ADVERTISEMENT

ബത്തേരി ∙ തലമുറ 5 പിന്നിടുമ്പോൾ നൂറിലധികം വർഷം ജീവിച്ച മണ്ണിൽ ജീവിതം വഴി മുട്ടി ജില്ലയിലെ രണ്ടായിരത്തോളം ലീസ് കർഷക കുടുംബങ്ങൾ. കൈവശമുള്ള ഭൂമിക്ക് ഇതുവരെ പട്ടയം കിട്ടാത്തതിനാൽ ആനുകൂല്യങ്ങളെല്ലാം തടയപ്പെടുകയാണ് ഇവർക്ക്.  പലതും നിഷേധിച്ചപ്പോഴും കിട്ടിക്കൊണ്ടിരുന്ന കൃഷിനാശ നഷ്ടപരിഹാരങ്ങളും ഇൻഷുറൻസ് ആനുകൂല്യങ്ങളും കൃഷി വകുപ്പ് സഹായങ്ങളും പ്രധാനമന്ത്രിയുടെ സഹായങ്ങളുമെല്ലാം 2019 മുതൽ പൂർണമായി നിലച്ചു.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും വിഷയത്തിലിടപെടാതായതോടെയാണ് വോട്ട് ബഹിഷ്കരണമെന്ന പ്രതിഷേധത്തിലേക്ക് കർഷകരെത്തിയത്. ലീസ് കർഷക സമര സമിതിയുടെ നേതൃത്വത്തിലായിരുന്നു വോട്ടു ബഹിഷ്കരണ പ്രഖ്യാപനം. തങ്ങളുടെ തിരിച്ചറിയിൽ കാർഡുകളെല്ലാം 19നു കലക്ടർക്ക് തിരികെ കൈമാറുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ വിവിധ പാർട്ടികളും പാർട്ടി നേതാക്കളും ചർച്ചയ്ക്കെത്തിയതോടെ വോട്ടു ബഹിഷ്കരണ തീരുമാനം തൽക്കാലത്തേക്ക് പിൻവലിച്ചിരിക്കുകയാണ് അവർ.

ഭക്ഷ്യ ക്ഷാമത്തെ നേരിടാൻ 1910 മുതൽ കർഷകർക്ക് സർക്കാർ പാട്ടത്തിന് നൽകിയ ഭൂമികളിലാണു പട്ടയപ്രശ്നം നിലനിൽക്കുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്താണു വയലും കരയുമടങ്ങിയ കൂടുതൽ ഭൂമി നൽകിയത്. വർഷം 114 കഴിയുമ്പോഴും ഭൂമിക്ക് രേഖയില്ലാത്ത വിഷമ സന്ധിയിലാണു കർഷകർ. 2014 വരെ വനംവകുപ്പ് ഭൂമിക്ക് പാട്ടത്തുക ഈടാക്കിയിരുന്നു. പിന്നീട് നിർത്തി. 99 വർഷത്തെ പാട്ടക്കാലാവധി കഴിഞ്ഞെന്നതായിരുന്നു കാരണം. 2017 വരെ വന്യജീവി പ്രശ്നം നിമിത്തമുണ്ടാകുന്ന കൃഷി നാശത്തിനു നഷ്ടപരിഹാരം ലഭിച്ചിരുന്നു. 2018 മുതൽ അതില്ലാതായി. പിന്നാലെ മറ്റു സർക്കാർ ആനുകൂല്യങ്ങളെല്ലാം നിലച്ചു. വീടു നിർമിച്ചവർക്കെതിരെയെല്ലാം കേസായി. 

ബത്തേരി താലൂക്കിലെ നൂൽപുഴ പഞ്ചായത്തിലാണ് ലീസ് കർഷകരിൽ 90 ശതമാനവും. ജനറൽ വിഭാഗത്തിനൊപ്പം പകുതിയിലധികവും ഗോത്ര ജനതയാണ്. ബത്തേരി നഗരസഭ, നെൻമേനി, കാട്ടിക്കുളം പഞ്ചായത്തുകൾ എന്നിവിടങ്ങളിലും ലീസ് കർഷകരുണ്ട്. 1000 ഏക്കറോളം ഭൂമി ഇത്തരത്തിലുണ്ട്. 2 ഏക്കർ മുതൽ ഭൂമി കൈവശമുള്ളവരാണു മിക്ക ലീസ് കർഷകരും. വനനിയമങ്ങളിൽ ഭേദഗതി വന്ന പശ്ചാത്തലത്തിൽ പട്ടം വേണമെന്ന ആവശ്യവുമായി സമരസമിതി മുഖ്യമന്ത്രിയെ കണ്ടിരുന്നു.  വില്ലേജ് അധികൃതർ കെട്ടിട നികുതി സ്വീകരിക്കാൻ തുടങ്ങിയത് മാത്രമാണ് ഇപ്പോഴുണ്ടായ മാറ്റം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ വോട്ടു ബഹിഷ്കരണം കർഷകർ പ്രഖ്യാപിച്ചിരുന്നു. 

വോട്ട് ബഹിഷ്കരണം തൽക്കാലംപിൻവലിക്കുന്നു: സമരസമിതി
ബത്തേരി ∙ വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളുമായി നടത്തിയ ചർച്ചകളിൽ ലഭിച്ച ഉറപ്പിൻമേൽ വോട്ട് ബഹിഷ്കരണം തൽക്കാലത്തേക്ക് പിൻവലിക്കുകയാണെന്ന് ലീസ് കർഷക സമരസമിതി ഭാരവാഹികളുടെ യോഗം അറിയിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കോൺഗ്രസ് നേതാക്കളായ ഡി.പി. രാജശേഖരൻ, ബെന്നി കൈനിക്കൽ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, അസിസ്റ്റന്റ് സെക്രട്ടറി പി.എം. ജോയി, അജു വർഗീസ്, സി.പി. ബേബി, ബിജെപി ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം പി.സി. ഗോപിനാഥ്, എ.എം. ഉദയകുമാർ, കെ.ജി. സതീശൻ എന്നിവർ സമരസമിതി നേതാക്കളുമായി പല ഘട്ടങ്ങളിൽ ചർച്ചക്കെത്തുകയും ഒപ്പം നിൽക്കാമെന്ന് ഉറപ്പു തരികയും ചെയ്തിട്ടുണ്ട്. ഈ ഉറപ്പിലാണ് വോട്ടു ബഹിഷ്കരണം പിൻവലിക്കുന്നതെന്നും യോഗം അറിയിച്ചു. സമര സമിതി ചെയർമാൻ കെ.കെ. രാജൻ, ജന. കൺവീനർ പി.ആർ. രവീന്ദ്രൻ, സത്യൻ കോളൂർ, സി.എം. ബാലകൃഷ്ണൻ, അറുപത്തേഴിൽ നാരായണൻകുട്ടി, അറുപത്തേഴിൽ മുരളി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com