു തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങൾ.

ഇന്നു രാത്രി ആദ്യം പാറമേക്കാവും തുടർന്നു തിരുവമ്പാടിയും സാംപിളിനു തിരി കൊളുത്തും. ഇരു വിഭാഗങ്ങളുടെയും ആകാശപ്പൂരത്തിനുള്ള ഒരുക്കം വടക്കുന്നാഥ ക്ഷേത്ര മൈതാനത്തു തുടരുകയാണ്. മുഴുവൻ വെടിക്കോപ്പുകളും ഇന്നു പകൽ മൈതാനത്തെ വെടിക്കെട്ടു ശാലകളിൽ (മാഗസിനുകൾ) എത്തിക്കും. ശേഷം അവസാനഘട്ട സുരക്ഷാ പരിശോധന നടക്കും. തുടർന്നു രാത്രി 7ന് ആരംഭിക്കുന്ന സാംപിൾ വെടിക്കെട്ട് 9ന് അവസാനിക്കും. കിലോക്കണക്കിനു കരിമരുന്നുപയോഗിച്ചുള്ള സാമഗ്രികളാണു പൊട്ടിക്കുക. 

ഓലപ്പടക്കം, ഗുണ്ട്, അമിട്ട്, കുഴിമിന്നൽ, നിലയമിട്ടുകൾ, ബഹുവർണ അമിട്ടുകൾ തുടങ്ങിയവയാണു പ്രധാനം. ഇത്തവണ തിരുവമ്പാടിക്കും പാറമേക്കാവിനും ഒരേ വെടിക്കെട്ടു കരാറുകാരനാണ്–മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീശ്. പൂരത്തിന്റെ ചരിത്രത്തിലാദ്യമാണ് ഇരു വിഭാഗങ്ങൾക്കും ഒരേ ചുമതലക്കാരൻ. സ്വരാജ് റൗണ്ടിൽ നിന്നു സാംപിൾ വെടിക്കെട്ടു കാണുന്നതിനു പൊതുജനങ്ങൾക്കു നിയന്ത്രണമുണ്ട്. റൗണ്ടിൽ പൊലീസ് അനുവദിക്കുന്ന സ്ഥലങ്ങളിൽ നിന്നു വെടിക്കെട്ടു കാണാം. സുരക്ഷയുടെ ഭാഗമായി വടക്കുന്നാഥ മൈതാനത്തിന്റെ ഇന്നർ ഫുട്പാത്ത് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് അടച്ചു.

മാനത്ത് ‘ഡാൻസിങ് അംബ്രല്ല’
വൈവിധ്യമാർന്ന അമിട്ടുകളാണ് ഇത്തവണയും മാനത്തു വിരിയുക. ചെറു കുടകൾ വിരിയുന്ന സാധാരണ അമിട്ടുകൾ കൂടാതെ ‘ഡാൻസിങ് അംബ്രല്ല’ എന്ന സ്പെഷൽ അമിട്ടും ഇത്തവണയുണ്ട്. ഇതോടൊപ്പം ആകാശത്ത് ഹൃദയാകൃതിയിൽ (ലവ്) വിരിയുന്ന ‘പ്രേമലു’, പൊട്ടി വിരിഞ്ഞ ശേഷം താഴേക്ക് ഉൗർന്നിറങ്ങുന്ന ‘ഗുണ കേവ്’ എന്നീ സ്പെഷൽ അമിട്ടുകളുമുണ്ട്. ഇന്ത്യയുടെ ‘ഗഗൻയാൻ’ ബഹിരാകാശ ഗവേഷണ ദൗത്യത്തിന്റെ പേരിലും അമിട്ടുകളുണ്ട്.

സ്വരാജ് റൗണ്ടിൽ ഇന്നു ഗതാഗത നിയന്ത്രണം
തൃശൂർ ∙ പൂരം സാംപിൾ വെടിക്കെട്ടിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4 മുതൽ വെടിക്കെട്ടു കഴിയുന്നതുവരെ സ്വരാജ് റൗണ്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇന്നു രാവിലെ മുതൽ റൗണ്ടിൽ പാർക്കിങ് അനുവദിക്കില്ല. നഗരത്തിലെ മറ്റു പ്രധാന റോഡുകളിലും മറ്റു വാഹനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം പാർക്കിങ് അനുവദിക്കില്ല. മറ്റു ക്രമീകരണങ്ങൾ ഇങ്ങനെ:

∙ പാലക്കാട്, പീച്ചി, മാന്ദാമംഗലം, പുത്തൂർ, വലക്കാവ് മേഖലകളിൽ നിന്നുള്ള ബസുകൾ ഫാത്തിമ നഗർ ജംക്‌ഷൻ, ഇക്കണ്ടവാരിയർ ജംക്‌ഷൻ വഴി ശക്തനിലെത്തി മടങ്ങണം. 

∙ മണ്ണുത്തി, നെല്ലങ്കര, മുക്കാട്ടുകര, ചേറൂർ, പള്ളിമൂല, കുണ്ടുകാട് ഭാഗത്തു നിന്നുള്ള ബസുകൾ ചെമ്പൂക്കാവ്, ഇൻഡോർ സ്റ്റേഡിയം ജംക്‌ഷൻ വഴി വടക്കേ സ്റ്റാൻഡിലെത്തി അശ്വനി ജംക്‌ഷൻ വഴി മടങ്ങണം.

∙  ചേലക്കര, വടക്കാഞ്ചേരി, പഴയന്നൂർ, തിരുവില്വാമല, ഒറ്റപ്പാലം, അത്താണി, കൊട്ടേക്കാട് ഭാഗത്തു നിന്നുള്ള ബസുകൾ പതിവു പോലെ സർവീസ് നടത്തണം. 

∙ വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി മേഖലയിൽ നിന്നുള്ള ബസുകൾ പടിഞ്ഞാറേക്കോട്ട, പൂത്തോൾ വഴി ശക്തനിലെത്തി വഞ്ചിക്കുളം വഴി മടങ്ങണം. 

∙ കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ചേർപ്പ്, തൃപ്രയാർ മേഖലകളിൽ നിന്നുള്ള ബസുകൾ ബാല്യ ജംക്‌ഷൻ വഴി ശക്തനിലെത്തി മടങ്ങണം. 

∙ ഒല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ മുണ്ടുപാലം വഴി ശക്തനിലെത്തി മടങ്ങണം. 

∙ കുന്നംകുളം, ഗുരുവായൂർ വഴി വരുന്ന ബസുകൾ പാട്ടുരായ്ക്കൽ, അശ്വനി, ചെമ്പൂക്കാവ്, കിഴക്കേക്കോട്ട, ഇക്കണ്ടവാരിയർ റോഡ് വഴി ശക്തനിലെത്തി മടങ്ങണം. 

∙ പുതുക്കാട് വഴിയെത്തുന്ന കെഎസ്ആർടിസി ബസുകൾ ശക്തൻ സ്റ്റാൻഡിലെ താൽക്കാലിക കെഎസ്ആർടിസി സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ചു മടങ്ങണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com