ADVERTISEMENT

പുൽപള്ളി ∙ കബനി തീരത്തെ രൂക്ഷമായ ശുദ്ധജലക്ഷാമം പരിഹരിക്കാൻ കാരാപ്പുഴ അണക്കെട്ടിൽ നിന്നു തുറന്നുവിട്ട വെള്ളം കിലോമീറ്ററുകൾ പിന്നിട്ട് കബനിയിലെ മരക്കടവ് തടയണയിലേക്ക്. ബുധൻ രാവിലെയാണു കാരാപ്പുഴയിലെ കനാൽ വിതരണ ശൃംഖലയിലൂടെ 5 ക്യുമെക്സ് ജലം വീതം കബനിയിലേക്കു തുറന്നത്. ഈ ജലം ഇന്നലെ കാലത്തുതന്നെ കൂടൽകടവ് തടയണയിലെത്തി. വൈകിട്ട് 6.30ഓടെ തടയണ നിറഞ്ഞു കവിയാൻ തുടങ്ങി.

ഇന്നു രാവിലെയോടെ ജലം മരക്കടവിലെ തടയണയിലെത്തുമെന്നാണു പ്രതീക്ഷ. ഇനിയുള്ള ഭാഗത്ത് പുഴയ്ക്ക് വീതി കൂടുതലാണ്. കയങ്ങളും കൈവഴികളുമേറെയുണ്ട്. പാൽവെളിച്ചം മുതൽ താഴേക്കു വരണ്ട സ്ഥലമാണ്. കുറുവദ്വീപ് ഭാഗത്ത് പുഴ കൈവഴികളായി തിരിയുന്നു. ഇതിലൂടെയെല്ലാം ജലം ഒഴുകിയെത്തണം. മരക്കടവിൽ നിർമിച്ച തടയണയിൽ വെള്ളമെത്താൻ താമസം നേരിടുമെന്നും അവിടെ ജലനിരപ്പ് ഉയർന്ന ശേഷമേ പമ്പിങ് നടത്താനാകൂവെന്നും ഉദ്യോഗസ്ഥർ പറയുന്നു. കബനിയിൽ 2.5 കിലോമീറ്റർ ഇടവിട്ടു പുഴയിൽ ജലവിതാനം അടയാളപ്പെടുത്താനും നിരീക്ഷിക്കാനും അടയാളമിട്ടു. കൂടൽ കടവ് തടയണയിൽ ജലനിരപ്പ് ക്രമീകരിച്ചാകും താഴേക്ക് ഒഴുക്കുക.

ജില്ലയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് ജലമെത്തിക്കുന്ന ശ്രമകരമായ ദൗത്യമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തുന്നത്. ആദ്യത്തെ പരീക്ഷണമായതിനാൽ മുൻധാരണകളുമില്ല. ഒരു തുള്ളി പോലും പാഴാകാതെ കുടിവെള്ളത്തിന് എത്തിക്കുകയെന്നതാണു ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതു സ്ഥിരം സംവിധാനമല്ലെന്നും പ്രതിസന്ധി തരണം ചെയ്യാനുള്ള ഒരു താൽക്കാലിക സംവിധാനമാണെന്നും അധികൃതർ വ്യക്തമാക്കി. കാരാപ്പുഴയിൽ നിന്നു കൂടിയ അളവിൽ വെള്ളമെടുക്കാനാകില്ല. ബാണാസുര അണക്കെട്ടിൽ നിന്നു വെള്ളമൊഴുക്കണമെന്ന ആവശ്യം കെഎസ്ഇബി തള്ളിയതായി അറിയുന്നു.

ശുദ്ധജലം പോലെ തന്നെ പ്രധാന ആവശ്യമായ വൈദ്യുതി ഉൽപാദനത്തിനാണ് ഇവിടെ കൂടുതൽ പരിഗണനയെന്നാണ് കെഎസ്ഇബി നിലപാട്. മരക്കടവ് അണയിലെത്തുന്ന വെള്ളം പമ്പുചെയ്ത് കബനിഗിരിയിലെ ശുദ്ധീകരണ ശാലയിൽ ശുദ്ധീകരിച്ച ശേഷം പാടിച്ചിറയിലെയും പുൽപള്ളിയിലെയും സംഭരണിയിലെത്തിച്ച ശേഷമാണു വിതരണം. പമ്പിങ്ങിനാവശ്യമായ ജലം ഉറപ്പായാൽ തന്നെ വീടുകളിൽ വെള്ളമെത്താൻ ഏതാനും ദിവസങ്ങൾ വേണ്ടിവരും.

വെള്ളം ഇന്ന് കബനി നദിയിൽ
അമ്പലവയൽ ∙ കാരാപ്പുഴ ഡാമിലെ വെള്ളം ഇന്ന് കബനി നദിയിലെത്തും. ഇന്നലെ വൈകിട്ടോടെ വെള്ളം കൂടൽക്കടവ് പിന്നിട്ടു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് കബനി നദിയിലേക്ക് ഡാമിൽ നിന്നു വെള്ളം തുറന്നു വിട്ടത്. കബനി നദിയിലെ തടയണയിൽ വെള്ളം എത്തിച്ച് പുൽപള്ളി, മുള്ളൻകെ‍ാല്ലി പ്രദേശത്തെ ശുദ്ധജലക്ഷാമവും വരൾച്ചയും രൂക്ഷമായ പ്രദേശങ്ങളിലെ ആവശ്യത്തിനായി ഉപയോഗിക്കുകയാണ് ലക്ഷ്യം. ഇന്നു വൈകിട്ടോടെ കബനി നദിയിൽ വെള്ളം എത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com