ADVERTISEMENT

കൽപറ്റ ∙ യുഡിഎഫിനു രാഷ്ട്രീയ മറുപടിയായി ആനി രാജയുടെ റോഡ് ഷോ. നഗരത്തെ അക്ഷരാർഥത്തിൽ ചെങ്കടലാക്കിയ എൽഡിഎഫ് സ്ഥാനാർഥി ആനി രാജയുടെ റോഡ് ഷോയിൽ ആയിരങ്ങളാണ് അണിനിരന്നത്. ജനമഹാസാഗരം എന്നു പേരിട്ട എൽഡിഎഫ് റാലിക്കു കൊഴുപ്പേകാൻ വാദ്യഘോഷങ്ങളുടെ അകമ്പടിയുണ്ടായി. കാത്തുനിന്നവർ വഴിനീളെ അഭിവാദ്യമേകി. വയനാട് ജില്ലയിൽനിന്നുള്ള പ്രവർത്തകർ മാത്രമാണ് റാലിയിൽ പങ്കെടുത്തത്. സ്ത്രീകളുടെ വൻ പങ്കാളിത്തവും റോഡ് ഷോയെ ശ്രദ്ധേയമാക്കി. ആവേശം നിറച്ച മുദ്രാവാക്യം വിളികളോടെ ഓരോ പോയിന്റും കടന്ന് റാലി നീങ്ങി. കൽപറ്റ എസ്കെഎംജെ സ്കൂൾ മൈതാനത്തുനിന്ന് ആരംഭിച്ച റോഡ് ഷോ 2 മണിക്കൂറെടുത്താണു പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ സമ്മേളന വേദിയിലെത്തിയത്. 

കൽപറ്റ കണ്ട ഏറ്റവും വലിയ ജനസഞ്ചയങ്ങളിലൊന്നിന്റെ മുൻനിരയിൽത്തന്നെ സ്ഥാനാർഥിയുടെ ചിഹ്നമായ അരിവാൾ നെൽക്കതിർ ആലേഖനം ചെയ്ത കൊടിയുടെ അത്രയും പ്രാധാന്യത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ എല്ലാ ഘടകകക്ഷികളുടെയും കൊടികളും ഉയർന്നു.  ചുവന്ന നിറത്തിൽ അലങ്കരിച്ച ജീപ്പിൽ സ്ഥാനാർഥി ആനി രാജയ്ക്കൊപ്പം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ എന്നിവരും ഉണ്ടായിരുന്നു. വിവിധ പാർട്ടി നേതാക്കളായ ഒ.ആര്‍. കേളു എംഎല്‍എ, വി.വി. ബേബി, കെ.ജെ. ദേവസ്യ, സി.എം. ശിവരാമന്‍, സണ്ണി മാത്യു, കെ.കെ. ഹംസ, പി.കെ, മൂര്‍ത്തി, എ.എന്‍. പ്രഭാകരന്‍, കെ. റഫീഖ്, ഇ.ജെ. ബാബു, വി.പി.വര്‍ക്കി, എന്‍.ഒ. ദേവസ്യ, പി.എം. ജോയ്, കെ.പി. ശശികുമാര്‍, എം.ടി. ഇബ്രാഹിം, കെ.കെ.തോമസ്, ടി. സുഗതന്‍ എന്നിവരും മുന്‍നിരയില്‍ അണിനിരന്നു.

വയനാടിനു വേണ്ടതു ഫുൾ ടൈം എംപി: വൃന്ദ കാരാട്ട്
കൽപറ്റ ∙ വയനാടിനു വേണ്ടതു പാർട് ടൈം എംപിയല്ല, ഫുൾ ടൈം എംപിയെയാണെന്നും വയനാടിനു ശേഷം മേയ് 20നു തിരഞ്ഞെടുപ്പ് നടക്കുന്ന അമേഠിയിലും നാമനിർദേശപത്രിക കൊടുക്കുമോയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. അമേഠിയിലും വയനാട്ടിലും മത്സരിക്കാൻ ഒരിക്കൽ രാഹുലിന് അവസരം കിട്ടിയതാണ്. എന്നാൽ, ഇക്കുറി വയനാട്ടുകാരെ വിശ്വാസത്തിലെടുക്കാൻ രാഹുൽ തയാറാകാത്തത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു. ബിജെപിയുടെ അക്കൗണ്ട് കേരളത്തിൽ എൽഡിഎഫാണ് പൂട്ടിച്ചത്. ദേശീയ അടിസ്ഥാനത്തിൽ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഇടതുപക്ഷം ശക്തമായ നേതൃത്വം കൊടുക്കുന്നു. എന്നിട്ടും രാഹുൽ ഗാന്ധി കേരളത്തിൽ വന്നു മത്സരിക്കുന്നത് എന്തിനാണ്? 

കേന്ദ്രഭരണത്തിൽ നിന്നു ബിജെപിയെ താഴെയിറക്കുകയാണു ലക്ഷ്യമെങ്കിൽ ദേശീയ നേതാവ് എന്തിനു കേരളത്തിൽ മത്സരിക്കുന്നുവെന്നു കോൺഗ്രസ് നേതാക്കൾ മറുപടി പറയണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് പ്രകടനപത്രികയിൽ ഒരക്ഷരം പറയുന്നില്ല. തമിഴ്നാട്ടിലും ബിഹാറിലും ഉത്തർപ്രദേശിലുമെല്ലാം ബിജെപിക്കെതിരെ പോരാടുന്നതു കോൺഗ്രസല്ല, പ്രാദേശിക കക്ഷികളാണ്. വയനാട്ടിൽനിന്നുള്ള ആദ്യ വനിതാ എംപിയെ പാർലമെന്റിലേക്കയയ്ക്കാൻ വയനാട് തയാറെടുത്തു കഴിഞ്ഞു. ആനി രാജ ദശാബ്ദങ്ങളായി രാജ്യത്തെമ്പാടും പോരാടുന്ന സ്ത്രീകളുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമാണ്. കഴിഞ്ഞ 5 വർഷമായി ലോക്സഭയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ വേണ്ടത്ര ഉയർന്നിട്ടില്ല. 

എന്നാൽ, ആനി രാജയിലൂടെയും ശൈലജയിലൂടെയും കെ.ജെ. ഷൈനിലൂടെയും ഇക്കുറി എൽഡിഎഫ് അതു സാധ്യമാക്കും- വൃന്ദ കാരാട്ട് പറഞ്ഞു.  ഐഎൻഎൽ ഇടതുമുന്നണിയിലെ ബഹുമാന്യ അംഗമാണെന്നും ചെങ്കൊടിയും പച്ചക്കൊടിയും ഒളിപ്പിക്കാതെ രാഷ്ട്രീയ പോരാട്ടമാണ് എൽഡിഎഫ് നടത്തുന്നതെന്നും ഐഎൻഎലിന്റെ പച്ചക്കൊടി വാങ്ങി വേദിയിൽ വീശിക്കാണിച്ച് വൃന്ദ കാരാട്ട് പറഞ്ഞു. എൽഡിഎഫ് ജില്ലാ കൺവീനർ സി.കെ. ശശീന്ദ്രൻ അധ്യക്ഷനായി. സ്ഥാനാർഥി ആനി രാജ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ടി.വി. ബാലൻ, കാസിം ഇരിക്കൂർ, കെ.കെ. ഹംസ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com