ADVERTISEMENT

ബത്തേരി ∙ വലിയ സ്ക്രീനുകളിൽ സിനിമ കാണാൻ ഇന്നു മുതൽ വീണ്ടും തിയറ്ററുകളിലെത്താം. പത്തു മാസത്തെ ഇടവേളക്ക് ശേഷമാണ് സനിമാശാലകളിൽ വീണ്ടും ആളനക്കമുണ്ടാകാൻ പോകുന്നത്. ജില്ലയിലെ 18 തിയറ്ററുകളിൽ 14 ഉം ഇന്നു തുറക്കും. തമിഴ് സൂപ്പർതാരം വിജയിന്റെ ‘മാസ്റ്റർ’ ആണ്  ഇന്നത്തെ ഏക റിലീസ് ചിത്രം. അതുകൊണ്ടു തന്നെ ഏതാണ്ടെല്ലായിടത്തും ഇന്ന് ഈ സിനിമയാകും പ്രദർശിപ്പിക്കുക. സർക്കാർ വിവിധ ഇളവുകൾ പ്രഖ്യാപിച്ചതിന്റെ ആശ്വാസത്തോടെയാണ് തിയറ്റർ അധികൃതർ സിനിമ പ്രദർശിപ്പിക്കാനൊരുങ്ങുന്നത്.

തിയറ്ററുകൾ വൃത്തിയാക്കുന്നതിന്റെയും പോസ്റ്ററുകൾ ഒട്ടിക്കുന്നതിന്റെയും തിരക്കിലായിരുന്നു ഇന്നലെ മിക്കവരും. ജില്ലയിൽ ബത്തേരിയിലാണ് കൂടുതൽ തിയറ്ററുകളുള്ളത്. ഏഴെണ്ണം. ഇതിൽ അഞ്ചെണ്ണവും മൾട്ട്പ്ലെക്സ് സ്ക്രീനുകളാണ്. പുൽപള്ളിയിൽ‍ 5ഉം മാനന്തവാടിയിൽ 4ഉം കൽപറ്റയിൽ 2ഉം തിയറ്ററുകളാണുള്ളത്. പുൽപള്ളിയിൽ ഇന്ന് ഒരു മൾട്ടിപ്ലെക്സ് സ്ക്രീനിന്റെ ഉദ്ഘാടനം കൂടിയാണ്. ജില്ലയിൽ ആകെ നാലു തിയേറ്ററുകൾ ഇന്നു തുറന്നേക്കില്ല. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഒരു തിയറ്ററിൽ മൂന്നു പ്രദർശനങ്ങളാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. വിവിധ ആപ്പുകൾ വഴിയുള്ള ഓൺലൈൻ ബുക്കിങ് കഴി‍ഞ്ഞ ദിവസം തന്നെ തുടങ്ങി. മിക്കയിടത്തും ആദ്യ ദിവസത്തെ പല ഷോകളും ഫുള്ളായതാണ് വിവരം. 

ആദ്യഷോയുടെ ടിക്കറ്റുകൾ ഒരു ദിവസം മുൻപേ തീർന്നെന്ന് മിന്റ് സിനിമാസ് അധികൃതർ പറഞ്ഞു. രാവിലെ 9നും രാത്രി 9 നും ഇടയിൽ മാത്രമേ പ്രദർശനം പാടുള്ളു. ഒരേ കോംപ്ലക്സിലുള്ള തിയറ്ററുകളിൽ ഒരേ സമയം പ്രദർശനം തുടങ്ങാൻ‍ പാടില്ലെന്നും നിർദേശമുണ്ട്. സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ടിക്കറ്റുകളാണ് നൽകുക. ഒന്നിടവിട്ട സീറ്റുകളിൽ ഇരുന്ന് സിനിമ കാണുന്നതിന് വേണ്ടിയാണിത്. മാർച്ച് വരെ വിനോദ നികുതി ഒഴിവാക്കാനും അടഞ്ഞു കിടന്ന 10 മാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ് പകുതിയാക്കാനും സർക്കാർ തീരുമാനിച്ചത് ആശ്വാസമാണെന്ന് ഐശ്വര്യ – അതുല്യ തിയറ്റർ കോംപ്ലക്സ് പാർട്ണർ ഐസൺ ജോസ് പറഞ്ഞു. സിനിമ കാണാനെത്തുന്നവർക്കായി സാനിറ്റൈസർ, തെർമൽ സ്കാനർ തുടങ്ങി കോവിഡ് അനുബന്ധ സൗകര്യങ്ങളെല്ലാം ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com